വൈദ്യുതി നിരക്ക് വർധന: വെടിക്കെട്ടിനു മുൻപേ ബോർഡിന്റെ സാംപിള്‍ വെടിക്കെട്ട്

Beautiful shot of electric poles under a blue sky
beautiful shot of electric poles under a blue sky
SHARE

തിരുവനന്തപുരം∙സാംപിൾ വെടിക്കെട്ട് ഇങ്ങനെ എങ്കിൽ യഥാർഥ വെടിക്കെട്ട് എന്താകുമെന്ന ഞെട്ടലിലാണു കേരളത്തിലെ വൈദ്യുതി ഉപയോക്താക്കൾ. സംസ്ഥാനത്ത് അടുത്ത 5 വർഷം ബാധകമാകുന്ന വൈദ്യുതി നിരക്കുകൾ റഗുലേറ്ററി കമ്മിഷൻ പുതുക്കി നിശ്ചയിക്കാൻ പോകുകയാണ്. നിലവിലുള്ള നിരക്കിൽ വർധന ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. വൈദ്യുതി ബോർഡിന്റെ വരവു ചെലവു കണക്കുകളുടെ അടിസ്ഥാനത്തിലാണ് റഗുലേറ്ററി കമ്മിഷൻ നിരക്കു വർധന തീരുമാനിക്കുന്നത്. ചെലവു കൂടിയാൽ അത് നിരക്ക് വർധനയിലൂടെയും മറ്റും നികത്തിക്കൊടുക്കേണ്ടി വരും.

നിരക്കു വർധന ആവശ്യപ്പെട്ടു കൊണ്ടുള്ള താരിഫ് പെറ്റീഷൻ റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിക്കാൻ പോകുന്നതേയുള്ളൂ. അതിനു മുന്നോടിയായി അടുത്ത 5 വർഷത്തെ മൂലധന നിക്ഷേപം സംബന്ധിച്ചും വൈദ്യുതി ബോർഡിൽ കൂടുതൽ ജീവനക്കാർക്കു ശമ്പളം അനുവദിക്കുന്നതു സംബന്ധിച്ചും രണ്ടും പെറ്റീഷനുകൾ കമ്മിഷൻ മുൻപാകെ ബോർഡ് നൽകിക്കഴിഞ്ഞു. രണ്ടും ഉപയോക്താക്കളുടെ മേൽ അധിക ബാധ്യത വരുത്തുന്നവയാണ്. ഇനി യഥാർഥ താരിഫ് പെറ്റീഷൻ കൂടി വരുമ്പോൾ എന്താകും സ്ഥിതി എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ.

അടുത്ത 5 വർഷം കൊണ്ട് വൈദ്യുതി ബോർഡ് മൂലധന നിക്ഷേപമായി മുടക്കുമെന്നു റഗുലേറ്ററി കമ്മിഷനെ അറിയിച്ചിരിക്കുന്നത് അവിശ്വസനീയമായ തുകയാണ്. ഇതു നടപ്പായാൽ സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില 2.50 രൂപ എങ്കിലും കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ഊതിപ്പെരുപ്പിച്ചു കാട്ടിയ ഈ മൂലധന നിക്ഷേപം നടക്കാൻ പോകുന്നില്ല എന്നതിനാൽ അത്തരമൊരു വർധനയെ തൽക്കാലം പേടിക്കണ്ടെന്ന മറുവശവും ഉണ്ട്.

kseb-meter

എന്നാൽ ഈ മൂലധന നിക്ഷേപം മൂലം വൈദ്യുതി വിലയിൽ ഉണ്ടാകാവുന്ന വർധന യൂണിറ്റിന് ഒരു രൂപ മുതൽ 1.50 രൂപ വരെ ആയിരിക്കുമെന്നാണു വൈദ്യുതി ബോർഡ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതു മൂലധന നിക്ഷേപം കൊണ്ടു മാത്രം ഉണ്ടാകുന്ന നിരക്കു വർധനയാണ്. പുറമേ ബോർഡിന്റെ മറ്റു ചെലവുകൾ, ശമ്പളച്ചെലവ് തുടങ്ങിയവയെല്ലാം നിരക്ക് വർധനയിലൂടെ നികത്തണം. എല്ലാറ്റിനും പുറമേ 6000 കോടി രൂപയുടെ സഞ്ചിത നഷ്ടവും ബോർഡിനുണ്ട്.

കഴിഞ്ഞ തവണ യൂണിറ്റിന് ശരാശരി 30 പൈസയുടെ വർധന മാത്രമാണു  നടപ്പാക്കിയത് എന്ന് ഓർക്കുക.ഇവിടെ ഇപ്പോൾ തന്നെ മൂലധന നിക്ഷേപത്തിലൂടെ മാത്രം 1.5 രൂപ വരെ വർധിക്കാമെന്നു ബോർഡ് സമ്മതിച്ചു കഴിഞ്ഞു. മറ്റു ചെലവുകൾ കൂടി ചേരുമ്പോൾ എത്രയായിരിക്കും വർധന എന്നു ബോർഡിനു പോലും നിശ്ചയം ഉണ്ടോ എന്ന് സംശയം. താരിഫ് പെറ്റീഷനിലൂടെ മറ്റു ചെലവുകൾ കൂടി സമർപ്പിക്കുമ്പോൾ എന്താകും സ്ഥിതി?.

വൈദ്യുതി ബോർഡ് സ്ഥാപിച്ച് ഇതുവരെയുള്ള 65 വർഷം കൊണ്ട് നടത്തിയ മൂലധന നിക്ഷേപം 20,000 കോടി രൂപയിൽ താഴെ ആയിരുന്നുവെന്നു ബോർഡിന്റെ കണക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ അടുത്ത 5 വർഷം കൊണ്ട് 28,419 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നാണ് റഗുലേറ്ററി കമ്മിഷനെ ബോർഡ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില ഇപ്പോൾ യൂണിറ്റിന് 6.10 രൂപയാണ്.ഇതിൽ മൂലധന ചെലവ് മാത്രം 2.50 രൂപ വരും. ശേഷിക്കുന്ന 3.60 രൂപ വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ആണ്.

KSEB

അടുത്ത 5 കൊല്ലം കൊണ്ട് 28,419 കോടി മുടക്കുമെന്ന ബോർഡിന്റെ വാഗ്ദാനം നടപ്പായാൽ വൈദ്യുതി വിലയിലെ മൂലധന ചെലവ് ഇപ്പോഴത്തെ 2.50 രൂപയിൽ നിന്ന് 5 രൂപ എങ്കിലും ആയി ഉയർത്തേണ്ടി വരും.ഇത് ഉപയോക്താക്കൾക്കു താങ്ങാൻ കഴിയില്ല.മൂലധനച്ചെലവിനായി കടമെടുക്കുന്ന തുകയുടെ പലിശ,പദ്ധതികൾ നോക്കി നടത്തുന്ന ജീവനക്കാരുടെ ചെലവ്,അറ്റകുറ്റപ്പണി–തേയ്മാന ചെലവ് എന്നിവയാണ്  വൈദ്യുതി വിലയുടെ 2.50 രൂപയിൽ വരുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ 2026–27 സാമ്പത്തിക വർഷം വരെയുള്ള മൂലധന നിക്ഷേപത്തിന്റെ കണക്കാണ് കമ്മിഷന്റെ അംഗീകാരത്തിനു ബോർഡ് സമർപ്പിച്ചിരിക്കുന്നത്. ഉൽപാദന മേഖലയിൽ 5130 കോടിയും പ്രസരണ മേഖലയിൽ 6556 കോടിയും വിതരണ മേഖയിൽ 16,733 കോടിയും മുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിതരണ മേഖലയിലെ 8200 കോടിയും സ്മാർട് മീറ്റർ സ്ഥാപിക്കാനാണ്. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതു കേന്ദ്ര പദ്ധതിയാണെന്നും അതിനുള്ള പണം കേന്ദ്രം നൽകുമെന്നുമാണു ബോർഡിന്റെ വാദം. ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടില്ല. ഇതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പോലുള്ള രേഖകൾ ഒന്നും കമ്മിഷന്റെ മുൻപാകെ വൈദ്യുതി ബോർഡ് ഇതുവരെ സമർപ്പിച്ചിട്ടുമില്ല. രേഖകൾ ഹാജരാക്കാതെ കേട്ടു കേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ റഗുലേറ്ററി കമ്മിഷൻ ഇത് എങ്ങനെ അനുവദിക്കും?.സ്മാർട് മീറ്റർ സ്ഥാപിക്കാൻ കേരളത്തിനു മാത്രം 8200 കോടി കേന്ദ്രം അനുവദിക്കുമെങ്കിൽ ഇന്ത്യ ഒട്ടാകെ എത്ര കോടി ആയിരിക്കും അനുവദിക്കുക?.ഇത്തരം കാര്യങ്ങളിലൊന്നും വ്യക്തത ഇല്ല.

