ADVERTISEMENT

തിരുവനന്തപുരം∙ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയില്‍ നിയമപരമായും വസ്തുതാപരമായും തെറ്റുകളെന്നു പൊലീസിനു നിയമോപദേശം. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചു. വിദേശത്തുള്ള മുഖ്യമന്ത്രി തിരികെയെത്തിയ ശേഷം അദേഹത്തിന്റെ അഭിപ്രായം തേടി അപ്പീല്‍ ഫയല്‍ ചെയ്യാനാണു തീരുമാനം.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന േകസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷന്‍സ് കോടതി വിധിയില്‍ അപാകതയെന്ന പൊലീസ് നിലപാടു ശരിവയ്ക്കുന്നതാണു വാക്കാലുള്ള നിയമോപദേശം. കേസിന്റെ വസ്തുതകള്‍ വിലയിരുത്തുന്നതിനൊപ്പം സാക്ഷി മൊഴികളും തെളിവുകളും തള്ളിയ നിയമവ്യാഖ്യാനത്തിലും പിഴവെന്നാണു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. നിയമപരമായി നോക്കിയാല്‍ തന്നെ മുപ്പതിലേറെ പിഴവുകള്‍ കാണാം. തെളിവു നിയമം വ്യാഖ്യാനിച്ചിരിക്കുന്നതിലും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ വിലയിരുത്തിയതിലുമാണ് ഈ പിഴവുകള്‍. 

അതിനാല്‍ കുറ്റകൃത്യത്തിന്റെ വസ്തുതയിലേക്കു കടക്കാതെ വിധിന്യായത്തിലെ പിഴവുകള്‍ മാത്രം ചൂണ്ടിക്കാട്ടി അപ്പീല്‍ അപേക്ഷ തയാറാക്കും. അപ്പീല്‍ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയാണ് ആദ്യ വെല്ലുവിളി. അതിനു ശേഷം കേസിന്റെ വസ്തുത വിലയിരുത്തിയതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ വാദവും തയാറാക്കും. ഈ തരത്തിലാണു പൊലീസിന്റെയും പ്രോസിക്യൂഷന്റെയും നീക്കങ്ങള്‍. അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷ പൊലീസ് അടുത്ത ആഴ്ചയോടെ ആഭ്യന്തര സെക്രട്ടറിക്കു നല്‍കും. വിദേശത്തുള്ള മുഖ്യമന്ത്രി ഈ മാസം ഒടുവില്‍ തിരികെയെത്തിയ ശേഷമേ അപ്പീല്‍ അനുമതിയില്‍ അന്തിമ അനുമതിയാകു. എങ്കിലും തത്വത്തില്‍ അനുവാദമായതിനാല്‍ അപ്പീല്‍ അപേക്ഷ തയാറാക്കാനുള്ള നടപടിക്ക് തുടക്കമായി.

English Summary: Nun rape case verdict, police procedure for appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com