ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. രാജ്യത്തെ കോവിഡ് പരിശോധനകളുടെ  എണ്ണം കുത്തനെ കുറഞ്ഞെന്നും ഇതിനിയും തുടരാൻ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് ടെസ്റ്റിങ് നിരക്ക് ഉയർത്തിയാൽ ഇന്ത്യയിൽ പടിപടിയായി കോവിഡ് കുറയ്ക്കാമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്രം വ്യക്തമാക്കി. 

'നിലവിൽ ഇന്ത്യയിൽ വ്യാപിക്കുന്ന ഒമിക്രോൺ വകഭേദം ആശങ്ക പരത്തുന്നു. എന്നാൽ ഐസിഎംആർ പോർട്ടലിൽ പരിശോധിച്ചാൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് പരിശോധന കുറയുന്നതായി കാണാൻ സാധിക്കും'-  ദേശീയ ആരോഗ്യ മന്ത്രാലയം അഡിഷനൽ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു.   

'പോസിറ്റീവ് കേസുകൾ വേഗം കണ്ടെത്തി മതിയായ ചികിത്സ ഉറപ്പുവരുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. പുതിയ ക്ലസ്റ്ററുകളും ഹോട്ട്സ്പോട്ടുകളും കണ്ടെത്താൻ ഇത് അനിവാര്യമാണ്. വൈറസ് വ്യാപനം ഗുരുതരമാകാതെ തടയാൻ കൃത്യമായ പരിശോധനകൾ നടത്തണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരും റിസ്‌ക് പട്ടികയിൽ ഉൾപ്പെടുന്നവരും നിർബന്ധമായും പരിശോധന നടത്തണം'- ആരതി കൂട്ടിച്ചേർത്തു.

കോവിഡ് ടെസ്റ്റിങ്ങിനു തയാറാക്കിയ നിർദേശങ്ങൾ ലഘൂകരിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് കേന്ദ്രത്തിന്റെ മനംമാറ്റം. കോവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടെങ്കിലും ലക്ഷണങ്ങൾ കാട്ടാത്ത ആളുകൾ പരിശോധന നടത്തേണ്ടതില്ല എന്നതുൾപ്പെടെയുള്ള ഐസിഎംആർ മാർഗനിർദേശങ്ങൾ ഇതോടെ അസാധുവാകും. രാജ്യത്ത് ഇതുവരെ 3.76 കോടി കോവിഡ് കേസുകളും 4.86 ലക്ഷം കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.       

English Summary: Covid Tests Falling, Need To Immediately Ramp Up, Centre Tells States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com