ADVERTISEMENT

പുണെ ∙ ഒരിക്കൽ ഒമിക്രോൺ ബാധിച്ചയാളുകൾക്ക് വീണ്ടും അണുബാധ ഏൽക്കാനുള്ള സാധ്യത (റീ ഇൻഫെക്‌ഷൻ) തള്ളിക്കളയാനാവില്ലെന്ന് രാജ്യത്തെ പ്രധാന ആരോഗ്യവിദഗ്ധർ. 'റീ ഇൻഫെക്‌ഷൻ സാധ്യത ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. സമീപകാലത്തു ഒമിക്രോണിൽ നിന്നും മുക്തമായവർക്ക് വീണ്ടും പിടിപെടാൻ സാധ്യത കാണുന്നു. മാസ്‌ക് ധരിക്കാതെ പൊതുയിടങ്ങളിൽ സഞ്ചരിക്കുന്നത് വൈറസിനെ വിളിച്ചുവരുത്തും'- മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.ശശാങ്ക് ജോഷി ദേശീയ മാധ്യമത്തോട് പറഞ്ഞു.

'ഇന്ത്യയിൽ ഒമിക്രോൺ റീ ഇൻഫെക്‌ഷൻ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അവ സംഭവിക്കുകയില്ലെന്ന് ഉറപ്പു പറയാനും കഴിയില്ല. ഒമിക്രോണോ മറ്റേതെങ്കിലും വകഭേദമോ രാജ്യത്തു പ്രശ്‌നം സൃഷ്‌ടിച്ചേക്കാം. അതുകൊണ്ട്‌ സാമൂഹിക അകലവും മാസ്‌കും  ഉറപ്പുവരുത്തണം'- മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. രാഹുൽ പണ്ഡിറ്റ് പറഞ്ഞു.  

ഒമിക്രോൺ പുനർവ്യാപനത്തെ സംബന്ധിച്ച് മൈക്രോബയോളജിസ്റ്റ് ഡോ.ഗഗൻദീപ് കാങ് നിരീക്ഷണങ്ങൾ പങ്കുവച്ചു. 'ഒമിക്രോൺ റീ ഇൻഫെക്‌ഷനെ കുറിച്ചു വ്യക്തമായ ഡേറ്റ ലഭിക്കാൻ ധാരാളം സമയം കാത്തിരിക്കേണ്ടി വരും. ഇതുവരെയുള്ള ഉദാഹരണം നോക്കിയാൽ  റീ ഇൻഫെക്‌ഷൻ സാധ്യത തള്ളിക്കളയാൻ കഴിയില്ല'- ഡോ.ഗഗൻദീപ് പറഞ്ഞു.   

omicron-india
മുംബൈ നഗരത്തിലെ കാഴ്‌ച. ചിത്രം: Punit PARANJPE / AFP

'രാജ്യത്ത് ആകെയുള്ള കേസുകളിൽ വളരെ നാമമാത്രമായ കേസുകൾക്കാണ് റീ ഇൻഫെക്‌ഷൻ സാധ്യത കാണുന്നത്. എന്നാൽ കൃത്യമായ ഡേറ്റ എത്താതെ ഈയവസ്ഥയിൽ ഒന്നും പ്രവചിക്കാനാവില്ല. പല കോവിഡ് ബാധിതരിലും ആർടിപിസിആർ ദീർഘകാലം പോസിറ്റിവ് ആവാനും ഇടയുണ്ട്. അവ റീ ഇൻഫെക്‌ഷൻ ആണോയെന്ന് പെട്ടെന്നു സ്ഥിരീകരിക്കാനുമാവില്ല'-  ഐസിഎംആർ ദേശീയ ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.സഞ്ജയ് പൂജാരി പറഞ്ഞു.

English Summary: Omicron reinfection is possible, please keep using masks, say health experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com