വനം കായിക മേള എന്ന ‘കോവിഡ് കെണി’; പകുതിയിലേറെ പേരും രോഗ ശയ്യയില്‍

3D medical background with abstract virus cells - Covid 19 pandemic
പ്രതീകാത്മക ചിത്രം
SHARE

ഇതുപോലൊരു കെണിയിലേക്ക് വനം വകുപ്പ് മുൻപൊന്നും സ്വയം തല വച്ചു കൊടുത്തു കാണില്ല! ആയിരത്തിലേറെ ജീവനക്കാരെ കൂട്ടി മാമാങ്കമായി വനം കായിക മേള നടത്തി. വിജയികളെ പ്രഖ്യാപിച്ചു. മൂന്നു ദിവസത്തെ ആഘോഷം കഴിഞ്ഞ് തലസ്ഥാനത്തു നിന്ന് തിരികെ അതാത് ഡിവിഷനുകളിൽ എത്തിയ പകുതിയിലേറെ പേർ ഇപ്പോൾ കോവിഡിന്റെ പിടിയിൽ പെട്ടിരിക്കുന്നു. സംഘാടനത്തിനു മുന്നിൽ നിന്ന അസിസ്റ്റന്റ് കൺസർവേറ്റർമാർ ഭൂരിഭാഗവും രോഗ ശയ്യയിലായി. 

വാളയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിയ 53 പേരിൽ 24 പേർക്കും പനി. ഇതിൽ കോവിഡ് പരിശോധന നടത്തിയ 9ൽ ആറു പേരും പോസിറ്റീവ്. ശേഷിച്ചവർ ക്വാറന്റീനിൽ. സതേൺ സർക്കിളിലെ കബഡി ടീമിൽ ആറു പേർക്ക് കോവിഡ്.  തൃശൂരിൽ നിന്ന് കായിക മേളയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേർക്കും കോവിഡ്. വനം ആസ്ഥാനത്തെ ജീവനക്കാരിൽ പകുതിയിലേറെ പേർക്ക് കടുത്ത പനി. വനം മന്ത്രിയുടെ ഓഫിസ് തന്നെ പൂർണമായും അടച്ചിട്ടു. മുന്നും പിന്നും നോക്കാതെ പണപ്പിരിവു മാത്രം ലക്ഷ്യമിട്ട് ഒരു കായിക മേള നടത്തിയതിന്റെ ദൂഷ്യ ഫലം അനുഭവിക്കുകയാണ് വനം വകുപ്പ് ഇപ്പോൾ.

∙ 10 വേദികളിൽ

ഇരുപത്തി ഏഴാമത് സംസ്ഥാന വനം കായിക മേളയാണ് കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് ആഘോഷമായി നടത്തിയത്. 16 ഇനങ്ങളിലെ മത്സരങ്ങൾ. പത്തു വേദികളിലായി 1200 കായിക താരങ്ങൾ മത്സരത്തിനെത്തിയിരുന്നു. വനം വകുപ്പിന്റെ 5 സർക്കിളുകൾക്കു പുറമേ, കെഎഫ്ഡിസി, കെഎഫ്ആർഎ, ഫോറസ്റ്റ് സെക്രട്ടേറിയറ്റ് എന്നീ വിഭാഗങ്ങളായിട്ടാണ് മേള നടത്തിയത്. സെക്രട്ടേറിയറ്റ് ഫോറസ്റ്റ് വിഭാഗം ആദ്യമായിട്ടാണ് കായിക മേളയിൽ പങ്കെടുത്തത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് കായിക മേളയും അനുബന്ധമായുള്ള ഗാനമേളയും സംഘടിപ്പിച്ചതെന്ന് വനം വകുപ്പ് അവകാശപ്പെടുന്നു.

∙ മുന്നറിയിപ്പ് പല വിധം

കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ഈ സാഹസത്തിന് തുനിയരുതെന്നും മേള മാറ്റി വയ്ക്കണമെന്നും വനം വകുപ്പിലെ വിവിധ അസോസിയേഷനുകൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിരുന്നു. വനം മന്ത്രിയുെട ഓഫിസിലേക്ക് വ്യാപകമായ പരാതികളാണ് മേള നടത്തിപ്പിനെ കുറിച്ച് എത്തിയത്. ‘നിർബന്ധമായി പങ്കെടുപ്പിക്കുന്നു’ എന്നുവരെയുള്ള പരാതികൾ വനം മന്ത്രിക്ക് നേരിട്ടു ലഭിച്ചിട്ടുണ്ട്. അതിനു പുറമേയാണ് മേളയുടെ സംഘാടനത്തെ കുറിച്ചും അനുബന്ധമായുള്ള പണപ്പിരിവിനെ കുറിച്ചും ഉള്ള പരാതികൾ. ഒരു കെട്ട് പരാതികൾ അന്വേഷണത്തിനായി നിർദേശിച്ച് താഴോട്ടു കൊടുത്തിട്ടുണ്ടെന്നാണ് വിവരം. പക്ഷേ, കയ്യിട്ടു വാരിയവർ തന്നെ നടത്തുന്ന അന്വേഷണണത്തിന്റെ ഫലത്തെ കുറിച്ച് പ്രത്യേകം ഒന്നും ചോദിക്കേണ്ടതില്ലല്ലോ എന്ന് നിർദേശം കൊടുത്തവർ തന്നെ സൂചിപ്പിക്കുന്നു.

∙ മന്ത്രിയും വിട്ടു നിന്നു. എന്തുകൊണ്ട് ?

വനം മന്ത്രിയുെട ഓഫിസിൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രമുഖർക്കും കോവിഡാണ്. കായിക മേള നടത്തിപ്പിനെ കുറിച്ച് മുൻപേ പരാതികൾ ഉയർന്നിരുന്നതിനാൽ മന്ത്രി പങ്കെടുക്കാതെ വിട്ടു നിൽക്കുകയായിരുന്നു എന്നാണ് സൂചന. മന്ത്രി ആന്റണി രാജുവാണ് മേള ഉദ്ഘാടനം ചെയ്തത്. വനം മന്ത്രി ഓൺലൈനായി മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. സ്വന്തം വകുപ്പിന്റെ കായിക മേളയ്ക്ക് എതിരു നിൽക്കുന്നു എന്ന പ്രചാരണം ഉണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ് ഓൺലൈനായെങ്കിലും പങ്കെടുത്തത് എന്നാണ് സൂചന.

∙ കൊടുമ്പിരി കൊണ്ടത് പിരിവ്

എല്ലാ വർഷവും നടക്കുന്നതാണ് വനം കായിക മേള. നല്ലൊരു ഫണ്ടും ഇതിനായി നീക്കി വയ്ക്കുന്നുണ്ട്. മാഗസിൻ അച്ചടിക്ക് 1.80 ലക്ഷം, അവാർഡുകൾക്ക് 48,000 രൂപ, ടാഗുകൾക്കായി 4000 രൂപ... തുടങ്ങി ചില കണക്കുകൾ മാത്രം ലഭ്യമായിട്ടുള്ളത്. എന്നാൽ ദിവസങ്ങൾക്കു മുമ്പേ 5 സർക്കിളുകളിൽ വ്യാപക പണപ്പിരിവ് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പിരിച്ചിരിക്കുന്നത് മുഴുവൻ ക്വാറി ഉടമകളിൽ നിന്നും ഫർണിച്ചർ സ്ഥാപനങ്ങളിൽ നിന്നുമാണ്. വനം വകുപ്പിന്റെ കരാറുകൾ ഏറ്റെടുത്തു നടത്തുന്നവരിൽ നിന്നും ഫണ്ട് വാങ്ങിയിട്ടുണ്ട്. നിർബന്ധിത പണപ്പിരിവും ഇതിന്റെ പേരിൽ നടന്നതായി വനം മന്ത്രിയുടെ ഓഫിസിൽ പരാതി കിട്ടിയിട്ടുണ്ട്. കായിക മേളയോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മാഗസിനിൽ പരസ്യം നൽകാനെന്ന പേരിലാണ് വൻ പിരിവ് നടത്തിയിരിക്കുന്നത്. ഓരോ സർക്കിളിലുംദിവസങ്ങളോളം കോച്ചിനെ നിയോഗിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഈ ഇനത്തിലും വൻ തുക ചെലവഴിച്ചിട്ടുണ്ട്. ഓഡിറ്റോ പരിശോധനയോ ഇല്ലാത്ത ഫണ്ട് പലരുടെ തന്നിഷ്ടപ്രകാരം ചെലവഴിക്കുകയായിരുന്നു എന്നാണ് വനം വകുപ്പിലെ തന്നെ സംസാരം.

∙ ദേശീയ ദുഃഖാചരണത്തിനിടയിലും

സംയുക്ത സേനാ മേധാവി അടക്കമുള്ളവരുടെ ജീവനെടുത്ത ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യം ദേശീയ ദുഃഖാചരണം നടത്തുമ്പോഴാണ് തൃശൂരിൽ മധ്യമേഖലാ കായിക മേള നടത്തിയത്. അപകടത്തിൽ മരിച്ച ഏക മലയാളി തൃശൂർ സ്വദേശി ആയിരുന്നിട്ടു പോലും ചില ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം കായിക മേള മാറ്റി വയ്ക്കാൻ സാധിക്കാതെ വന്നു എന്നാണ് സൂചന.

∙ മൂന്നു ദിവസം സർക്കാർ ചെലവിൽ പുട്ടടി

അതാണ് പ്രധാന ആകർഷണം. എല്ലാ ഡിഎഫ്ഒമാരും അവരുടെ വാഹനങ്ങളും കായിക മേള നടക്കുന്ന ദിവസങ്ങളിൽ തലസ്ഥാനത്ത് ഉണ്ടായിരുന്നു. ഹോട്ടലിൽ മൂന്നു ദിവസം സർക്കാർ ചെലവിൽ താമസം. കായിക മേളയുടെ ഉദ്ഘാടനത്തിന് തല കാണിച്ചിട്ട് വീട്ടിലേക്ക് മുങ്ങിയവരും കുറവല്ല.

∙ കാട്ടു തീയുടെ സീസൺ

വേനൽ കനക്കുന്നതോടെ വനത്തിനുള്ളിൽ കാട്ടു തീയുടെ സീസണാണ്. ഫയർ ലൈൻ തെളിക്കൽ ഉൾപ്പെടെയുള്ള കാട്ടു തീ നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയമാണ് ഇപ്പോൾ. എന്നാൽ പല സ്റ്റേഷനുകളിലും ജീവനക്കാർ കോവിഡ് ബാധിതരായി കിടപ്പിലായിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. കായിക മേളയിൽ പങ്കെടുത്തവരാണ് ഇതിൽ കുറേ പേരെങ്കിലും. വനം സംരക്ഷണ പ്രവർത്തനങ്ങൾ പാടേ താളം തെറ്റുമോ എന്ന പേടി ജീവനക്കാർക്കുണ്ട്.

English Summary: Half of the participants in the Forest Department Sports fest tested Covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA