ദിലീപിനെ 3 ദിവസം ചോദ്യം ചെയ്യാം; വ്യാഴാഴ്ച വരെ അറസ്റ്റു പാടില്ല: ഹൈക്കോടതി

dileep
ദിലീപ് (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതൽ മൂന്നു ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.

ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കരുത്. കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് കോടതി ദിലീപിന് കർശന നിർദേശം നൽകി. വ്യാഴാഴ്ച പ്രോസിക്യൂഷൻ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണം.

പ്രോസിക്യൂഷന്റെ വാദം:

അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു . മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ കോടതിക്കു കൈമാറിയിരുന്നു. വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

ദിലീപിനെതിരെ വിഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ല. ഉപോൽബലകമായ തെളിവുകളുണ്ട്. ചില തെളിവുകള്‍ കോടതിക്കു കൈമാറാം. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. സാക്ഷികളെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നുണ്ട്. മറുപടി പറയാൻ പോലും അനുവദിക്കുന്നില്ലെന്നും രഹസ്യവിചാരണയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണക്കോടതിയെ കുറിച്ച് പരാതിപ്പെട്ട പ്രോസിക്യൂഷൻ, കേസിൽ കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണു പറയുന്നതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

dileep-pulsar-suni
ദിലീപ്, പൾസർ സുനി.

ദിലീപിന്റെ അഭിഭാഷകന്റെ വാദം:

ആവശ്യമെങ്കിൽ ദിവസവും ആറുമണിക്കൂർ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എത് ഉപാധിയും അംഗീകരിക്കാം. ഗൂഢാലോചന നടന്നത് 2017ൽ എന്നു പറയുന്നു. എന്നാൽ ഇതുവരെ ആരെയും അപായപ്പെടുത്തിയിട്ടില്ല. ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയത്. പൊലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചന. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവർഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

ബൈജു പൗലോസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണ് പുതിയ കേസ്. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോൾ ‘അവർ അനുഭവിക്കുമെന്ന്’ ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാകും? ബൈജു പൗലോസിനെ ട്രക്ക് ഇടിച്ചാലും അതു നമ്മൾ ചെയ്യിച്ചെന്ന് വരുമെന്നാണ് ദിലീപ് പറഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു.

ഹൈക്കോടതി പറഞ്ഞത്:

ഗൂഢാലോചന നടത്തുന്നത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഗൂഢാലോചന നടത്തിയാൽ കൃത്യം ചെയ്തില്ലെങ്കിലും കൃത്യം ചെയ്തതായി കണക്കാക്കാം. അതേസമയം, പ്രോസിക്യൂഷൻ തെളിവുകൾ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നിലവിലുള്ള മൊഴിവച്ച് ഗൂഢാലോചന ആരോപണം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗൂഢാലോചന അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ട്. എന്നാല്‍ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്ന് പിന്മാറിയപ്പോഴല്ലേ ആരോപണം വന്നത്? ദിലീപ് മദ്യലഹരിയിലാണോ പറഞ്ഞതെന്ന് അന്വേഷിക്കണം.

ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാൽ പ്രേരണയായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രത്യേക സിറ്റിങ് നടത്തിയാണ് കേസ് കോടതി ഇന്നു പരിഗണിച്ചത്. വിശദമായ വാദം കേൾക്കാൻ സമയം വേണമെന്നു വിലയിരുത്തിയ ജസ്റ്റിസ് പി.ഗോപിനാഥ് ഓൺലൈൻ സിറ്റിങ് ഒഴിവാക്കി കോടതിമുറിയിൽ നേരിട്ടു വാദം കേൾക്കാനായി മാറ്റുകയായിരുന്നു. ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. ഒടുവില്‍ ജാമ്യാപേക്ഷ നല്‍കിയ ശരത്ത് ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു. ശരത്തിന്റെ ഹര്‍ജിയില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.

English Summary: Actress Attack Case: Dileep Anticipatory Bail Plea- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA