ADVERTISEMENT

തിരുവനന്തപുരം∙ 'ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഇനി ആര്‍ക്കും സംഭവിക്കരുത്. ഉപദ്രവിച്ച പൊലീസുകാര്‍ക്കെതിരെ കേസിനു പോകാനില്ല. കേസ് കൊടുത്താലും നഷ്ടപ്പെട്ട മകളെ തിരിച്ചു കിട്ടില്ലല്ലോ. ചെയ്തത് തെറ്റാണെന്ന് ആ പൊലീസുകാര്‍ക്കു മനസില്‍ തോന്നിയാല്‍ മതി'- കോവളം ആഴാക്കുളത്തെ വീട്ടിലിരുന്ന് ഗീത പറഞ്ഞു.

വളര്‍ത്തു മകള്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഒരു വര്‍ഷം പൊലീസിന്റെ പീഡനത്തിനിരയായവരാണ് ഗീത-ആനന്ദ ചെട്ടിയാര്‍ ദമ്പതികള്‍. വിഴിഞ്ഞം പനവിള സ്വദേശിനി ശാന്തകുമാരിയുടെ കൊലപാതക കേസ് അന്വേഷണത്തിനിടെയാണ് കേസിലെ പ്രതികളായ റഫീക്കാ ബീവിയും മകന്‍ ഷെഫീക്കും പെണ്‍കുട്ടിയെ തങ്ങളാണ് കൊലപ്പെടുത്തിയതെന്നു വെളിപ്പെടുത്തിയത്. അതുവരെ പൊലീസിന്റെ വേട്ടയാടലും നാട്ടുകാരുടെ ഒറ്റപ്പെടലും സഹിച്ചു കഴിയുകയായിരുന്നു വൃദ്ധ ദമ്പതികള്‍.

ഗീതയുടെ വാക്കുകള്‍

'പൊലീസുകാര്‍ക്കെതിരെ കേസിനു പോകുന്നില്ല. അങ്ങനെ പോയാലും മരിച്ചു പോയ മകള്‍ തിരിച്ചു വരില്ലല്ലോ. പൊലീസുകാര്‍ക്കെതിരെ ഇനി നടപടി വന്നിട്ട് എന്തു കാര്യം? അനുഭവിക്കാനുള്ളതെല്ലാം ഒരു വര്‍ഷത്തിനിടെ അനുഭവിച്ചു. കേസിനൊന്നും പോകുന്നില്ല. അനുഭവിച്ച യാതന ഓര്‍ക്കുമ്പോള്‍ പറഞ്ഞു പോകുന്നതാണ്. അവര് മനസ് കൊണ്ടു വിചാരിക്കട്ടെ, ചെയ്തത് തെറ്റാണെന്ന്. 

പൊലീസുകാര്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചില്ല. ഭര്‍ത്താവിനെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കാലിന്റെ വെള്ളയില്‍ അടിച്ചു. അടി മാത്രമാണെങ്കില്‍ അതു മാഞ്ഞുപോകും. പൊലീസുകാരുടെ സംഭാഷണം ക്രൂരമായിരുന്നു. ആ സംഭാഷണം കേട്ടപ്പോള്‍ ഇതൊക്കെയാണോ പൊലീസ് സ്റ്റേഷനില്‍ നടക്കുന്നതെന്നു തോന്നിപ്പോയി. കൊച്ചിനെ പൈസയ്ക്കു വിറ്റതാണെന്നൊക്കെ പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വിളിക്കുന്ന ദൈവത്തിനു ശക്തിയുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.'

'അയല്‍വാസികളായിരുന്നു റഫീക്കയും ഷെഫീക്കും. എന്റെ കൂടെ ഉണ്ടായിരുന്ന അവര്‍ ചതിച്ചു. വീടിനടുത്തിരുന്ന് ഈ ചതി ചെയ്യുമെന്നു കരുതിയില്ല. അന്നു ശരിയായി റഫീക്കയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ സത്യം പുറത്തു വരുമായിരുന്നു. മകളുടെ കൊലപാതകിയെന്ന് പ്രചാരണം ഉണ്ടായതോടെ നാട്ടുകാര്‍ ഒറ്റപ്പെടുത്തി. ഒരു വര്‍ഷമായി വീടിനു പുറത്തിറങ്ങിയിട്ടില്ല. എന്നെ കാണുമ്പോള്‍ അയല്‍വാസികള്‍ വീട്ടിനുള്ളിലേക്കു കയറിപ്പോകും. തൊഴിലുറപ്പിനു പോകുമ്പോള്‍ കുറ്റപ്പെടുത്തും. സ്ത്രീധനം കൊടുക്കാന്‍ മടിച്ചിട്ടാണ് മകളെ കൊന്നതെന്നു പറയും. പൊലീസ് നിരന്തരം മാസസികമായി പീഡിപ്പിച്ചപ്പോള്‍ ഞാന്‍ കുറ്റം ഏറ്റു. പക്ഷേ തെളിവില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇനി ഒരു അമ്മയെയും പൊലീസ് ഇങ്ങനെ ചെയ്യരുത്. റേഷന്‍ ഉള്ളതുകൊണ്ടാണ് പട്ടിണിയില്ലാതെ പോകുന്നത്. ക്യാന്‍സര്‍ രോഗിയാണ്. ചികില്‍സയ്ക്കും ബുദ്ധിമുട്ടാണ്'-ഗീത പറയുന്നു.

