ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് – കാനഡ അതിർത്തിക്കു സമീപം കനേഡിയൻ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്സനിൽ 4 പേരടങ്ങിയ ഇന്ത്യൻ കുടുംബം മഞ്ഞിൽപെട്ടു മരിച്ചതിൽ അന്വേഷണം തുടരുന്നു. മുതിർന്ന സ്ത്രീയും പുരുഷനും, കൗമാരപ്രായത്തിലുള്ള ആൺകുട്ടി, ഒരു കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങളാണു മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്. മൈനസ് 35 ‍ഡിഗ്രി താപനില നിലനിൽക്കുന്നിടത്താണ് അപകടമുണ്ടായത്.

കാനഡയിൽനിന്നു യുഎസിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്നാണു പൊലീസ് പറയുന്നത്. വലിയ മനുഷ്യക്കടത്തിന്റെ ഭാഗമാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനിടെ, ഗുജറാത്തിൽനിന്നുള്ളവരെന്നു കരുതുന്ന 7 ഇന്ത്യക്കാരെ അനധികൃതമായി യുഎസിൽ എത്തിയതിന് അറസ്റ്റ് ചെയ്തു. അതിർത്തി വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്റ്റീവ് ഷാൻഡ് എന്ന യുഎസ് പൗരനെ ഫ്ലോറിഡയിലും അറസ്റ്റ് ചെയ്തു. ഇയാൾക്ക് എമേഴ്സൻ സംഭവവുമായി ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.

അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുകയും മണിക്കൂറുകളോളം കൊടുംതണുപ്പിൽ കഴിയേണ്ടി വന്നതുമാണു 4 പേരടങ്ങിയ ഇന്ത്യൻ കുടുംബത്തിന്റെ ദാരുണാന്ത്യത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. അതിർത്തിയിൽ കനേഡിയൻ ഭാഗത്താണ് പുരുഷൻ, സ്ത്രീ, കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു മാനിട്ടോബ അസി. കമ്മിഷണർ ജെയ്ൻ മക്‌ലാച്ചി പറഞ്ഞു. വേറെയും ആളുകൾ അപകടത്തിൽപ്പെട്ടിരിക്കാം എന്നുള്ള സംശയത്തെതുടർന്നുള്ള തിരച്ചിലിലാണു കൗമാരക്കാരന്റെ മൃതദേഹം മഞ്ഞിൽ‌ പുതഞ്ഞനിലയിൽ കണ്ടെത്തിയത്.

അതിർത്തിയിൽ എത്തിയാൽ ആരെങ്കിലും കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണു നേരത്തേ യുഎസിൽ അറസ്റ്റിലായ അഞ്ചംഗ ഇന്ത്യൻ സംഘം പറയുന്നത്. 11 മണിക്കൂറിലേറെ നടന്നാണ് ഇവർ അതിർത്തി കടന്ന് യുഎസിൽ എത്തിയത്. ഇവരിൽ ഒരാളാണ്, മരിച്ച നാലംഗ സംഘത്തിന്റെ ബാക്ക്‌പാക്ക് (ബാഗ്) വഹിച്ചിരുന്നത്. നേരത്തേ നാലംഗ സംഘം ഇവർക്കൊപ്പം സഞ്ചരിച്ചിരുന്നെന്നും രാത്രിയോടെ അവർ വേറെ പോയെന്നും പിടിയിലായവർ പറഞ്ഞു. കുട്ടികളുടെ വസ്ത്രങ്ങൾ, ഡയപർ, കളിപ്പാട്ടങ്ങൾ, കുട്ടികൾക്കുള്ള മരുന്ന് എന്നിവയാണ് ബാഗിലുള്ളത്.

ഇന്ത്യക്കാരുടെ ദാരുണ മരണത്തിൽ വിദേശകാര്യ മന്ത്രി എസ്‍.ജയ്ശങ്കർ നടുക്കം രേഖപ്പെടുത്തി. വിഷയത്തിൽ ഉടൻ ഇടപെടാൻ യുഎസിലെയും കാനഡിയിലെയും അംബാസഡർമാരോടു ഇന്ത്യ നിർദേശിച്ചു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു, കാനഡയിലെ ഹൈക്കമ്മിഷണർ അജയ് ബിസാരിയ എന്നിവരുമായി ജയ്‍ശങ്കർ സംസാരിച്ചു. നിർഭാഗ്യകരവും ദാരുണവുമായ സംഭവമാണിതെന്നും ഇരു രാജ്യങ്ങളിലെയും അധികൃതരുമായി ബന്ധപ്പെട്ടു തുടർനടപടികൾ സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു.

ആരെങ്കിലും അതിർത്തി കടത്തി സഹായിക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കരുതെന്നും അതു സാധ്യമല്ലെന്നും ജെയ്ൻ മക്‌ലാച്ചി ഓർമപ്പെടുത്തി. എമേഴ്സനിൽ ഇപ്പോൾ മൈനസ് 41 ഡിഗ്രിയാണ് താപനില. ആവശ്യത്തിനു വസ്ത്രമുൾപ്പെടെ ധരിച്ചാലും ഈ തണുപ്പിലെ യാത്ര ദുഷ്കരമാണ്. മിനിറ്റുകൾക്കകം തൊലി മരവിക്കും. മറ്റൊരു രാജ്യത്തു പോകാൻ നിങ്ങൾക്ക് ആഗ്രഹവും ആവശ്യവുമുണ്ടാകും. പക്ഷേ ഇതല്ല മാർഗം. നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ അപകടത്തിലാക്കരുത്– ജെയ്ൻ മക്‌ലാച്ചി പറഞ്ഞു.

English Summary: Investigations continue into death of four Indians near US-Canada border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com