ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരൻ സ്ത്രീയെ മർദിച്ചതായി പരാതി. മുഖത്തു കൈകൊണ്ട് ഇടിച്ചെന്നാണു ബത്തേരി സ്വദേശി സക്കീനയുടെ പരാതി. ഇവരെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒൻപതോടെയാണു സംഭവം. സക്കീന മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സക്കീനയുടെ മാതാവിനെയും ഒന്നര വയസ്സുള്ള കൊച്ചുമകനെയും ഡോക്ടറെ കാണിക്കാനാണ് ഇവർ മെഡിക്കൽ കോളജിലെത്തിയത്.

സക്കീന, ഉമ്മ നബീസയെ ഡോക്ടറെ കാണിക്കാനായി സൂപ്പർ സ്പെഷൽറ്റിയിലേക്കു പോയി. ഈ സമയം മകന്റെ ഭാര്യയും കൊച്ചുമകനും മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കും പോയി. കുഞ്ഞിനെ നേരത്തേ കാണിച്ച രേഖകൾ ഉൾപ്പെടെ മകൻ അസ്മിലിന്റെ കൈവശമായിരുന്നു. അസ്മിൽ തന്റെ കാർ നിർത്താനായി പുറത്തേക്കു പോയതായിരുന്നു ഈ സമയം. ആശുപത്രിക്കുള്ളിൽ വഴിമാറിപ്പോയതായി ഭാര്യ അറിയിച്ചതിനെ തുടർന്ന് അസ്മിൽ ഉടനെ ചികിത്സാരേഖകളുമായി പ്രധാന കവാടത്തിലെത്തി. 

രേഖ നൽകാൻ അകത്തേക്ക് പോകണമെന്ന് അസ്മിൽ സുരക്ഷാ ജീവനക്കാരനോട് പറഞ്ഞു. കുഞ്ഞിന്റെ ഒപ്പം മാതാവുണ്ടല്ലോ എന്നു പറഞ്ഞതിനെ തുടർന്ന് ഇരുവരും വാക്കുതർക്കമായി. തുടർന്ന് കയ്യാങ്കളിയിലെത്തി. ഈ സമയം സക്കീന വന്നു എന്തിനാണ് മകനെ മർദിക്കുന്നതെന്ന് ചോദിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാരൻ സക്കീനയെയും കൈചുരുട്ടി ഇടിച്ചെന്നാണ് പരാതി.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരാളെ മാത്രമാണു രോഗിക്കൊപ്പം അകത്തേയ്ക്കു കടത്തുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടാകുകയും സുരക്ഷാ ജീവനക്കാരനെ മർദിക്കുകയാണ് ഉണ്ടായതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിയിലെ സിസിടിവി പരിശോധിച്ചാൽ സുരക്ഷാ ജീവനക്കാരൻ മർദിക്കുന്നത് വ്യക്തമാകുമെന്ന് അസ്മിലും ഇവിടെ ഉണ്ടായിരുന്ന ആളുകളും പറയുന്നു.

English Summary: Security personnel allegedly attacked Woman bystander in Kozhikode Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com