കേരളത്തിൽ സ്മാർട് മീറ്റർ പദ്ധതി 5 കൊല്ലത്തിനുള്ളിൽ നടപ്പാകുമോ എന്ന് ആരും ചോദിക്കരുത്. കഥയിൽ ചോദ്യമില്ല. ഇതിനായി ആയിരക്കണക്കിനു കോടി രൂപയുടെ മീറ്റർ വാങ്ങേണ്ടി വരും. അതിന്റെ ഇടപാടുകൾ ഇനി വരും നാളുകളിൽ കാണാം. മൂലധന നിക്ഷേപം സംബന്ധിച്ചു വൈദ്യുതി ബോർഡ്, റഗുലേറ്ററി കമ്മിഷൻ മുൻപാകെ സമർപ്പിച്ച കണക്ക് ശരിയാകണമെങ്കിൽ അടുത്ത 5 വർഷത്തിൽ ഓരോ വർഷവും 5500 കോടിയോളം രൂപയുടെ മൂലധന നിക്ഷേപം നടത്തണം. എന്നാൽ ബോർഡിന്റെ ചരിത്രത്തിൽ ഇന്നു വരെ വർഷം 2500 കോടിയിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടില്ല. ഇത്രയും ഭീമമായ തുക എവിടെ നിന്നു കണ്ടെത്തുമെന്നു ബോർഡ് അറിയിച്ചിട്ടില്ല. ആരു കടം നൽകുമെന്നും വ്യക്തമല്ല. നിലവിൽ ബോർഡിന്റെ സഞ്ചിത നഷ്ടം 6000 കോടിയിലേറെ രൂപയാണ്.

പൊതു സമ്മേളനങ്ങളിൽ കോടികളുടെ വൻ പദ്ധതികൾ കണ്ണും പൂട്ടി പ്രഖ്യാപിക്കുന്നതു പോലെ റഗുലേറ്ററി കമ്മിഷൻ മുൻപാകെ ഊതിപ്പെരുപ്പിച്ച കണക്ക് സമർപ്പിക്കുന്നതു ശരിയായ നടപടി അല്ല. അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കാൻ കമ്മിഷൻ തീരുമാനിച്ചിരിക്കെ കണക്കുകളിൽ ബോർഡ് കുറെക്കൂടി കൃത്യത കാട്ടണമെന്നാണു പൊതുവേയുള്ള അഭിപ്രായം.

ഇതിനിടെ  ബോർഡിലെ ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കാനുള്ള നടപടി റഗുലേറ്ററി കമ്മിഷൻ തുടങ്ങിയിട്ടുണ്ട്. നാലായിരത്തോളം ജീവനക്കാർക്കുള്ള ശമ്പളം കൂടി അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ബോർഡ് സമർപ്പിച്ച അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പ് നടത്തുകയാണ്. 

ബോർഡിൽ 2009ൽ ഉണ്ടായിരുന്ന അത്രയും ജീവനക്കാർക്കു മാത്രമേ റഗുലേറ്ററി കമ്മിഷൻ ഇപ്പോഴും അനുമതി നൽകിയിട്ടുള്ളൂ.അതിനു ശേഷം ഉപയോക്താക്കളുടെ എണ്ണം വർധിക്കുകയും നാലായിരത്തോളം ജീവനക്കാരെ അധികം നിയമിക്കുകയും ചെയ്തു.ഇവർക്ക് നൽകുന്ന ശമ്പളം ബോർഡിന്റെ നഷ്ടത്തിൽ കാണിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഇവരെ കൂടി അംഗീകരിച്ചു ശമ്പളം അനുവദിച്ചു തരണമെന്ന ആവശ്യമാണ് കമ്മിഷൻ മുൻപാകെ ബോർഡ് ഉന്നയിച്ചിരിക്കുന്നത്. ഇതു കമ്മിഷൻ അനുവദിക്കുന്നതോടെ ബോർഡിന്റെ ചെലവ് കണക്കുകളിൽ വീണ്ടും വർധന വരും. ഇതിനെല്ലാം പുറമേ താരിഫ് പെറ്റീഷനിൽ ബോർഡ് ചൂണ്ടിക്കാട്ടുന്ന അധിക ചെലവുകൾ കൂടി കണക്കാക്കി ആയിരിക്കും അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് റഗുലേറ്ററി കമ്മിഷൻ തീരുമാനിക്കുക.അടുത്ത ഏപ്രിൽ ഒന്നിന് ഇതു നിലവിൽ വരുമെന്നാണ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary: KSEB future projects may put burden over users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS