ADVERTISEMENT

ഫെബ്രുവരി 10 ന് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഉത്തർപ്രദേശിൽ പാർട്ടി മാറ്റങ്ങൾ തകൃതിയായി നടന്നുവരികയാണ്. യോഗി ആദിത്യനാഥ്‌ സർക്കാരിലെ മൂന്നു മന്ത്രിമാരെ പാർട്ടിയിലെത്തിച്ചു സമാജ്‌വാദി പാർട്ടി ആദ്യ നേട്ടം കൊയ്തു. 2017ൽ യുപിയിൽ 312 സീറ്റ് നേടി വിജയം കൊയ്ത ബിജെപിയുടെ തുറുപ്പുചീട്ടായ സ്വാമി പ്രസാദ് മൗര്യ അടക്കം മൂന്നു മന്ത്രിമാരെ കിട്ടിയ ആവേശത്തിലായിരുന്നു സമാജ്‌വാദി പാർട്ടി. എന്നാൽ അഖിലേഷ് യാദവിന്റെ കുടുംബത്തു കയറി സമാജ്‌വാദി പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ മറുപടി.

സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരുമകൾ അപര്‍ണ യാദവിനെ പാർട്ടിയിലെത്തിച്ചു തിരിച്ചടിച്ചിരിക്കുകയാണ് ബിജെപി. യുപി മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന അഖിലേഷ് യാദവിന്റെ സഹോദരന്റെ ഭാര്യയാണ് അപർണ യാദവ്. 

ബിജെപിയിലേക്ക് സ്വാഗതമെന്ന് യോഗി; നർമത്തിൽ കലർന്ന മറുപടിയുമായി അഖിലേഷ്

ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവർക്കൊപ്പം അപർണ യാദവ് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് യോഗി വിരാമം കുറിച്ചത്. മന്ത്രിമാരെ അടര്‍ത്തി നോവിച്ച അഖിലേഷിന്റെ കുടുംബത്തു കയറി യോഗിയുടെ മിന്നല്‍ നീക്കമാണിതെന്നാണ് ഈ പാർട്ടിമാറ്റത്തിന്റെ രാഷ്ട്രീയ പ്രസക്തി.  

aparna-yadav
അപർണ യാദവ് ബിജെപിയിൽ ചേർന്നപ്പോൾ. യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ/ യോഗി ആദിത്യനാഥ്.

സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള അപർണ യാദവിന്റെ കൂറുമാറ്റത്തെ സ്വാഗതം ചെയ്‌തു യോഗി ആദിത്യനാഥ്‌ ട്വീറ്റ് ചെയ്‌തു. 'ബിജെപിയുടെ ഇരട്ട എൻജിൻ പ്രവർത്തനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനങ്ങളുമാണ് അപർണയെ ബിജെപിയിലെത്തിച്ചതെന്ന് യോഗി പറഞ്ഞു. 'കഴിഞ്ഞ അഞ്ചു കൊല്ലമായി തൊഴിൽ വിവേചനമോ വർഗീയ സംഘർഷമോ ഉണ്ടാകാത്ത സംസ്ഥാനമാണ് യുപി, കലാപകാരികൾ ജയിലിൽ പോവുകയോ സമാജ്‌വാദി പാർട്ടിയിൽ ചേരുകയോ ചെയ്തതാണ് ഇതിനു കാരണം'- യോഗി പറഞ്ഞു. 

അതേസമയം, അപർണയുടെ ബിജെപി പ്രവേശനത്തെ സംബന്ധിച്ച പ്രതികരണവുമായി അഖിലേഷ് യാദവ് രംഗത്തു വന്നു. 'അപർണ ബിജെപി പ്രവേശനത്തിൽ നിന്ന് പിന്മാറാൻ അഭ്യർഥിച്ചു അച്ഛൻ മുലായം സിങ് യാദവ് പല തവണ സംസാരിച്ചു. സമാജ്‌വാദി പാർട്ടിയുടെ സോഷ്യലിസ്റ്റ് ആശയങ്ങൾ ബിജെപിയിലേക്കും എത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ'- അഖിലേഷ് പറഞ്ഞു.

