നഴ്സുമാരുടെ ലക്ഷങ്ങൾ തട്ടി ഓൺലൈൻ സംഘം; ഓപറേഷൻ വിദേശത്ത്, പിന്നിൽ മലയാളികളും

oet-nurse-fraud
ഇടപാടുകാരുടെ ചാറ്റിന്റെ സ്ക്രീൻ ഷോട്ട്.
SHARE

തിരുവനന്തപുരം∙ യൂറോപ്യൻ രാജ്യങ്ങളിൽ നഴ്സുമാർക്ക് തൊഴിൽ അവസരത്തിനുള്ള പരീക്ഷ വിജയിപ്പിച്ചു നൽകാമെന്ന പേരിൽ സംസ്ഥാനത്ത് നഴ്സുമാരിൽ നിന്ന് ലക്ഷങ്ങൾ ഓൺലൈൻവഴി തട്ടിക്കുന്നതായി കണ്ടെത്തി. തൊടുപുഴയിലും കൊല്ലം കരുനാഗപ്പള്ളിയിലും ഇതുസംബന്ധിച്ച് 2 നഴ്സുമാരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. 

15 മുതൽ 20 ലക്ഷം വരെയാണ് സംഘം ഒരാളിൽനിന്നു തന്നെ തട്ടിക്കുന്നത്. സംസ്ഥാനത്തെ നിരവധി പേരുടെ ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. പരാതി നൽകിയ നഴ്സുമാരുടെ സുഹൃത്തുക്കളുടെ പണവും നഷ്ടപ്പെട്ടതായി അവർ മൊഴി നൽകി. കോട്ടയം, കൊല്ലം, എറണാകുളം, ഇടുക്കി  ജില്ലയിൽ നിന്നാണ് കൂടുതൽ പേരും പറ്റിക്കപ്പെട്ടതെന്നാണ് വിവരം. 

കൂടാതെ മലയാളി നഴ്സുമാർ ഗൾഫിൽ ജോലി ചെയ്യുന്നവർ യുകെയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും പോകാൻ ശ്രമിക്കുന്നവരെയും ഇൗ സംഘം കുടുക്കിയിട്ടുണ്ട്. 

∙ തട്ടിപ്പ് ഇങ്ങനെ

യുകെ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ഉറപ്പു നൽകുന്ന പരീക്ഷയാണ് ഒഇടി (ഒക്യുപേഷനൽ ഇംഗ്ലീഷ് ടെസ്റ്റ്). ഇതിന്റെ  പേരിലാണ് പ്രധാനതട്ടിപ്പ്. ഇത് താൽപര്യമില്ലെങ്കിൽ ഐഇഎൽടിഎസ്, എൻസിഎൽ ഇഎക്സ്, പിടിഇ, ടോഫിൾ, ജിമാറ്റ്, എസിസിഎ തുടങ്ങി വിദേശങ്ങളിൽ ആവശ്യമുള്ള 9 പരീക്ഷകളും പാസാക്കി നൽകാമെന്നാണ് തട്ടിപ്പ് സംഘം പറയുന്നത്. 

പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്നാണ് ചിലരോട് പറയുന്നതെങ്കിൽ പരീക്ഷയെഴുതി തോൽക്കുന്നവരോട് ജയിപ്പിച്ച് പുതിയ ഫലം പുറത്തുവിടാം എന്നു പറഞ്ഞാണ് തട്ടിപ്പ്. ഒഇടിയ്ക്ക് ബി സ്കോർ കിട്ടിയാൽ പിന്നെ ഭാവി ശോഭനമാണെന്നതിനാൽ എങ്ങനെയെങ്കിലും പണം കണ്ടെത്തി നൽകാൻ നഴ്സുമാർ മടിക്കാറില്ല. ഒഇടി ബി സ്കോർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ തുടക്കം ഇന്ത്യൻ രൂപ 3 ലക്ഷം വരെ യൂറോപ്യൻ രാജ്യങ്ങൾ ശമ്പളം കിട്ടുമെന്നതിനാൽ പണം കടം വാങ്ങി നൽകിയാലും തിരിച്ചുകൊടുക്കാനുള്ള വഴിതെളിയുമെന്നതിനാൽ കടം വാങ്ങിയാണ് മിക്കയുള്ളവരും പണം നൽകിയത്. 

ഇത്തരം പരീക്ഷകളുടെ വിവരം തേടി ഫെയ്സ്ബുക്കിലോ ഗൂഗിളിലോ സെർച്ച് ചെയ്തു ലിങ്ക് ഓപ്പൺ ചെയ്തവർക്കാണ് ഇൗ തട്ടിപ്പു സംഘത്തിന്റെ മെസേജുകൾ വരുന്നത്. വിദേശപൗരൻമാരാണ് ആദ്യം ചാറ്റ് ചെയ്യുന്നത്. പിന്നീട് കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ചിലരും ചാറ്റ് ചെയ്യും. 2 ലക്ഷം രൂപയാണ് ആദ്യം ചോദിക്കുക. ആദ്യം 1 ലക്ഷം രൂപ കൈമാറി റജിസ്റ്റർ ചെയ്യാൻ പറയും. 

fraud

∙ ഇനി ഭീഷണി

റജിസ്റ്റർ ചെയ്താൽ പിന്നെ ഭീഷണി സ്വരമാണ്. അഞ്ചു ലക്ഷം ഉടൻ അടയ്ക്കണമെന്ന് സമ്മർദം ചെലുത്തും. ഇല്ലെങ്കിൽ പരീക്ഷയെഴുതിക്കില്ലെന്നും പരീക്ഷയെഴുതുന്നതിൽ നിരോധനം ഏർപ്പെടുത്തുമെന്നും പറഞ്ഞാണ് ഭീഷണി. എങ്ങനെയെങ്കിലും വിദേശത്ത് പോകാനുള്ള ആഗ്രഹത്തിൽ നിൽക്കുന്നവർ സംഘം ചോദിക്കുന്ന പണം തന്നെ കൈമാറും. 

