ADVERTISEMENT

ലക്നൗ∙ സമാജ്‍വാദി പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കിഴക്കൻ ഉത്തർപ്രദേശിലെ അസംഗഡിൽനിന്നു അഖിലേഷ് മത്സരിച്ചേക്കുമെന്നാണു റിപ്പോർട്ട്. അഖിലേഷുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽനിന്നു മത്സരിക്കുന്ന കാര്യത്തിൽ വിവരം ലഭിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നിയമസഭയിലേക്കുള്ള അഖിലേഷിന്റെ നിയമസഭയിലേക്കുള്ള കന്നി മത്സരം ആകുമിത്.

അതേസമയം സീറ്റിന്റെ കാര്യത്തിൽ സമാജ്‍വാദി പാർട്ടി നേതാവ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിവരമുണ്ട്. അഖിലേഷ് ലക്നൗവിൽനിന്നോ, അതുമല്ലെങ്കിൽ ഒന്നിലേറെ സീറ്റുകളിലോ മത്സരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അസംഗഡിൽനിന്നുള്ള ലോക്സഭാംഗമാണ് അഖിലേഷ് യാദവ്. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മത്സരിക്കുന്നതിൽനിന്നും വിട്ടു നിൽക്കുകയാണെന്ന് അഖിലേഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന് അറിയിച്ചതോടെ അഖിലേഷ് യാദവിനു മേലും സമ്മർദം ശക്തമായിരുന്നു. ഗോരഖ്പുർ (അർബൻ) മണ്ഡലത്തിൽ നിന്നാണു യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്.

2012 ൽ സമാജ്‍വാദി പാർട്ടി യുപിയിൽ മികച്ച വിജയം നേടിയപ്പോഴാണ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായത്. 38–ാം വയസ്സിൽ മുഖ്യമന്ത്രിയായ അഖിലേഷ് അന്ന് കനൂജിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. പിന്നീട് അദ്ദേഹം ലെജി‍സ്‍ലേറ്റിവ് കൗൺസിൽ അംഗമായി. അഖിലേഷ് ഒഴിച്ചിട്ട കനൂജ് സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യ ഡിംപിൾ യാദവ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

യുപിയിൽ സമാജ്‍വാദി പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെത്തും. യുപിയിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നില്ലെന്നും എസ്‌‍പി നേതാവ് കിരണ്‍മയി നന്ദ പ്രതികരിച്ചു. മുലായം സിങ് യാദവിന്റെ ഇളയ മകന്റെ ഭാര്യ അപർണ യാദവ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് യുപിയിലെ മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഇങ്ങനെയൊരു നീക്കം സമാജ്‍വാദി പാർട്ടിക്കു തിരിച്ചടിയാകും. യുപിയിലെ ബിജെപി സർക്കാരിലെ മന്ത്രിമാരും എംഎൽഎമാരും സമാജ്‍വാദി പാർട്ടിയിൽ ചേർന്നിരുന്നു. 

English Summary: Akhilesh Yadav Will Contest UP Polls, His First State Battle: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com