‘സിഐ മോശക്കാരിയെന്നു വിളിച്ചു; നാട്ടുകാരോട് പറഞ്ഞു’; പോക്സോ ഇരയുടെ ആത്മഹത്യാക്കുറിപ്പ്

പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട്∙ തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇര മുൻപെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ അന്നത്തെ സിഐക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടു പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സിഐയാണെന്നും കുറിപ്പിലുണ്ട്.

വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ച വിവരം പെൺകുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറുപേർക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാൽ പ്രതിശ്രുത വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താൻ മോശം പെൺകുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞതായാണ് പെൺകുട്ടിയുടെ കുറിപ്പിലുള്ളത്.

കേസിന്റെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞു. പുറത്തിറങ്ങാൻ പോലും വയ്യാത്ത അവസ്ഥയാണ്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം കേസിലെ പ്രതികളും കേസ് അന്വേഷിച്ച സിഐയുമെണെന്നും കുറിപ്പിൽ ആരോപിക്കുന്നു.

അതേസമയം, പെൺകുട്ടിക്ക് കൗൺസിലിങ് നൽകണമെന്ന് നിരന്തരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു. ‘ഇപ്പോൾ പുറത്തുവന്ന കുറിപ്പ് നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ എഴുതിയതാണ്. അതിനുശേഷം കൗൺസിലിങ് നൽകാൻ പൊലീസിനോട് പലതവണ പറഞ്ഞിരുന്നു. എന്നാൽ ഒരിടത്തും കൊണ്ടുപോയില്ല. ഞങ്ങളോട് കൗൺസിലിങ്ങിന് കൊണ്ടുപോകാനാണ് പൊലീസ് പറഞ്ഞത്. എനിക്ക് ആരുമില്ല. പൊലീസ് അന്ന് നല്ലരീതിയിൽ ഇടപെട്ടിരുന്നെങ്കിൽ മകൾ ഇത്തരം മാനസികാവസ്ഥയിലേക്ക് പോകില്ലായിരുന്നു. കേസ് അന്വേഷിക്കാനെല്ലാം പൊലീസ് വേഷത്തിലാണ് അവർ വന്നത്. എല്ലായിടത്തും ഞങ്ങളെ അപമാനിച്ചു’– മാതാവ് പറഞ്ഞു.

കഴിഞ്ഞദിവസം മകൾ ജീവനൊടുക്കാനുള്ള കാരണം പ്രതിശ്രുത വരനുമായുള്ള പ്രശ്നങ്ങളാണെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. ‘ഇപ്പോൾ ആത്മഹത്യാക്കുറിപ്പ് എഴുതിയോ എന്ന് അറിയില്ല. പലതും പുസ്തകങ്ങളിലെല്ലാം കുറിച്ചിട്ടിരുന്നു. പ്രതിശ്രുത വരനും മകളും തമ്മിൽ ഫോണിലൂടെ നിരന്തരം വഴക്കിട്ടിരുന്നു. പിന്നെ അവർ എല്ലാം ഒത്തുതീർപ്പാക്കി ശരിയാകും. അവൻ ഒരു പത്തുമിനിറ്റ് നല്ലതുപോലെ സംസാരിച്ചാൽ മകൾ ഇത് ചെയ്യില്ലായിരുന്നു’ – മാതാവ് പറഞ്ഞു.

പോക്സോ കേസിലെ ഇരയെ പൊലീസ് അപമാനിച്ചതു മാതാവ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നതായി പൊതുപ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു. എന്നിട്ടും പൊലീസോ അന്വേഷണ ഏജൻസികളോ പെൺകുട്ടിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും പറഞ്ഞു. ബാലാവകാശ കമ്മിഷനടക്കം ഇടപെട്ടു വിഷയത്തിൽ റിപ്പോർട്ട് തേടി. എന്നാൽ പിന്നീടും പൊലീസും കമ്മിഷനും അലംഭാവം കാണിച്ചുവെന്നും നൗഷാദ് പറഞ്ഞു.

English Summary: Suicide note of POCSO case victim reveals serious allegations against CI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA