ADVERTISEMENT

കൊച്ചി ∙ സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കെ റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയാറാക്കുന്നതിനു മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തിയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിശദ പദ്ധതി രേഖ എങ്ങനെ തയാറാക്കി, എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്, ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നത് എന്നീ ചോദ്യങ്ങളും കോടതി സർക്കാരിനോടു ചോദിച്ചു.

ഡിപിആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴിലേക്കു മാറ്റി. ഹര്‍ജിക്കാരുടെ ഭൂമിയില്‍ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് തടഞ്ഞിട്ടുള്ളത്.

എന്തു സർവേയാണ് ഇപ്പോൾ നടക്കുന്നത്? ഏരിയൽ സർവേയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഡിപിആർ തയാറാക്കാനാകുക? നേരിട്ടു സർവേ പൂർത്തിയാക്കാതെ 955 ഹെക്ടർ ഏറ്റെടുക്കാൻ എങ്ങനെയാണ് ഉത്തരവിറക്കാൻ സാധിക്കുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. മറുപടി നൽകാൻ സാവകാശം വേണമെന്നു കോടതിയോട് അഭ്യർഥിച്ച സർക്കാർ, കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയതായും അറിയിച്ചു. അതേസമയം ഹൈക്കോടതിയുടെ പരാമർശങ്ങൾ പദ്ധതിക്കു തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനകം 200ൽ അധികം അതിരടയാള കല്ലുകൾ പിഴുതെറിയപ്പെട്ടിട്ടുണ്ടെന്നും കെ റെയിൽ കോടതിയെ അറിയിച്ചു.

ഡിപിആർ കേന്ദ്ര സർക്കാർ പരിശോധിക്കുകയാണെന്ന നിലപാടാണ് ഇന്നു ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സ്വീകരിച്ചത്. ഡിപിആർ പരിശോധിച്ചു മാത്രമേ പദ്ധതി സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കാനാകൂ. നിതി ആയോഗ് ഉൾപ്പടെയുള്ള ഏജൻസികളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അനുമതി നൽകുക എന്നും കേന്ദ്രം വ്യക്തമാക്കി.

കെറെയിൽ എന്നു രേഖപ്പെടുത്തിയിട്ടുള്ള വലിയ കല്ലുകൾ സ്ഥാപിക്കുന്നതിനു കോടതി നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. പോർവിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതി നേരത്തേ സ്വീകരിച്ചിട്ടുള്ള നിലപാട്. വീടുകളിലേക്കുള്ള പ്രവേശനം തടഞ്ഞു കല്ലുകൾ സ്ഥാപിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുള്ള സിംഗിൾ ബെഞ്ച്, സർവേ നിയമപ്രകാരം ചെറിയ കല്ലുകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നും അറിയിച്ചിട്ടുണ്ട്.

English Summary : How the Silverline DPR prepared?; High Court again raise questions on K rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com