ADVERTISEMENT

കോഴിക്കോട്∙ യൂത്ത് ലീഗ് നേതാക്കളുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ. മൂന്നാറിൽ നടത്തിയ സംസ്ഥാന എക്സിക്യൂട്ടിവ് ക്യാംപിൽ പങ്കെടുക്കാൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങളും ജന.സെക്രട്ടറി പി.കെ.ഫിറോസും ഹെലികോപ്റ്ററിൽ യാത്ര ചെയ്തതാണു വിവാദമായത്. 

ഹെലികോപ്റ്ററിൽ യാത്ര ചെയ്ത ദൃശ്യങ്ങൾ കൂടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണു വിമർശനമുയർന്നത്. കടം വാങ്ങിയും പിരിവിട്ടും ആസ്ഥാന മന്ദിരം അടക്കമുള്ളവ പണിയുന്നതിനിടയിൽ ഹെലികോപ്റ്റർ യാത്ര ആഡംബരമല്ലേ എന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം നടത്തുന്നവർ ഹെലികോപ്റ്ററിൽ ഇത്ര അത്യാവശ്യമായി എവിടേക്കാണു പോകുന്നതെന്നും സമൂഹമാധ്യമങ്ങളിൽ പരിഹാസമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ ഹെലികോപ്റ്റർ യാത്രകളെ നിരന്തരം പരിഹസിക്കുന്ന യൂത്ത് ലീഗ് നേതാക്കളുടെ ഹെലികോപ്റ്റർ യാത്രയെ കടന്നാക്രമിച്ചു സൈബർ പോരാളികളും രംഗത്തെത്തി. 10,000 രൂപയോളം വാടകയുള്ള സ്ഥലത്താണു ക്യാംപ് സംഘടിപ്പിച്ചതെന്നും കോവിഡ് കാലത്ത് ഇത്ര അധിക ചെലവ് പാടുണ്ടോ എന്നും ചോദ്യമുയർന്നു. 

അതേസമയം സംഭവം വിവാദമാക്കുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നു സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചു. മുനവ്വറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയെയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകളുടെ വിവാഹ ആവശ്യത്തിനായി എത്തിച്ച ഹെലികോപ്റ്ററാണ്.

മുനവ്വറലി തങ്ങളാണു നിക്കാഹിനു കാർമികത്വം വഹിച്ചത്. അദ്ദേഹത്തിനു മൂന്നാറിലേക്കു പോകാനുണ്ടെന്നു പറഞ്ഞപ്പോൾ ഹെലികോപ്റ്റർ സുഹൃത്തു വിട്ടു നൽകിയതാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. പതിനായിരം രൂപ റൂമിന് ദിവസ വാടകയുള്ള സ്ഥലത്ത് ക്യാംപു നടത്തി എന്നതും ശരിയല്ല. കേവലം രണ്ടായിരം രൂപയിൽ താഴെ വാടക കൊടുത്ത് ആറും ഏഴും ആളുകൾ ഒരു റൂമിൽ താമസിച്ചാണ് യഥാർഥത്തിൽ എക്സി. ക്യാംപ് നടത്തിയതെന്നും പി.കെ.ഫിറോസ് പറഞ്ഞു.

English Summary: Controversy over Helicopter Travel by Youth League Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com