ഇവരുടെ രീതികളിൽ എന്തെങ്കിലും സംശയം പ്രകടിപ്പിച്ച് ബാക്കി പണം കൈമാറാൻ മടിച്ചാൽ ചോദ്യപേപ്പർ ചോർത്താൻ റജിസ്റ്റർ ചെയ്തത് അമേരിക്കൻ പൊലീസിൽ അറിയിക്കുമെന്നാണ് ഭീഷണി. അമേരിക്കൻ പൊലീസ് ആണെന്നു പറഞ്ഞുവരെ വിദേശികൾ ഫോണിൽ വിളിക്കും. ബാക്കി തുക അടച്ചില്ലെങ്കിൽ അമേരിക്കയിലും യുകെയിലും കേസ് റജിസ്റ്റർ ചെയ്യുമെന്നു അതുവേണ്ടെങ്കിൽ ബാക്കി തുക നൽകാനുമാണ് നിർദേശം.   

ഇതുപോലെ എംബസിയിൽ നിന്നാണെന്നും യുകെ ആരോഗ്യവകുപ്പിൽ  നിന്നാണെന്നുപറഞ്ഞുവരെ വിളിക്കുന്നുണ്ട്. ഇതോടെ വിശ്വസിച്ചുപോകുന്നവർ ബാക്കി പണം കൂടി നൽകും. ഇവരോട് ചാറ്റ് ചെയ്യാൻ പ്രത്യേക സിംകാർഡ് എടുക്കാൻ വരെ പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിടുന്നത്. പണം കൈമാറിയത് മുഴുവൻ പഞ്ചാബിലെയും ഡൽഹിയിലെയും ചിലരുടെ അക്കൗണ്ടുകളിലേക്കാണ്. 

നൈജീരിയൻ ഓൺലൈൻ തട്ടിപ്പു സംഘമാണ് ഇതിനു പിന്നിലെന്ന് പ്രാഥമിക വിവരം മാത്രമേ പൊലീസിനുള്ളു. അന്വേഷണം നടക്കുന്നതോടെ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. 

∙ തട്ടിപ്പിനിരയാവരെയും കേസിൽ കുടുക്കുന്ന ബുദ്ധി

fraud (2)

കൊല്ലം സ്വദേശി നഴ്സിന് സംഭവിച്ചത് ഇത്തരത്തിലൊരു ചതിയാണ്. 13 ലക്ഷത്തോളം കൊടുത്തിട്ടും ഒരു നടപടിയുമാകാതെ വന്നതോടെ സന്ദേശമയച്ച സായിപ്പിനോട് പണത്തിന്റെ ബുദ്ധിമുട്ടുപറഞ്ഞു പണം തിരിച്ചുതരുമോയെന്ന് ചോദിച്ചു. 

അപ്പോഴാണ് സംഘത്തിന്റെ അടുത്ത ബുദ്ധി. അക്കൗണ്ട് നമ്പരും ആ അക്കൗണ്ട് നമ്പരിലേക്ക് പുതിയൊരു മൊബൈൽ നമ്പർ ആഡ് ചെയ്യണമെന്നും പറഞ്ഞു. സിംകാർഡും പുതിയത് എടുപ്പിച്ചു. സംഘത്തിന്റെ നിർദേശപ്രകാരം അക്കൗണ്ടും സിംകാർഡും എടുത്തു. ലക്ഷക്കണക്കിന് രൂപയാണ് ഒരു ദിവസത്തിനുള്ളിൽ തന്നെ വന്നത്. ഇത് ഇൻഷുറൻസ് തുകയാണെന്നായിരുന്നു അടുത്ത അടവ്. 

ഇതിൽ 50,000 ഒഴിച്ച് ബാക്കിയെല്ലാം മറ്റൊരു അക്കൗണ്ട് നമ്പരിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞു. ഒടിപിയൊക്കെ പുതിയ സിംകാർഡിൽ വന്നു. പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഉടനെ നിർദേശം വന്നു. ഇൗ സിംകാർഡ് ഇനി പറഞ്ഞ ശേഷം ഉപയോഗിച്ചാൽ മതിയെന്നാണ്. അപ്പോൾ പുതിയൊരു തട്ടിപ്പുകൂടി പുറത്തുവരുകയായിരുന്നു. 

ഇതുപോലെ ഏതോ നഴ്സിന് ചോദ്യപേപ്പർ വാഗ്ദാനം ചെയ്തു തട്ടിയെടുത്ത പണമാണ് ഇൗ കൊല്ലം സ്വദേശിനിയുടെ അക്കൗണ്ടിലേക്ക് വന്നത്.  ഇക്കാര്യം മനസിലാകുന്നത് പണം നഷ്ടപ്പെട്ട നഴ്സ് പരാതിയുമായി പൊലീസിലെത്തിയപ്പോഴാണ്. പണം കൈമാറിയ അക്കൗണ്ട് കൊല്ലം സ്വദേശി നഴ്സിന്റെതും. പണം കൊണ്ടുപോയത് തട്ടിപ്പ് സംഘവും. 

English Summary: More complaints against online fraud gangs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA