ADVERTISEMENT

തിരുവനന്തപുരം∙ ജില്ലയിൽ രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 50 ശതമാനത്തിലെത്തിയതോടെ ഔദ്യോഗിക കോവിഡ് റിലീസില്‍നിന്ന് ടിപിആർ നീക്കി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ടിപിആർ നീക്കിയതെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. ഇന്നലെ 15,917 സാംപിളുകൾ പരിശോധിച്ചതിൽ 7,000 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടിപിആര്‍ 49.6 ശതമാനം. കോട്ടുകാല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ 75 ശതമാനത്തിലേറെയാണ് ടിപിആർ. 11 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആർ 60 ശതമാനത്തിനു മുകളിലാണ്.

ടിപിആർ നിരക്ക് ഉയർന്നതോടെ കൂടുതല്‍ രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങാൻ തീരുമാനമായി. പൂജപ്പുര ആയുര്‍വേദ ആശുപത്രി, നെടുമങ്ങാട് റിംസ്, പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രി എന്നിവ രണ്ടാം നിര ചികിത്സാ കേന്ദ്രങ്ങളാക്കും. വര്‍ക്കല ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിലും രണ്ടാം നിര ആശുപത്രിയുടെ സൗകര്യമൊരുക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 400 ആയി വര്‍ധിപ്പിച്ചു.

ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതിനാൽ ജീവിതശൈലീ രോഗങ്ങളുളളവര്‍ ഗുരുതരാവസ്ഥയിലാകാതെ ചികിത്സ നൽകാനുളള കേന്ദ്രങ്ങളൊരുക്കാനാണ് ശ്രമം. 250 ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിരായതോടെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധിയിലാണ്. കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്ന് ജില്ലാ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

English Summary: Test positivity rate in Thiruvananthapuram rises up to 49.6%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com