ADVERTISEMENT

ഐഎംഎയുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രമായ പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഇമേജ് എന്ന സ്ഥാപനത്തിലുണ്ടായ തീപിടിത്തം കഴിഞ്ഞ ദിവസത്തോടെ ഏറെക്കുറേ പൂർണമായി അണച്ചു. എന്നാൽ അവിടെനിന്ന് ഉയർന്ന തീപ്പൊരികൾ സമൂഹത്തിന്റെ വിവിധ തുറകളിലെ സാമൂഹിക, പരിസ്ഥിതി പ്രവർത്തകർക്കിടയിൽ കാട്ടുതീയായി ആളിപ്പടരുകയാണ്. 

പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ചും അളവിൽ കവിഞ്ഞ മാലിന്യം സംഭരിച്ചതായി ആരോപിച്ചും ഇമേജിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ഇത്തരമൊരു സ്ഥാപനം ഇല്ലാതിരുന്നെങ്കിൽ കേരളത്തിലെ ടൺ കണക്കിനു വരുന്ന മെഡിക്കൽ മാലിന്യങ്ങൾ എന്തു ചെയ്യുമായിരുന്നു, എങ്ങോട്ടു കൊണ്ടുപോകുമായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കു കൂടി ഉത്തരം പറയേണ്ടതുണ്ട്. ഇമേജിന്റെ ‘ഇമേജിന്’ കോട്ടം തട്ടുമ്പോൾ തകരുന്നത് കേരളത്തിലെ മെഡിക്കൽ മാലിന്യ സംസ്കരണ ശൃംഖലയുടെ സന്തുലനാവസ്ഥ കൂടിയാണ്.

ഇമേജ് എങ്ങനെ ഇമേജായി

കേരളത്തിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) കീഴിൽ 2004 ജനുവരിയിലാണ് പാലക്കാട് മലമ്പുഴയിൽ 25 ഏക്കർ സ്ഥലത്ത് ഇമേജ് എന്നൊരു സ്ഥാപനം ആരംഭിക്കുന്നത്. ബയോ മെഡിക്കൽ മാലിന്യങ്ങളുടെ സംസ്കരണവുമായി ബന്ധപ്പെട്ട് 2002ൽ പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഇത്തരമൊരു പ്ലാന്റ് രൂപീകരിക്കാനുള്ള ആലോചന ആരംഭിക്കുന്നത്. അതുവരെ കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്ന പ്ലാന്റുകളിൽ എത്തിച്ചാണ് സംസ്കരിച്ചിരുന്നത്. എന്നാൽ ഇതിന്റെ പ്രായോഗിക പ്രയാസവും ഭീമമായ ചെലവും അത്തരം പ്ലാന്റുകളുടെ സമീപത്തു താമസിക്കുന്നവരിൽ നിന്നുയർന്ന പ്രതിഷേധവുമെല്ലാം പരിഗണിച്ച് കേരളത്തിൽ തന്നെ ഇത്തരമൊരു പ്ലാന്റ് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. 

IMAGE-palakkad
ഇമേജ് പ്ലാന്റിൽ സംസ്കരിക്കാൻ കൊണ്ടുവന്ന മാലിന്യം. ചിത്രം: മനോരമ

അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഐഎംഎയുമായി ചർച്ച ചെയ്തതു പ്രകാരമാണ് മലമ്പുഴയിൽ പ്ലാന്റ് ആരംഭിക്കാൻ തീരുമാനിക്കുന്നത്. ഐഎംഎ തന്നെ നേരിട്ടായിരുന്നു പ്ലാന്റിന്റെ നിർമാണച്ചുമതല ഉൾപ്പെടെ നിർവഹിച്ചത്. തുടക്ക കാലത്ത് പ്ലാന്റിനെതിരെ ചില ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം മറികടന്ന് 2003ൽ പ്ലാന്റ് പണി പൂർത്തിയാക്കി. 2004 ജനുവരി മുതൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. ഐഎംഎ ആണ് പ്ലാന്റിന്റെ മുഴുവൻ ചെലവും വഹിച്ചത്.

