ADVERTISEMENT

തിരുവനന്തപുരം ∙ സില്‍വര്‍ലൈന്‍ ട്രെയിൻ യാത്ര തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ ടിക്കറ്റ് നിരക്ക് ഉയരും. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ടിക്കറ്റ് നിരക്ക് 2067 രൂപയെന്നാണു ഡിപിആര്‍ വ്യക്തമാക്കുന്നത്. 1457 രൂപയാണ് നിരക്ക് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് 2020ലെ കണക്കുകള്‍ വച്ചുള്ള നിരക്കു മാത്രമാണെന്നു ഡിപിആര്‍ വ്യക്തമാക്കുന്നു. 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യാത്ര ചെയ്യാന്‍ 1457 രൂപയെന്നായിരുന്നു ഇതുവരെ സര്‍ക്കാരും കെ റെയില്‍ അധികൃതരും പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഡിപിആര്‍ തയാറാക്കിയ 2020ലെ കണക്ക് മാത്രമാണെന്നതാണ് വസ്തുത. കിലോമീറ്ററിന് 2.75 രൂപ വച്ചാണ് 530 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 1457 രൂപയെന്നു കണക്കാക്കിയത്. വര്‍ഷംതോറും ഇതില്‍ 6 ശതമാനം വര്‍ധനയുണ്ടാകുമെന്നു ഡിപിആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2025–26ല്‍ സില്‍വര്‍ലൈന്‍ സര്‍വീസ് ആരംഭിക്കാനാണു പദ്ധതി. വാര്‍ഷിക നിരക്കുവര്‍ധനവച്ച് അപ്പോഴേക്കും കിലോമീറ്ററിന് 3.90 രൂപയാകും യാത്രാനിരക്ക്. തിരുവനന്തപുരത്തുനിന്നു കാസര്‍കോടെത്താന്‍ 2067 രൂപ. അടുത്ത വര്‍ഷം ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 4.13 രൂപയാകും. 2050 ആകുമ്പോഴേക്കും കിലോമീറ്ററിന് 15.79 രൂപയാകും നിരക്ക്. അതായത് 2050ല്‍ തിരുവനന്തപുരത്തുനിന്നു കാസര്‍കോടെത്താന്‍ 8368 രൂപ ചെലവാക്കണം.

തിരുവനന്തപുരം – കാസര്‍കോട് യാത്രയ്ക്ക് 1457 രൂപയെന്നു പറഞ്ഞപ്പോള്‍തന്നെ സില്‍വര്‍ലൈനിന്‍റെ യാത്രാനിരക്ക് ഉയര്‍ന്നതാണെന്നു വ്യാപകമായ ആക്ഷേപമുണ്ടായിരുന്നു. സമ്പന്നര്‍ക്കായുള്ള ഗതാഗതപദ്ധതിയെന്ന വിമര്‍ശനം സില്‍വര്‍ലൈന്‍ വിമര്‍ശകര്‍ ഉയര്‍ത്താന്‍ കാരണവും ഇതാണ്. എന്നാല്‍ നിലവിലെ ഫസ്റ്റ് എസി, സെക്കന്‍ഡ് എസി ട്രെയിന്‍ യാത്രാനിരക്കുമായും വിമാനയാത്രാനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ സില്‍വര്‍ലൈനിന്‍റെ നിരക്കുകള്‍ കുറവാണെന്നു പറഞ്ഞാണ് കെ റെയില്‍ പ്രതിരോധിക്കുന്നത്.

English Summary: Silverline ticket rate my hike- DPR indicates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com