ADVERTISEMENT

ന്യൂഡൽഹി∙ ആദ്യഘട്ട തിരഞ്ഞടുപ്പിന് 20 ദിവസത്തിൽ താഴെ സമയം മാത്രം ബാക്കി നിൽക്കെ, ഉത്തർപ്രദേശിൽ പ്രചാരണം കടുപ്പിക്കാൻ ബിജെപി. കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, എന്നിവരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്നു സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രചാരണം നടത്തും. ഫെബ്രുവരി 10നാണ് യുപിയിലെ ആദ്യ ഘട്ട തിര‍ഞ്ഞെടുപ്പ്.

കൈരാന ജില്ലയിൽ അമിത് ഷാ ഭവന സന്ദർശം നടത്തും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം ആദ്യമായി യുപിയിലെ പൊതു സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. അലിഗഡ്, ബുലാന്ദ്ഷാർ എന്നിവിടങ്ങളിൽ യോഗിയും ബിജ്നോറിൽ ജെ.പി. നഡ്ഡയും ശരൺപുരിൽ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങും പ്രചാരണം നയിക്കും.

2017ലെ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റം കാഴ്ചവച്ച പശ്ചിമ യുപിയുടെ ചുമതലയാണ് അമിത് ഷായ്ക്കു നൽകിയിരിക്കുന്നത്. 2017ൽ  മേഖലയിലെ 108 സീറ്റുകളിൽ 83 എണ്ണവും ബിജെപി ജയിച്ചിരുന്നു. 

കർഷകർ ധാരാളമായി പാർക്കുന്ന മേഖല ആയതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പശ്ചിമ യുപി നിർണായകമാണ്. കാർഷിക നിയമ വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് കർഷകർക്കുണ്ടായിരുന്ന അമർഷം മുതലെടുക്കാനാണു എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ശ്രമം.   

ഇക്കാര്യം മനസ്സിലുള്ളതുകൊണ്ടുതന്നെയാണു പ്രചാരണത്തിനായി അമിത് ഷാ കർഷക മേഖലയായ കൈരാനതന്നെ തിരഞ്ഞെടുത്തതും. ഒരു കാലത്തു ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന കൈരാനയിൽ 2014ലെ ഉപതിരഞ്ഞെടുപ്പിലും 2017ലും എസ്പിയാണു ജയിച്ചത്. 

മൂന്നു തവണ ഇവിടെനിന്ന് എംഎൽഎ ആയിട്ടുള്ള ഹുക്കും സിങ്ങിന്റെ മൂത്ത മകൾ മ്രിഗന്‍ക സിങ്ങിനെയാണ് ഇക്കുറി ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഹുക്കും സിങ് ലോക് സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപ തിരഞ്ഞെടുപ്പിലാണ് ഇവിടെ എസ്പി ജയിച്ചത്. 

മേഖലയിൽ അമിത് ഷാ തിരക്കിട്ടു പര്യടനം നടത്തുന്നതിലൂടെ കർഷക വോട്ടുകൾ അനുകൂലമാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നു വ്യക്തം. അതേ സമയം പിന്നാക്ക വിഭാഗത്തിൽനിന്നുള്ള 3 മന്ത്രാമാരടക്കം പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിട്ടുണ്ട്.

English Summary: Amit Shah, Yogi In West UP Today As BJP Plans Mega Outreach Before Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com