ADVERTISEMENT

തിരുവനന്തപുരം∙ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡപ്യൂട്ടേഷന്‍ ചട്ടഭേദഗതിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. ഭേദഗതി ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

ഇതു നടപ്പായാൽ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫിസർമാരിൽ ഭയപ്പാടും വിമുഖതയും ഉടലെടുക്കും. കേന്ദ്രത്തിലെ ഭരണകക്ഷിക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡപ്യൂട്ടേഷൻ ചട്ടങ്ങൾ തന്നെ കേന്ദ്ര സർക്കാരിനു വളരെയധികം മുൻതൂക്കം നൽകുന്ന ഒന്നാണ്. അതേ ദിശയിൽ ഇനിയും നീങ്ങുകയാണെങ്കിൽ ഫെഡറലിസത്തിന്റെ അടിത്തറ തീർത്തും ദുർബലമാകും. 

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി സംസ്ഥാന സർക്കാരിന്റെ തീരുമാനം തിങ്കളാഴ്ച അറിയിക്കും. 

English Summary : CM Pinarayi Vijayan's letter to PM Narendra Modi about Civil service deputation amendment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com