ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള സഹകരണത്തിനു സാധ്യതയുണ്ടായിരുന്നെന്നും എന്നാൽ നടപ്പായില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പലവിധ കാരണങ്ങളാലാണ് അദ്ദേഹവുമായുള്ള സഹകരണം സാധ്യമാകാതെയിരുന്നത്. നിരവധി തവണ ചർച്ചകൾ നടന്നിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തി.

‘പ്രശാന്ത് കിഷോർ എന്ന പികെ, കോൺഗ്രസിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ സത്യമായിരുന്നു. ഏതാണ്ടെല്ലാം ശരിയായി വന്നെങ്കിലും അതു യാഥാർഥ്യമായില്ല. പല കാരണങ്ങളാലാണ് അങ്ങനെ സംഭവിച്ചത്. അദ്ദേഹത്തിന്റെയും ഞങ്ങളുടെയും ഭാഗത്ത് ഇതിനുള്ള കാരണങ്ങളുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കു പോകാൻ ആഗ്രഹിക്കുന്നില്ല. ചില വിഷയങ്ങളിലെ യോജിപ്പില്ലായ്മയെ തുടർന്നാണു ചർച്ചകൾ മുന്നോട്ടു പോകാതിരുന്നത് എന്നു പൊതുവെ പറയാം’– എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക വ്യക്തമാക്കി.

പാർട്ടിയിൽ ചേരുന്നതു സംബന്ധിച്ചു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് പലതവണ ചർച്ചകൾ നടത്തിയിരുന്നു. പ്രശാന്ത് കോൺഗ്രസിൽ ചേരുമെന്നാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. എന്നാൽ കോൺഗ്രസിനും നേതാക്കൾക്കും എതിരെ പരസ്യമായി പ്രശാന്ത് ചില വിമർശനങ്ങൾ ഉന്നയിച്ചത് ഇരുവർക്കുമിടയിൽ കല്ലുകടിയായി.

പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധി

2024ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു നിർണായക പങ്കു വഹിക്കാനാകുമെന്നും അതിന് ഇപ്പോഴത്തെ നേതൃത്വം പാകമല്ലെന്നുമാണു പ്രശാന്തിന്റെ അഭിപ്രായം. 2017ൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രശാന്തുമായുള്ള കോൺഗ്രസ് സഹകരണം മെച്ചമുണ്ടാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിക്കാൻ പ്രശാന്തിന്റെ സഹായം മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് തേടിയതു നേട്ടമായിരുന്നു.

English Summary: "Partnership With Prashant Kishor Fell Through Because...": Priyanka Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com