ADVERTISEMENT

ആലപ്പുഴ∙ തീരത്തിരുന്നു കണ്ട കടലിനെ ഇനി കടലിൽ ചെന്നു കാണാം. കടലിൽനിന്നു കരയെ നോക്കാം. ആലപ്പുഴ ബീച്ചിൽ ഒഴുകുന്ന പാലത്തിൽ (ഫ്ലോട്ടിങ് ബ്രിജ്) സന്ദർശകർക്ക് ഉടൻ കയറാൻ കഴിയും. തുറമുഖ വകുപ്പിന്റെ സഹായത്തോടെ തൃശൂരിലെ സ്വകാര്യ സംരംഭകരാണ് പാലം സ്ഥാപിക്കുന്നത്.

കടൽപ്പാലത്തിനു സമീപമാണ് 150 മീറ്റർ കടലിലേക്കിറങ്ങി പോകാവുന്ന പാലം സ്ഥാപിക്കുന്നത്. ഒട്ടേറെ പോളി എത്തിലിൻ ബ്ലോക്കുകൾ ഘടിപ്പിച്ചാണ് പാലം നിർമിക്കുന്നത്. കട്ടിയേറിയതും ഉൾഭാഗം പൊള്ളയായതുമായ പോളിഎത്തിലിൻ ബ്ലോക്കുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവയാണ്. ഒരേ സമയം 500 – 800 പേർ കയറിയാലും പാലം താഴില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കുറച്ചുപേരെ മാത്രമേ കയറ്റൂ.

alappuzha-beach-floating-bridge-1
ആലപ്പുഴ ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിക്കാനായി എത്തിച്ച പോളി എത്തിലിൻ ബ്ലോക്കുകൾ.

ഒഴുകുന്ന പാലം സ്ഥാപിക്കുന്ന പണി തുടങ്ങിട്ടുണ്ട്. പാലത്തിന്റെ ഒരറ്റം (25–30 മീറ്റർ) കരയിൽ ഉറപ്പിക്കുകയും ബാക്കി ഭാഗം കടലിലേക്ക് നീണ്ടു കിടക്കുകയും ചെയ്യും. 2 മീറ്ററാണ് പാലത്തിന്റെ വീതി. കടലിലുള്ള അറ്റത്ത് കൂടുതൽ വീതിയുള്ള പ്ലാറ്റ്ഫോം ഉണ്ടാവും. അവിടെ നിന്ന് കടലിനെ വീക്ഷിക്കാം. കടലിലൂടെ നടക്കുന്ന പ്രതീതി ലഭിക്കുമെന്നതാണ് ഇതിലെ കൗതുകം. അൽപം സാഹസികത ഇഷ്ടപ്പെടുന്നവരെയാണ് ഒഴുകുന്ന പാലം ലക്ഷ്യമിടുന്നത്. വിദേശത്ത് ഏറെ പ്രചാരമുള്ള പാലം ഇന്ത്യയിൽ അധികമില്ല. തിരമാലകളുടെ ഉയർച്ചതാഴ്ചകൾക്കനുസരിച്ച് പാലവും ഉയരുകയും താഴുകയും ചെയ്യും. എന്നാൽ അപകടമുണ്ടാകില്ല.

സുരക്ഷ

∙ വെള്ളത്തിൽ താഴാത്ത ബ്ലോക്കുകളാണെങ്കിലും 10 മീറ്റർ ഇടവിട്ട് അടിയിൽനിന്ന് താങ്ങു നൽകുന്നുണ്ട്.

∙ വശങ്ങളിൽ കൈവരിയുണ്ടാവും. വീഴാതിരിക്കാനും പിടിച്ചു നിൽക്കാനും ഇതു സഹായിക്കും.

∙ ലൈഫ് ജാക്കറ്റ് ധരിച്ചേ പാലത്തിൽ പ്രവേശനമുള്ളൂ.

∙ പാലത്തോട് ചേർന്ന് പലയിടത്തും ലൈഫ്ബോയകൾ ഉണ്ടാവും. വെള്ളത്തിൽ വീണാലും ഇതിൽ പിടിച്ചു പൊങ്ങിക്കിടക്കാം.

∙ എപ്പോഴും ഒരു ബോട്ട് പാലത്തിനടുത്ത് ഉണ്ടാവും.

∙ 2 മുങ്ങൽ വിദഗ്ധരും എപ്പോഴും ഇവിടെയുണ്ടാവും.

പോർട്ടബ്ൾ പാലം

വേഗം ഘടിപ്പിക്കുകയും ഇളക്കുകയും ചെയ്യാവുന്നതാണ് ഈ പാലം. അതിനാൽ ആവശ്യമനുസരിച്ച്, കുറഞ്ഞ സമയംകൊണ്ട് മറ്റു ബീച്ചുകളിലേക്കും കൊണ്ടുപോകാൻ കഴിയും.

English Summary: Floating Bridge in Aappuzha Beach will open for visitors soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com