ADVERTISEMENT

കൊച്ചി∙ കോടികൾ മുടക്കി റെയിൽവേയിൽ യന്ത്രവൽകൃത ലോൺട്രി സ്ഥാപിച്ച കരാറുകാരെ കോവിഡ് ചതിച്ചു. സഹായിക്കേണ്ട റെയിൽവേയാകട്ടെ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി ഉയരുന്നു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനുകളിൽ യാത്രക്കാർക്കു വിതരണം ചെയ്യുന്ന ബെഡ് ഷീറ്റുകളും കമ്പിളി പുതപ്പുകളും അലക്കാൻ ആറു കോടി രൂപ ചെലവിൽ എറണാകുളത്തു സ്ഥാപിച്ച ആധുനിക ലോൺട്രിയാണു ഉപയോഗിക്കാതെ കിടന്നു നശിക്കുന്നത്.

laundry-5
ലോൺട്രി യൂണിറ്റ്. ചിത്രം∙റോബിൻ

എറണാകുളം ജംക്‌ഷൻ സ്റ്റേഷനിൽ ബിഒടി വ്യവസ്ഥയിൽ നിർമിച്ച സംവിധാനമാണു രണ്ടര വർഷമായി പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ അടച്ചിട്ടിരിക്കുന്നത്. എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിനുകൾക്കാവശ്യമായ ബെഡ് റോളുകൾ, കർട്ടനുകൾ, കമ്പിളികൾ, ടൗവലുകൾ, തലയണ കവറുകൾ എന്നിവ വൃത്തിയാക്കാനാണു ഇതു സ്ഥാപിച്ചത്.കോവിഡിന്റെ പേരിൽ എസി കോച്ചുകളിൽ ബെഡ് റോൾ വിതരണം റെയിൽവേ നിർത്തിയതോടെ കരാറുകാരനായ കളമശേരി സ്വദേശി ആന്റണി വഴിയാധാരമായി. പ്രതിദിനം 5 ടൺ തുണികൾ കഴുകി വൃത്തിയാക്കാൻ ശേഷിയുള്ളതാണു ഈ ലോൺട്രി യൂണിറ്റ്. 45 മിനിറ്റിൽ 750 ബെഡ് ഷീറ്റുകൾ (300 കിലോ) കഴുകി പിഴിയുന്ന വാഷ് എക്സ്ട്രാക്ടർ, കഴുകിയ ഷീറ്റുകൾ തേച്ച് മടക്കി പുറത്തു എത്തിക്കുന്ന കലണ്ടർ, ഫോൾഡർ മെഷീനുകൾ, ടൗവലുകൾ ഉണക്കുന്ന വലിയ 2 ഡ്രൈയറുകൾ എന്നിവയടങ്ങുന്നതാണു യൂണിറ്റ്. വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത മെഷീനുകളാണു മിക്കതും. 

വാഷിങ് എക്സ്ട്രാക്ടറിന് 45 ലക്ഷം രൂപയും കലണ്ടറിന് 66 ലക്ഷവും ഫോൾഡറിന് 43 ലക്ഷവും ഡ്രൈയറിന് 14 ലക്ഷം രൂപയുമാണു കസ്റ്റംസ് ഡ്യൂട്ടി അടക്കം വില. എല്ലാ മെഷീനുകളും 2 വീതമുണ്ട്.  പദ്ധതിക്കു റെയിൽവേ, ഭൂമി മാത്രമാണു നൽകുന്നത്. കരാർ എടുത്ത കമ്പനിയാണു  കെട്ടിടമുൾപ്പെടെ നിർമിച്ചത്. 10 വർഷത്തിനു ശേഷം റെയിൽവേയ്ക്കു യൂണിറ്റുകൾ കരാറുകാർ കൈമാറണം. 4 വർഷമായി കൊച്ചുവേളിയിൽ ഇതേ രീതിയിലുള്ള ഒരു യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിനുകൾക്കെല്ലാം അതിൽ നിന്നാണു ബെഡ് റോൾ സപ്ലൈ ചെയ്തിരുന്നത്. 

laundry-3
ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങൾ. ചിത്രം∙റോബിൻ

∙പ്രവർത്തനം ഇങ്ങനെ 

യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ നിന്നു ശേഖരിക്കുന്ന ഷീറ്റുകൾ ലോൺട്രി യൂണിറ്റുകളിൽ എത്തിക്കുന്നു. വാഷ് എക്സ്ട്രാക്ടറിൽ നിറയ്ക്കുന്നു. വാഷ് എക്സ്ട്രാക്ടറിൽ കഴുകി പിഴിഞ്ഞ തുണികൾ 10 ശതമാനം ഈർപ്പത്തോടെ കലണ്ടർ മെഷീനിൽ കയറ്റിവിടുന്നു. ഇതിലാണു ബെഡ് ഷീറ്റുകൾ തേയ്ക്കുന്നത്. ബോയിലറിൽ നിന്നുള്ള നീരാവിയാണു മെഷീനിൽ ഉപയോഗിക്കുന്നത്. തേച്ച ബെഡ് ഷീറ്റുകൾ അടുത്തതായി ഫോൾഡിങ് മെഷീനുള്ളിലേക്കാണു കടക്കുക. മടക്കി വൃത്തിയാക്കി ഷീറ്റുകൾ പുറത്ത് എത്തും. ഇവ ശേഖരിച്ചു ട്രെയിനുകളിൽ ലോഡ് ചെയ്യാനായി വീണ്ടും സ്റ്റേഷനുകളിൽ എത്തിക്കുന്നു. 

