ADVERTISEMENT

തിരുവനന്തപുരം∙ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റും കോവിഡ് വ്യാപന പ്രതിസന്ധിയിൽ. മന്ത്രി വി.ശിവൻകുട്ടിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഉദ്യോഗസ്ഥരും കോവിഡ് പിടിയിലായി. 

സെൻട്രൽ ലൈബ്രറിയിലെ 12 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലൈബ്രറി ജനുവരി 23 വരെ അടച്ചു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം തന്നെ താളം തെറ്റുന്ന രീതിയിലാണ് വ്യാപനം. കോവിഡ് ക്ലസ്റ്റർ രൂപപ്പെടുന്ന സാഹചര്യമാണിവിടെയും. വിവിധ വകുപ്പുകളുടെ ആസ്ഥാനങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ ഒട്ടേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസ് സേനയിലും കോവിഡ് പടരുന്നു. തിരുവനന്തപുരത്ത് മാത്രം 8 സിഐമാർ ഉൾപ്പെടെ നൂറോളം പൊലീസുകാർക്കാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ കോവിഡ് ബാധിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ആറ് ജീവനക്കാരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കോവിഡ് പിടിയിലായത്. ആറ് ജീവനക്കാർക്ക് കോവിഡ് ആയതിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ആഴ്ച തന്നെ അടച്ചിരുന്നു. ഇവിടെ നാലു പേർ കൂടി രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്. ദേവസ്വം മന്ത്രിയുൾപ്പെടെയുള്ളവരുടെ ഓഫിസുകളിലും പല ജീവനക്കാർക്കും കോവിഡാണ്.

ഇന്നലെ രാവിലെയാണ് വി.ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഓഫിസിലെ ഒരു അസി. പ്രൈവറ്റ് സെക്രട്ടറിക്കും ഏതാനും ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിക്കും കോവിഡ് പിടിപെട്ടു. ശിവൻകുട്ടി ഇന്നലെയും ഓഫിസിലുണ്ടായിരുന്നു. സ്കൂളുകളുടെ പ്രവർത്തനവും വാക്സിനേഷനും സംബന്ധിച്ച് വകുപ്പിലെ ഉന്നത തല യോഗത്തിൽ പങ്കെടുക്കുകയും അതിനുശേഷം മാധ്യമങ്ങളെ കാണുകയും ചെയ്തു. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തിന് പരിശോധന നടത്തിയത്. 

ഞായറാഴ്ച പാറശാല സമീപിച്ച സിപിഎം ജില്ലാ സമ്മേളനത്തിൽ മൂന്നു ദിവസവും ശിവൻകുട്ടി പ്രിസീഡിയം അംഗമെന്ന നിലയിൽ പങ്കെടുത്തിരുന്നു. സമ്മേളന പ്രതിനിധികളായിരുന്ന ഐ.ബി.സതീഷ് എംഎൽഎ, വട്ടപ്പാറ ബിജു, മറ്റൊരു സംഘാടക സമിതി അംഗം എന്നിവർക്ക് സമ്മേളനത്തിനിടയിൽ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്മേളനം പൂർത്തിയായി ഒരു ദിവസം കഴിഞ്ഞാണു ശിവൻകുട്ടിക്ക് സ്ഥിരീകരിച്ചത്. 

കോവിഡ് ആരംഭിച്ച ശേഷം ഇതുവരെയില്ലാത്ത ഭീഷണിയാണ് സെക്രട്ടേറിയറ്റ് ഉൾപ്പെടെ തലസ്ഥാനത്തെ പ്രധാന സർക്കാർ ഓഫിസുകളെല്ലാം നേരിടുന്നത്. കൂടുതൽ പ്രതിസന്ധി രൂപപ്പെടും മുൻപ് 50% ജീവനക്കാർക്കെങ്കിലും വീണ്ടും വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു. എന്നാൽ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കെ വീണ്ടും ഓഫിസ് പ്രവർത്തനം മന്ദീഭവിച്ചാൽ ധനവിനിയോഗം ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്ന വെല്ലുവിളിയിലാണു സർ‌ക്കാർ.

English Summary: Covid spread at Kerala Secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com