ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. 28, 29, 30 തീയതികളിലായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും വെട്ടിച്ചുരുക്കിയേക്കും. ഹൈക്കോടതി വിധിയെത്തുടർന്നു കാസർകോട് ജില്ലാ സമ്മേളനം ഒറ്റ ദിവസത്തിലൊതുക്കാൻ നിർബന്ധിതമായ സിപിഎം, തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ തിരുവനന്തപുരത്ത് മെഗാ തിരുവാതിരയും ആഘോഷപൂർവം സമ്മേളനവും നടത്തിയാണ് സിപിഎം ആദ്യം വെട്ടിലായത്. സംസ്ഥാനമൊട്ടാകെയുള്ള കോവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെയായിരുന്നു കാസർകോടും തൃശൂരും മുൻ നിശ്ചയപ്രകാരം സമ്മേളനങ്ങളുമായി മുന്നോട്ടു പോയത്. ഒടുവിൽ കോടതി വിധിയുടെ രൂപത്തിൽ പ്രഹരമെത്തിയതോടെ പിൻമാറേണ്ടിവന്നു. 

സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത് മാർച്ച് ഒന്നു മുതൽ എറണാകുളത്താണ്. ആ സമയമാകുമ്പോൾ കോവിഡ് വ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. അല്ലെങ്കിൽ സമ്മേളന തീയതി മാറ്റേണ്ടി വരും. മുൻനിശ്ചയപ്രകാരം സംസ്ഥാന സമ്മേളനം നടന്നാലും അനുബന്ധ പരിപാടികൾ ഉപേക്ഷിക്കേണ്ടി വന്നേക്കാമെന്ന് നേതൃത്വം പറയുന്നു.

cpm-thiruvathira-tvm
തിരുവനന്തപുരത്തു നടന്ന മെഗാ തിരുവാതിര.

ജില്ലകളെ എ, ബി, സി എന്നിങ്ങനെ തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും സിപിഎം സമ്മേളനങ്ങൾ നടന്ന കാസർകോട്, തൃശൂർ ജില്ലകളെ ഈ മൂന്ന് വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നില്ല. സമ്മേളനങ്ങൾ നടത്താൻ വേണ്ടിയായിരുന്നു കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ വളച്ചൊടിച്ചത് എന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. അതെല്ലാം അവഗണിച്ച് സമ്മേളനങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിനിടയിലാണ് തിരിച്ചടിയായി കോടതി വിധിയെത്തിയത്. ഭരണപക്ഷ പാർട്ടിതന്നെ സർക്കാർ നിയന്ത്രണങ്ങൾ അവഗണിക്കുന്നതായി ചർച്ചയുണ്ടായതോടെ പാർട്ടി പ്രതിരോധത്തിലായി. 

കോവിഡ് നിയന്ത്രണങ്ങൾക്കിടെ സിപിഎം വടക്കാഞ്ചേരി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരോക്കാട് സെന്ററിലെ ഗ്രൗണ്ടിൽ നടത്തിയ തിരുവാതിരക്കളി.
തൃശൂരിൽ സംഘടിപ്പിച്ച തിരുവാതിര.

ആക്ഷേപങ്ങളെ മറികടക്കാൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാക്കാൻ പാര്‍ട്ടി കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി. കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എല്ലാ തലങ്ങളിലുമുള്ള പാര്‍ട്ടി ഘടകങ്ങളും അടിയന്തരമായി ഇടപെടാനാണ് നിർദേശം. ലോക്കല്‍ അടിസ്ഥാനത്തില്‍ ഹെല്‍പ് ഡെസ്‌ക്‌ ആരംഭിക്കണം. ബ്രാഞ്ചുകള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ഭക്ഷണം, മരുന്ന്‌ തുടങ്ങിയവ എത്തിക്കാനും സാധ്യമായ ഇടങ്ങളില്‍ ആംബുലന്‍സ്‌ സേവനം നല്‍കാനും കഴിയണമെന്നും പാർട്ടി നിർദേശിച്ചു.

English Summary: After Kerala High Court intervenes CPM Alappuzha District meeting in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com