laundry-2
വാഷിങ് യൂണിറ്റ്. ചിത്രം∙റോബിൻ

∙കടബാധ്യത തീർക്കാൻ വഴിയില്ലാതെ കരാറുകാർ 

ബാങ്ക് വായ്പയെടുത്താണു ഇതെല്ലാം ചെയ്തതെന്നു ആന്റണി പറയുന്നു. യൂണിറ്റ് പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ അറ്റകുറ്റപ്പണിക്കുള്ള പണമെങ്കിലും റെയിൽവേ നൽകണമെന്നും അല്ലെങ്കിൽ ട്രെയിനുകളിൽ ബെഡ് റോൾ വിതരണം പുനരാരംഭിക്കുന്നതു വരെ പുറത്തു നിന്നു തുണികൾ കൊണ്ടു വന്നു യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള അനുമതി നൽകണമെന്നുമാണു  ആവശ്യം. ഹോട്ടലുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിരികൾ എത്തിച്ചു വൃത്തിയാക്കി നൽകാനുള്ള അനുമതിയാണു ഇവർ ചോദിക്കുന്നത്. മറ്റു പല റെയിൽവേ സോണുകളിലും അറ്റകുറ്റപ്പണിക്കുള്ള പണം നൽകുന്നുണ്ടെങ്കിലും ദക്ഷിണ റെയിൽവേ സഹായിക്കുന്നില്ലെന്നാണു പരാതി. 

laundry-4
ഫോൾഡർ മെഷീൻ. ചിത്രം∙റോബിൻ

യൂണിറ്റ് പ്രവർത്തനം ആരംഭിച്ചാൽ യാത്രക്കാർക്കു നല്ല വൃത്തിയുള്ള ബെഡ് ഷീറ്റുകളും കമ്പിളികളും ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ബെഡ് റോൾ വിതരണം ഇല്ലെന്നു കാണിച്ചു എസ്എംഎസ് അയക്കുകയാണു റെയിൽവേ ചെയ്യുന്നത്. യാത്രക്കാർ ഇപ്പോൾ ബെഡ് ഷീറ്റ് വീട്ടിൽ നിന്നു കൊണ്ടു വരണം.  ലോൺട്രി സംവിധാനം പിന്നീട് പ്രവർത്തിപ്പിക്കണമെങ്കിലും ഈ മെഷീനുകൾ കേടു വരാതെ സൂക്ഷിക്കണം. ഈ വിഷയത്തിൽ കോടതിയിൽ േകസ് നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ.എന്നാൽ കോടതി റെയിൽവേയോടു വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നു നിർദേശിക്കുകയാണു ചെയ്തിരിക്കുന്നതെന്നു കരാറുകാർ പറയുന്നു. 

പ്രശ്നം ഉത്തരേന്ത്യയിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ ഉന്നയിച്ചപ്പോൾ സോണൽ റെയിൽവേകൾക്കു ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണു റെയിൽവേ ബോർ‍ഡ് സ്വീകരിച്ചത്. കരാറുകാരുടെ സംഘടന കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ കാണുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്നീ സോണുകളിൽ കരാറുകാർക്കു അറ്റകുറ്റപ്പണിക്കുളള തുക വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ യന്ത്രവൽകൃത ലോൺട്രികൾ പുനരാരംഭിക്കുമെന്നാണു റെയിൽവേ പറയുന്നത്. 

laundry-6
ബെഡ് ഷീറ്റ് ഉണക്കി തേയ്ക്കുന്ന കലണ്ടർ മെഷീൻ. ചിത്രം∙റോബിൻ

∙കർട്ടനില്ലാത്തതും പ്രശ്നം

കോവിഡിന്റെ പേരിൽ കർട്ടനൊഴിവാക്കിയതോടെ എസി കോച്ചുകളിൽ സമാധാനമായി ഉറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു. വീതിയേറിയ ഗ്ലാസായതിനാൽ  ഒാരോ സ്റ്റേഷനെത്തുമ്പോഴും കണ്ണിലേക്കു വെളിച്ചം അടിക്കും. പുതിയ കോച്ചുകളിൽ സിസിടിവി ക്യാമറകൾ കൂടി വന്നതോടെ വാതിലിനു സമീപമുള്ള ബെർത്തുകളിൽ കിടക്കുന്നവർ ക്യാമറയെ കൂടി പേടിക്കണം. കർട്ടനില്ലാത്തതിനാൽ ക്യാമറകൾ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന പരാതിയും ഉയരുന്നുണ്ട്.

English Summary: Railway laundry in ernakulam remain unused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com