അപർണയുടെ മറുപടി 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനശൈലിയും സ്വച്ഛ് ഭാരത്, സ്ത്രീകൾക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതികൾ, തൊഴിൽ രംഗത്തെ ഉയർച്ച എന്നിവ കണക്കിലെടുത്താണ് ബിജെപിയിൽ ചേർന്നതെന്ന് അപർണ പറഞ്ഞു. 'രാജ്യത്തിന്റെ വളർച്ചയാണ് എന്റെ പ്രഥമ പരിഗണന. മോദിയുടെ പ്രവർത്തനത്തെ ഞാൻ ആരാധിക്കുന്നു. ബിജെപിയോട് വളരെയധികം നന്ദി പറയാനുണ്ട്.'- ബിജെപിയിൽ ചേർന്നതിനു ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അപർണ പറഞ്ഞു. 2017ലെ നിയമസഭ തിരഞ്ഞടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട ലക്‌നൗ കന്റോൺമെന്റ് സീറ്റ് അപർണ വീണ്ടും ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. സമാജ്‌വാദി പാർട്ടി ടിക്കറ്റിലാണ് 2017ൽ അപർണ മത്സരിച്ചത്.          

ആരാണ് അപർണ യാദവ്? 

സമാജ്‌വാദി പാർട്ടിയുടെ ഉന്നത നേതാവ് മുലായം സിങ് യാദവിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ യാദവ്. മുലായത്തിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെ മകനാണ് പ്രതീക്. ഒന്നാം ഭാര്യ മാലതി ദേവിയുടെ മകനാണ് അഖിലേഷ്. അഖിലേഷിന്റെ അർധ സഹോദരനാണ് പ്രതീക്.

aparna-yadav
അപർണ യാദവ് (വലത്) ട്വിറ്ററിൽ പങ്കുവച്ച ചിത്രം. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ/ അപർണ യാദവ്

മാധ്യമപ്രവർത്തകനായ അരവിന്ദ് സിങ് ബിഷ്ടിന്റെ മകളാണ് അപർണ. 'അമ്മ  ലക്‌നൗ മുൻസിപ്പൽ കോർപറേഷൻ ഓഫിസറായി ജോലി ചെയ്യുന്നു. ലക്‌നൗവിലെ പ്രശസ്‌തമായ ലോറേറ്റോ കോൺവെന്റ് സ്‌കൂളിൽ വിദ്യാഭ്യാസം. യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷനിൽ എംഎ. 2011ൽ പ്രതീകുമായി വിവാഹം. .

2017 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ റീതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടുകൾക്ക് പരാജയപ്പെട്ടു. രാഷ്ട്രീയ നേതാവ് എന്നതിലുപരി സാമൂഹിക, പൊതുസേവന രംഗത്തു അപർണ യാദവ് സജീവമാണ്. ഒൻപതു വർഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സംസ്ഥാനമെന്ന ദുഷ്‌പേര് നിലവിലുള്ള സംസ്ഥാനമാണ് യുപി. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചു പരിചയമുള്ള നേതാവാണ് അപർണ യാദവ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി ബിവെയർ എന്ന സംഘടന നടത്തുന്നു.

സംസ്ഥാനത്തു സ്ത്രീ വോട്ടർമാരെ കൂടെ കൂട്ടാനും സമാജ്‌വാദി പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് തുടങ്ങിവയ്ക്കാനും അപർണ യാദവിന്റെ രാജി സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അപർണയുടെ ബിജെപിയിലേക്കുള്ള വരവോടെ യുപിയിൽ ഇനിയും കൂറുമാറ്റങ്ങൾ സംഭവിക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ പരസ്പരം ചോദിക്കുന്നത്. 

English Summary: BJP and Yogi Adityanath Enter Akhilesh-Mulayam Family; Aparna Yadav Joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com