ADVERTISEMENT

തിരുവനന്തപുരം ∙ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഫെയ്‌സ്ബുക് പ്രതികരണവുമായി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ, കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ സുരേഷ് കുമാറിന്റെ  മകൻ അനന്തു സുരേഷ്‌ കുമാർ എന്നിവർ രംഗത്ത്. 

'താൻ മൂന്നാറിൽനിന്ന് പോയാലും ആരൊക്കെ എങ്ങനെയൊക്കെ ഈ ദൗത്യത്തെ അട്ടിമറിച്ചാലും ഇന്നല്ലെങ്കിൽ നാളെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കപ്പെടുക തന്നെ ചെയ്യും. പാവപ്പെട്ട ഭൂരഹിതർക്ക്‌ കിട്ടേണ്ട ഭൂമി ഇതുപോലുള്ള വ്യാജ പട്ടയങ്ങൾ തരപ്പെടുത്തി പാർട്ടി ഓഫിസുകൾ എന്നും മതസ്ഥാപനങ്ങൾ എന്നും മറ്റ് പല പേരുകളുമിട്ട് ആ ഭൂമിക്ക് താങ്ങാൻ പോലുമാകാത്ത ബഹുനില മന്ദിരങ്ങൾ പണിതുയർത്തി. അതിലെ ഓരോ മുറിക്കും ദിവസേന ആയിരങ്ങളും പതിനായിരങ്ങളും വച്ച് സമ്പാദിച്ച റിസോർട്ട് മാഫിയ ഇന്നല്ലെങ്കിൽ നാളെ നിയമത്തിന്റെ മുന്നിൽ കീഴടങ്ങേണ്ടി വരിക തന്നെ ചെയ്യും എന്ന് കൃത്യം 15 വർഷങ്ങൾക്ക് മുൻപ് 2007ൽ പറഞ്ഞ ഒരു ഉദ്യോഗസ്ഥനെ എനിക്ക് അറിയാം. എന്റെ അച്ഛൻ!'-  അനന്തു ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

വിഎസിന്റെ ചിത്രവും രവീന്ദ്രൻ പട്ടയം റദ്ദാക്കിയ വാർത്തയും ചേർത്താണ് അരുൺ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ചിത്രത്തിന് അഭിവാദനം നൽകി നിരവധി പേർ കമന്റുകൾ പങ്കുവച്ചു. പൊതുവേദികളിൽനിന്ന് അകന്ന് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്.  

വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ, 1997ൽ അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ.രവീന്ദ്രൻ വ്യാപകമായി അനധികൃത പട്ടയങ്ങൾ അനുവദിച്ചതു കണ്ടെത്തിയിരുന്നു. തുടർന്നുളള അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 530 ലേറെ പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുൻപോട്ട് പോയത്. 

എന്നാൽ, തന്നെ വ്യാജനെന്നു മുദ്രകുത്തിയത് വി.എസ്.അച്യുതാനന്ദനാണെന്നും പാർട്ടി ഓഫിസുകൾ സംരക്ഷിക്കാനുള്ള സമ്മർദം സ്വന്തം പാർട്ടിയിൽനിന്നും ഘടകകക്ഷിയിൽ നിന്നുമുണ്ടായപ്പോൾ വിഎസ് നിലപാടു മാറ്റിയെന്നും മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ രവീന്ദ്രൻ ആരോപിച്ചു.

English Summary: Facebook Posts by VA Arun Kumar and Anandu Suresh Kumar over Raveendran Title Deed Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com