ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത് സര്‍ക്കാരിന്‍റെ പരിഗണനയില്‍. കോളജുകള്‍ അടച്ചിടുന്നതും വ്യാപാര കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം കൊണ്ടുവരുന്നതും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കും.

സര്‍ക്കാര്‍ ഓഫിസുകളിലും നിയന്ത്രണം കൊണ്ടുവന്നേക്കും. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. പൂര്‍ണമായ അടച്ചിടലിലേക്ക് സംസ്ഥാന പോകില്ലെന്നാണ് സൂചന. കോവിഡ്, ഒമിക്രോണ്‍ വ്യാപനം അതിതീവ്രാകുമ്പോള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.

കലാലയങ്ങള്‍ രോഗവ്യാപനത്തിന്‍റെ കേന്ദ്രങ്ങളായതോടെ കോളജുകള്‍ അടച്ചിടുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സൂചിപ്പിച്ചിരുന്നു. രോഗവ്യാപനം കൂടിയ ജില്ലകള്‍ തിരിച്ച് നിയന്ത്രണം കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്. ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന നിര്‍ദേശം ചീഫ് സെക്രട്ടറി കോവിഡ് അവലോകന യോഗത്തില്‍ അവതരിപ്പിച്ചേക്കും.

ആളുകള്‍ കൂട്ടത്തോടെ എത്തുന്ന ഭക്ഷണശാലകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം വേണമെന്നതും ആലോചനയിലുണ്ട്. സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ രോഗവ്യാപന കേന്ദ്രങ്ങളാകാന്‍ സാധ്യതയുള്ളതില്‍ അടച്ചിട്ടേക്കും. രോഗവ്യാപന നിരക്ക് കൂടിയ തിരുവനന്തപുരത്ത് ബാറുകള്‍ കുറച്ചുദിവസത്തേക്ക് അടച്ചിടുന്നതും പരിഗണനയിലുണ്ട്. തിരുവനന്തപുരത്ത് 47.8 ശതമാനമാണ് ടിപിആർ.

സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതേത്തുടര്‍ന്ന് പൊതുപരിപാടികള്‍ക്കും കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയേക്കും. കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും വീടുകളില്‍തന്നെ തുടരണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കും.

പൊതുഗതാഗതത്തിലും നിയന്ത്രണമുണ്ടായേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി പ്രത്യേകം യോഗം വിളിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം വേണമോയെന്ന് കോവിഡ് അവലോകന യോഗത്തിലാവും തീരുമാനം എടുക്കുക. 

English Summary: Kerala Government to tighten Covid restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com