ഒരേയൊരു ഇമേജ്

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ഇരുപതിനായിരത്തോളം ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ ഇമേജിൽ സംസ്കരിക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം ഇത്രയും ഉയർന്നത്. എന്നാൽ വർഷാവർഷം ആശുപത്രികളുടെ എണ്ണവും മെഡിക്കൽ മാലിന്യങ്ങളുടെ അളവും കുതിച്ചുയരുമ്പോഴും ഇവ കൃത്യമായി സംസ്കരിക്കാൻ ഇമേജല്ലാതെ മറ്റൊരു സംവിധാനം ഒരുക്കാൻ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല.

fire-rescue
ഇമേജ് പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ കാഴ്‌ച. തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാ പ്രവർത്തകൻ. ചിത്രം: മനോരമ

ആശുപത്രികളിൽ നിന്നു നിശ്ചിത നിരക്ക് ഇടാക്കിയാണ് മാലിന്യങ്ങൾ ഇമേജ് എടുക്കുന്നത്. ഇത്തരത്തിൽ എടുക്കുന്ന മാലിന്യം ശാസ്ത്രീയമായ രീതിയിൽ ഇമേജിൽ സംസ്കരിക്കുന്നു. ദിവസേന ഏതാണ്ട് 45 ടൺ മെഡിക്കൽ മാലിന്യങ്ങൾ ഇവിടെ എത്തുന്നു. 55.8 ടൺ മാലിന്യം ഒരു ദിവസം സംസ്കരിക്കാനുള്ള ശേഷി ഇമേജിനുണ്ട്. എന്നാൽ കോവിഡ് രൂക്ഷമായതോടെ മാലിന്യത്തിന്റെ വരവ് ഗണ്യമായി വർധിച്ചു. അതുകൊണ്ടുതന്നെയാണ് അളവിൽ കവിഞ്ഞ മാലിന്യം ഇവിടെ സൂക്ഷിക്കേണ്ടിവരുന്നത്. ഇമേജിൽ അഗ്നിബാധ ഉണ്ടായപ്പോൾ ജനപ്രതിനിധികൾ ഉൾപ്പെടെ വിമർശിച്ചതും ഈ അളവിൽ കവിഞ്ഞ മാലിന്യ സംഭരണത്തെയായിരുന്നു. പക്ഷേ, ഇത് ഇവിടെ അല്ലാതെ മറ്റെവിടെ സൂക്ഷിക്കുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

തരം തിരിച്ചുള്ള സംസ്കരണം

യെലോ, റെഡ്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് കാറ്റഗറിയായി തരംതിരിച്ചാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ ആശുപത്രികളിൽ നിന്ന് ഇമേജിലേക്ക് മാലിന്യം എത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റെഡ് കാറ്റഗറിയിൽ വരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അണുവിമുക്തമാക്കിയ ശേഷം റീസൈക്ലിങ് നടത്താൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് കൈമാറും. മൈക്രോ ബയോളജിക്കൽ മാലിന്യങ്ങൾ, ഡോക്ടർമാർ ഉപയോഗിക്കുന്ന മാസ്ക്കുകൾ തുടങ്ങിയവ യെലോ കാറ്റഗറിയിൽ ഉൾപ്പെടുന്നു. ഇവ അണുവിമുക്തമാക്കിയ ശേഷം ഇൻസിനറേറ്റർ വഴി ഉയർന്ന താപനിലയിൽ കത്തിച്ച് ഫിൽറ്ററുകൾ വഴി ശുദ്ധീകരിച്ച് ശുദ്ധവായുവായി പുറത്തേക്കുവിടുന്നു. ഇത്തരത്തിൽ 5 ഇൻസിനറേറ്ററുകളാണ് ഇവിടെയുള്ളത്. 

വാക്സീനുകളും മറ്റും സൂക്ഷിക്കുന്ന വയൽ, മറ്റ് കുപ്പികൾ തുടങ്ങിയവ ബ്ലൂ കാറ്റഗറിയിലും സിറിഞ്ചുകളുടെ നീഡിൽ (സൂചി) ഉൾപ്പെടെയുള്ള വൈറ്റ് കാറ്റഗറിയിലും ഉൾപ്പെടുന്നു. ഇവ ഇതേ പ്രകാരം അണുവിമുക്തമാക്കിയ ശേഷം റീസൈക്ലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിട്ടുനൽകും. പുനരുപയോഗിക്കാൻ സാധ്യമല്ലാത്തവ ശാസ്ത്രീയമായ രീതിയിൽ ഇവിടെ തന്നെ സംസ്കരിക്കും. ഇത്തരത്തിൽ കൃത്യമായി തരംതിരിച്ച ശേഷം മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാൽ യാതൊരു വിധ മലിനീകരണ പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ഇമേജ് അധികൃതർ പറയുന്നു. സംസ്ഥാനത്തൊട്ടാകെ 765 ജോലിക്കാരാനാണ് ഇമേജിനുവേണ്ടി പ്രവർത്തിക്കുന്നത്. മലമ്പുഴ പ്ലാന്റിൽ മാത്രം 250 പേർ ജോലി ചെയ്യുന്നു.

