ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ ശപിച്ചതാണ് ഗൂഢാലോചനയായി വ്യാഖ്യാനിച്ചതെന്ന് ദിലീപ്. എന്നാല്‍ ഈ പറച്ചില്‍ വെറും വികാരവിക്ഷോഭമായി കാണാനാകില്ലെന്നും മുന്‍കാലചരിത്രം അതല്ല വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂഷന്‍. ഇരുകൂട്ടരുടെയും വാദങ്ങളെ തള്ളിയും ഉള്‍ക്കൊണ്ടും മുന്നോട്ട് പോയ കോടതി ആര്‍ക്കും അനുകൂലവും പ്രതികൂലവുമല്ലാത്ത ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. 

നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയടക്കം പരിശോധിച്ചാണ് ഹൈക്കോടതി വിശദമായി വാദം കേട്ടത്. പ്രധാനമായും നാല് വാദഗതികളാണ് ദിലീപ് ഉന്നയിച്ചത്. 

ദിലീപിന്റെ പ്രധാന വാദങ്ങൾ

1. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വൈകിക്കുന്നുവെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ പകതീര്‍ക്കലാണ് പുതിയ കേസ്. ഇദ്ദേഹത്തിന്‍റെ മൊഴിയിലും പരാതിയിലും വൈരുധ്യമുണ്ട്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീട്ടലാണ്  ഉദ്ദേശം.    

2. ബാലചന്ദ്രകുമാറിന്‍റെ അഭിമുഖങ്ങള്‍ കെട്ടിച്ചമച്ചതാണ്. പറഞ്ഞുപഠിപ്പിച്ചതാണ്. കെട്ടിയിറക്കിയ സാക്ഷിയാണ്. 

3. ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ശപിക്കലാണ്, ഗൂഢാലോചനയല്ല. ബൈജു പൗലോസിനെ വണ്ടിയിടിച്ചാലും അത് നമ്മള്‍ ചെയ്തതാണെന്ന് പറയുമെന്നാണ് ഉദ്ദേശിച്ചത്.  

വിചാരണക്കോടതിക്കെതിരെ ഗുരുതരപരാമര്‍ശങ്ങള്‍ ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ദിലീപിനെ പ്രതിരോധിച്ചത്. വിചാരണക്കോടതി ദിലീപിനൊപ്പമാണെന്ന് വരെ പ്രോസിക്യൂഷന്‍ തുറന്നടിച്ചു. 

പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങള്‍ 

1. ദിലീപിനെതിരെ ദൃശ്യങ്ങളടക്കമുള്ള നിര്‍ണായക ഡിജിറ്റല്‍ തെളിവുകളുണ്ട്. വീട്ടിലിരുന്ന് വികാര വിക്ഷോഭത്താല്‍ പറഞ്ഞതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്. 

2. ഇതിനകം തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു. 20 സാക്ഷികളാണ് നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 

3. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. സംരക്ഷണത്തോടെയുള്ള ചോദ്യം ചെയ്യല്‍ കേസിനെ ബാധിക്കും. 

ചോദ്യം ചെയ്തിന് ശേഷം മുന്‍കൂര്‍ ജാമ്യത്തില്‍ തീരുമാനമെടുക്കാമെന്ന കോടതി നിര്‍ദേശം പ്രോസിക്യൂഷന്‍ എതിര്‍ത്തു. മുന്‍കൂര്‍ജാമ്യത്തിന് എന്ത് ഉപാധിയും സ്വീകരിക്കാമെന്നായിരുന്നു ദിലീപിന്‍റെ നിലപാട്. ഇത് രണ്ടും കണക്കിലെടുത്താണ് മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് കോടതി അനുമതി നൽകിയത്.

English Summary: Actor Dileeps bail plea hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com