ADVERTISEMENT

തൃശൂർ ∙ ‘മെഡിക്കല്‍ കോളജ് പരിസരത്തുള്ള ഹോസ്റ്റലുകളില്‍ ലഹരി ഉപയോഗം വന്‍തോതില്‍ നടക്കുന്നുണ്ട്. പൊലീസ് അന്വേഷിക്കണം. ഇല്ലെങ്കില്‍, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി നശിക്കും’– സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യയ്ക്കു കിട്ടിയ സന്ദേശം ഇങ്ങനെയായിരുന്നു. സിറ്റി ഷാഡോ പൊലീസിനോട് ഇതേപ്പറ്റി അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലും പരിസരത്തും ഷാഡോ പൊലീസ് ഒട്ടേറെ ദിവസം പരിശോധിച്ചു. ആരാണ്, ലഹരി എത്തിക്കുന്നതെന്ന് അറിയാനായിരുന്നു ശ്രമം. ഒപ്പം, ആരെല്ലാം ഉപയോഗിക്കുന്നു എന്നതും. ഹോസ്റ്റലുകളില്‍ പൊലീസുകാര്‍ ‘ചാരന്‍മാരെയും’ നിയോഗിച്ചു.

∙ പുലര്‍ച്ചെ പൊലീസ് കയറി

പുലര്‍ച്ചെ രണ്ടു മണിക്കു ശേഷമായിരുന്നു ഷാഡോ പൊലീസിന് നിര്‍ണായക വിവരം കിട്ടുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട്. വേഗം വന്നാല്‍ ആളെ പിടിക്കാമെന്നായിരുന്നു സന്ദേശം. പൊലീസ് സംഘം മൂന്നു മണിയാകുമ്പോഴേക്കും പാഞ്ഞെത്തി. ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. മുറിയിലുണ്ടായിരുന്നത് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി സ്വദേശിയായ അക്വില്‍ മുഹമ്മദ് ഹുസൈന്‍. ഹൗസ് സര്‍ജനാണ്. 15 ദിവസം കൂടിയാണു ഹൗസ് സര്‍ജന്‍ ഡ്യൂട്ടി. അതു കഴിഞ്ഞാല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാകേണ്ട വിദ്യാര്‍ഥിയാണ്.

അക്വിലിനെ പിടികൂടിയ ഉടനെ പൊലീസ് ചോദ്യം ചെയ്തു. സഹപാഠികളായ ആരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട്? ചുരുങ്ങിയത് 15 പേരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നു മറുപടി. അഞ്ചു പേരുകളും പറഞ്ഞു. എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു? മൂന്നു വര്‍ഷമായെന്നു മറുപടി. ലഹരിയുടെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍തന്നെ ഇങ്ങനെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ട് പൊലീസും ഞെട്ടി.

അക്വീൽ
അക്വീൽ

∙ ഡ്യൂട്ടിക്കിടയിലും ഉപയോഗിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹോസ്റ്റലില്‍ വന്ന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പ്രതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്പോള്‍ ‘ഉഷാര്‍’ കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട്, ഇതിന് അടിമപ്പെടുകയായിരുന്നു. ലഹരി ഉപയോഗത്തില്‍നിന്നു പിന്മാറാന്‍ പലകുറി ശ്രമിച്ചിട്ടും നടന്നില്ല. ലഹരി കിട്ടിയില്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണെന്നാണു പൊലീസിന്റെ ചോദ്യംചെയ്യലിനിടെ പ്രതി പറഞ്ഞത്. 

∙ മാതാപിതാക്കള്‍ വിദേശത്ത്

അക്വിലിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. ഹോസ്റ്റലില്‍ കഴിയുന്നതിനാല്‍ ‘സ്വാതന്ത്ര്യം’ ലഭിച്ചിരുന്നു. സ്വകാര്യ ഹോസ്റ്റല്‍ ആയതിനാല്‍ വാര്‍ഡന്മാരും ഇല്ലായിരുന്നു. ഹോസ്റ്റലില്‍ വരുന്ന അപരിചതരെ നിയന്ത്രിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും. അക്വിലിന്റെ ഫോണ്‍വിളി പട്ടിക പരിശോധിക്കുന്നുണ്ട്. സ്ഥിരമായി വിളിക്കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

English Summary: More Revelations in Thrissur government medical college surgeon held with MDMA case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com