ഇമേജ് എന്ന കോവിഡ് പോരാളി

മെഡിക്കൽ മാലിന്യങ്ങളുടെ അളവിൽ ഭീമമായ വർധന ഉണ്ടായ സമയമാണ് കോവിഡ് കാലം. കോവിഡുമായി ബന്ധപ്പെട്ടുമാത്രം ഏതാണ്ട് 10000 ടൺ മെഡിക്കൽ മാലിന്യങ്ങൾ ഇമേജിൽ സംസ്കരിച്ചതായി അധികൃതർ പറയുന്നു. കോവിഡ് ചികിത്സ നടക്കുന്ന ആശുപത്രിയിലേക്കു പോകാൻ പോലും ആളുകൾ മടിക്കുന്ന സമയത്ത് അത്തരം മാലിന്യങ്ങൾ സംസ്കരിക്കാൻ ഇമേജ് മുൻകൈ എടുത്തില്ലായിരുന്നെങ്കിൽ കേരളത്തിൽ കോവിഡ് മാലിന്യങ്ങൾ വ്യാപകമായി കെട്ടിക്കിടന്നേനെ. ഇത് മറ്റുപല പകർച്ചവ്യാധികൾക്കും കാരണമായേനെ. എന്നിട്ടും ഇമേജിലെ തീപിടിത്തത്തിന്റെ പേരിൽ തങ്ങളെ ക്രൂശിക്കാനാണ് ചിലർക്കു താൽപര്യമെന്നും കോവിഡ് കാലത്ത് ഇമേജ് ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ ‘ആരോഗ്യ മേഖലയുടെ ഇമേജ്’ എന്താകുമായിരുന്നെന്നു ചിന്തിച്ചിട്ടുണ്ടോ എന്നും ഇമേജ് അധികൃതർ ചോദിക്കുന്നു.

വേണം, എല്ലാ ജില്ലകളിലും സംസ്കരണ പ്ലാന്റ്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന ഐഎംഎയുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സർക്കാർ സ്ഥലം കണ്ടെത്തിത്തന്നാൽ സ്വന്തം ചെലവിൽ സ്ഥലം വാങ്ങി, പ്ലാന്റ് ആരംഭിക്കാൻ ഐഎംഎ തയാറാണ്. എന്നാൽ പല സ്ഥലങ്ങളിലും ജനകീയ പ്രക്ഷോഭങ്ങൾ മൂലം സ്ഥലം ഏറ്റെടുക്കാനോ ഏറ്റെടുത്ത സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാനോ സാധിക്കുന്നില്ല. തിരുവനന്തപുരം പാലോട് ഇത്തരത്തിൽ പ്ലാന്റ് സ്ഥാപിക്കാനായി വാങ്ങിയ സ്ഥലം ഇപ്പോഴും ഉപയോഗിക്കാനാകാതെ കിടക്കുകയാണ്. 

image-fire
ഐഎംഎയുടെ മാലിന്യ സംസ്കരണ പ്ലാന്റായ ഇമേജിൽ തീപിടുത്തമുണ്ടായപ്പോൾ. ചിത്രം: മനോരമ

എല്ലാ ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിലും ഓരോ മേഖല തിരിച്ചെങ്കിലും പ്ലാന്റുകൾ സ്ഥാപിക്കാൻ സഹായിക്കണമെന്ന ഐഎംഎയുടെ ആവശ്യത്തിന് സർക്കാർ ഇതുവരെ ചെവികൊടുത്തിട്ടില്ല. മാലിന്യ സംസ്കരണ പ്ലാന്റ് എന്നു കേൾക്കുമ്പോ‍ൾ നഗരസഭയുടെ മാലിന്യ സംസ്കരണരീതിയാണ് ഇമേജിന്റേതും എന്ന തെറ്റിദ്ധാരണയാണ് ജനങ്ങൾക്കുള്ളതെന്നും എന്നാൽ മെഡിക്കൽ മാലിന്യങ്ങൾ 100 ശതമാനം ശാസ്ത്രീയമായ രീതിയിലാണ് ഇമേജിൽ സംസ്കരിക്കുന്നതെന്നും ഇമേജ് നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. പി. സജീവ് കുമാർ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്ലാന്റുകളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയാണ് ആദ്യം വേണ്ടതെന്നാണ് ഇമേജിന്റെ ആവശ്യം.

English Summary: IMA's Biomedical Plant in Palakkad, 'IMAGE' and how Public is Responding to their Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com