tvm-murder-2
കോവളം ആഴാകുളം ചിറയിൽ ഒരു വർഷം മുൻപ് ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റഫീക്കാ ബീവിയും മകൻ ഷെഫീക്കും

2021 ജനുവരി 14നാണ് വൃദ്ധ ദമ്പതികളുടെ വളര്‍ത്തു മകള്‍ ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെടുന്നത്. ദമ്പതികളുടെ വീടിനടുത്താണ് റഫീക്കയും മകന്‍ ഷെഫീക്കും വാടകയ്ക്കു താമസിച്ചിരുന്നത്. രക്ഷിതാക്കള്‍ തൊഴിലുറപ്പ് ജോലിക്കു പോകുമ്പോള്‍ ഷെഫീക്ക് പലതവണ കുട്ടിയെ പീഡിപ്പിച്ചു. വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോഴാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. എന്നാല്‍, രക്ഷിതാക്കളെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്.

'കൊലപാതക കുറ്റം അടിച്ചേല്‍പ്പിക്കാന്‍ പൊലീസ് ക്രൂരത'

മക്കളില്ലാത്ത ഇവര്‍ 14 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയെ വളര്‍ത്തു മകളായി ജീവിതത്തിലേക്കു കൊണ്ടുവന്നത്. ഇല്ലായ്മകള്‍ നിറഞ്ഞ ജീവിതത്തിലും അതൊന്നു അറിയിക്കാതെയാണ് 14 കൊല്ലം മകളായി വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടിയെ നാളത്തെ ജീവിതത്തിന്റെ തണലായാണ് ദമ്പതികള്‍ കണ്ടത്. അപ്പോഴാണ് വിധി ദുരന്തമായി എത്തിയത്. പെണ്‍കുട്ടിയുടെ കൊലപാതകം നടത്തിയത് ഇവരാണെന്നു പറഞ്ഞപ്പോള്‍ ആദ്യം അയല്‍ക്കാരും വിശ്വസിച്ചില്ല. എന്നാല്‍ പൊലീസ് കുറ്റം ആരോപിച്ചപ്പോള്‍ അവരും അത് ഏറ്റു ചൊല്ലി.

യഥാര്‍ഥ കൊലപാതകികളെ കണ്ടെത്തിയപ്പോള്‍ ഈ രക്ഷിതാക്കള്‍ക്ക് ഇതു രണ്ടാം ജന്മമായി. കൊലപാതക കുറ്റം അടിച്ചേല്‍പ്പിക്കാന്‍ പൊലീസ് സ്വീകരിച്ച ക്രൂരത ആനന്ദ ചെട്ടിയാര്‍ ഓര്‍ത്തെടുത്തപ്പോള്‍ കേട്ടു നിന്നവര്‍പോലും ഞെട്ടിപ്പോയി. 'ഒരുപാട് തവണ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കാലിന്റെ വെള്ളയില്‍ അടിച്ചു. കുറേ നാള്‍ പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല.'-ആനന്ദചെട്ടിയാര്‍ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് 14 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ഷഫീക്കിനെ കഴിഞ്ഞ ആഴ്ച മറ്റൊരു കൊലപാതക കേസില്‍ പിടിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.  പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖ് താമസിച്ചിരുന്നത്. കൊല നടന്ന ദിവസവും പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നതായി ഷെഫീഖ് സമ്മതിച്ചു. പീഡന വിവരം വീട്ടില്‍ പറയാതിരിക്കാനാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തല ഭിത്തിയില്‍ ശക്തിയായി ഇടിപ്പിക്കുകയായിരുന്നു. ബോധം കെട്ട് നിലത്തു വീണ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ഷെഫീഖ് സമ്മതിച്ചു.

English Summary : Parents who was tortured in the name of 14 year old girl who was raped and killed in Kovalam speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com