ലോറി കണ്ടെത്താൻ സിസിടിവി നോക്കുമ്പോഴും പൊലീസിന്റെയും ഒപ്പം സജി; ‘ദൈവം’ കുടുക്കി

kuthiran-tunnel-lights-broke-1
ഡ്രൈവർ ജിനേഷ്, പിടിയിലായ ലോറി
SHARE

തൃശൂർ ∙ കുതിരാൻ തുരങ്കത്തിലെ 104 എൽഇ‍ഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും തകർത്തു പാഞ്ഞ ടിപ്പർ ലോറിയെ കുടുക്കിയത്, ലോറിയിൽ എഴുതിയിരുന്ന ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ എന്ന വാക്യം. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽനിന്നാണ് ലോറിയുടെ മുൻപില്‍ ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ എന്ന മൂന്ന് ഇംഗ്ലിഷ് വാക്കുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

പിന്നാലെ, തുരങ്കത്തിലെ 90 മീറ്റർ ദൂരത്തിൽ നാശനഷ്ടമുണ്ടാക്കിയ വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ള ലോറി പിടികൂടുകയായിരുന്നു. പിന്‍ഭാഗം താഴ്ത്താതെ തുരങ്കത്തിലേക്കു പ്രവേശിച്ചതാണ് നാശനഷ്ടമുണ്ടാക്കിയത്. ലൈറ്റുകള്‍ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടെങ്കിലും ലോറി നിർത്താതെ പോകുകയായിരുന്നു. ഡ്രൈവർ ചുമന്നമണ്ണ് കുന്നുമ്മേൽ ജിനേഷിനെ (38) പൊലീസ് അറസ്റ്റു ചെയ്തു.

∙ കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടി

രണ്ടു തുരങ്കങ്ങള്‍ക്കു സമീപത്തായി രാവും പകലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. ക്യാമറകള്‍ നിരീക്ഷിക്കാന്‍ ആളുണ്ട്. ഒന്നാം തുരങ്കത്തിലെ ലൈറ്റ് ഓഫായത് കണ്‍ട്രോള്‍ റൂം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ലോറി നിര്‍ത്താതെ പോയതും ഇവര്‍ കണ്ടു. ഉടൻ തന്നെ കെഎംസി കമ്പനിയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. കെഎംസി ഉദ്യോഗസ്ഥര്‍ പൊലീസിനെ ഫോണില്‍ വിളിച്ച് വിവരം കൈമാറി.

∙ പൊലീസ് സംഘം ഉണര്‍ന്നു

തുരങ്കത്തിലെ അപകടം മാധ്യമങ്ങളിൽ വാര്‍ത്തയായതോടെ പൊലീസിന്റെ തലപ്പത്തുനിന്ന് വിളികളായി. ലോറി എത്രയും വേഗം കണ്ടെത്താന്‍ ‘ഉന്നതങ്ങളില്‍’നിന്ന് നിര്‍ദേശമെത്തി. പീച്ചി ഇന്‍സ്പെക്ടര്‍ എസ്.ഷുക്കൂറും സംഘവും അന്വേഷണം തുടങ്ങി. ആദ്യം നോക്കിയത് കണ്‍ട്രോള്‍ റൂമിലെ സിസിടിവി ക്യാമറകളായിരുന്നു. ഒന്നിലും തെളിച്ചമില്ല. ലോറി കടന്നുപോകുന്നത് മാത്രം കാണാം. നമ്പര്‍ പോലും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയില്ലായിരുന്നു.

∙ സൈബര്‍ സെല്ലിന് ദൃശ്യം നല്‍കി

സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി പരിശോധിച്ചു. സൂം ചെയ്ത് ലോറിയുടെ ഓരോ ഭാഗങ്ങളും തിരിച്ചറിയാനായിരുന്നു ശ്രമം. ലോറിയുടെ മുൻപില്‍ മൂന്ന് ഇംഗ്ലിഷ് വാക്കുകള്‍ ഉണ്ടെന്ന് മനസ്സിലായി. ഏറെ പണിപ്പെട്ട് പൊലീസ് സംഘം വായിച്ചെടുത്തു. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു– ‘ഗിഫ്റ്റ് ഓഫ് ഗോഡ്’.

∙ ലോറി ഉടമകളെ വിളിച്ചുവരുത്തി

ദേശീയപാത നിര്‍മാണത്തിനായി കരാര്‍ പ്രകാരം ഓടുന്ന എല്ലാ വണ്ടി ഉടമകളെയും പൊലീസ് വിളിച്ചുവരുത്തി. ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ ആരുടെ വണ്ടിയാണെന്ന് അന്വേഷിച്ചു. ഇരുമ്പുപാലം സ്വദേശി സജിയുടേതായിരുന്നു വാഹനം. അപകടം നടന്ന വിവരം അറിഞ്ഞ ശേഷം വണ്ടി പുറത്തിറക്കിയിട്ടില്ല. എന്നാൽ, ലോറിയെ കണ്ടെത്താനായി കണ്‍ട്രോള്‍ റൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോള്‍ സജിയും അവിടെ ഉണ്ടായിരുന്നു.

ലോറി തിരിച്ചറിയാന്‍ പൊലീസിനൊപ്പവും സജി ഉണ്ടായിരുന്നു. ഒടുവിൽ ‘ദൈവത്തിന്റെ സമ്മാനം’ പൊലീസിന്റെ കസ്റ്റഡിയിലായി. പിന്നാലെ ലോറി ഡ്രൈവർ ജിനേഷിനെതിരെ അശ്രദ്ധമായി വണ്ടി ഓടിച്ചതിന് പീച്ചി പൊലീസ് കേസെടുത്തു. ക്യാമറകളുടെ ഗുണനിലവാരം കൂട്ടാന്‍ കെഎംഎസി കമ്പനിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: How police found the lorry which broke lights and camera in Kuthiran Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA