കല്‍പ്പറ്റ∙ വയനാട്ടില്‍ കാല്‍നൂറ്റാണ്ടുകാലം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.എ.മുഹമ്മദ് (84) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1982 മുതല്‍ 2007 വരെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. 2017ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകുംവരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്തും പിന്നീടും നിരവധി സമരങ്ങള്‍ നയിച്ച് ജയില്‍വാസം അനുഭവിച്ചു.
ഭാര്യ: പരേതയായ നബീസ. മക്കള്‍: നിഷാദ് (കെഎസ്ഇബി കോണ്‍ട്രാക്ടര്‍), നെരൂദ (എന്‍ജിനീയര്‍, കെഎസ്ഇബി), പരേതനായ സലിം. മരുമക്കള്‍: ഹാജ്റ (എസ്എസ്എ ഓഫിസ്), സീന, മിസ്രി.
English Summary: Veteran CPM leader P.A. Muhammed passes away