ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് മുന്നൊരുക്കത്തില്‍ ആരോഗ്യവകുപ്പ് നോക്കുകുത്തിയാണെന്നും മരുന്നു പോലും കിട്ടാനില്ലെന്നും ആരോപിച്ച് പ്രതിപക്ഷം. ജില്ലാ സമ്മേളനം നടത്തിയും തിരുവാതിര കളിച്ചും ധാര്‍ഷ്ട്യം കാണിക്കുന്ന സിപിഎം ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരോട് പറയുന്നതില്‍ എന്തുകാര്യമെന്നും വി.ഡി.സതീശന്‍ ചോദിച്ചു. തിരുവാതിര തെറ്റു തന്നെയെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. അതിനിടെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ രോഗബാധിതരായി.

മന്ത്രി വി.ശിവന്‍കുട്ടിയും മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എം.വിജയകുമാറുമടക്കം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടേറെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. പൊതുപരിപാടികളുടെ വിലക്ക് നിലനില്‍ക്കെയായിരുന്നു പാറശാലയിലെ സമ്മേളനം. 

ഒന്നും രണ്ടും തരംഗത്തില്‍ നടത്തിയ മുന്നൊരുക്കം പോലുമില്ലാതെ ആരോഗ്യവകുപ്പ് ജനങ്ങളെ രോഗത്തിന് വിട്ടുകൊടുക്കുകയാണന്നും പ്രതിപക്ഷം ആരോപിച്ചു. രോഗബാധിതയായ മുന്‍ ആരോഗ്യമന്ത്രിക്ക് പോലും മരുന്നുകിട്ടാത്തത്ര പ്രതിസന്ധിയുണ്ടെന്നും ആക്ഷേപം. മരുന്നുക്ഷാമമെന്ന ആക്ഷേപം ആരോഗ്യമന്ത്രി അംഗീകരിച്ചില്ല. 

പക്ഷേ ജില്ലാ സമ്മേളന നടത്തിപ്പ് തള്ളാതെ തിരുവാതിര തെറ്റെന്നും സമ്മതിച്ചു. എന്നാല്‍ അവശേഷിക്കുന്ന മൂന്നു ജില്ലാ സമ്മേളനങ്ങളും നടത്തുമെന്ന നിലപാടിലാണ് സിപിഎം. സിപിഎമ്മിന് മേധാവിത്വമുള്ള കുടുംബശ്രീ തിരഞ്ഞെടുപ്പും വലിയ ആള്‍ക്കൂട്ടത്തോടെ കലക്ടര്‍മാരുടെ പ്രത്യേക അനുമതി വാങ്ങി തുടരുകയാണ്.

English Summary: Covid situation, opposition against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com