ADVERTISEMENT

ബെംഗളൂരു ∙ കര്‍ണാടകയില്‍ പിക്കപ് ട്രക്ക് വാങ്ങാന്‍ വാഹന ഷോറൂമിലെത്തിയ കര്‍ഷകനെ ജീവനക്കാരന്‍ പരിഹസിച്ചതും അര മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുമായി കർഷകൻ മടങ്ങിയെത്തിയതുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഷോറൂമിലെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും പരിഹസിച്ച ജീവനക്കാരന്‍ മാപ്പ് പറഞ്ഞ് തടിയൂരി. കര്‍ണാടകയിലെ തുമകൂരില്‍ നിന്നുള്ള ഈ വേറിട്ട വാര്‍ത്തയുടെ ട്വീറ്റിൽ ആനന്ദ് മഹീന്ദ്രയെ ഫ്ലാഗ് ചെയ്തിട്ടുമുണ്ട്.

പൂക്കള്‍ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും പ്രിയ വാഹനമായ എസ്‌യുവി വാങ്ങാനാണ് ഷോറൂമിലെത്തിയത്. സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട്, കൗതുകം തീര്‍ക്കാന്‍ വന്നവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരന്‍ പെരുമാറിയത്. 10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാല്‍ നിങ്ങളുടെ പോക്കറ്റില്‍ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു.‌

പണം തന്നാല്‍ ഇന്ന് കാര്‍ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ, എന്നാല്‍ കാര്‍ ഇന്നുതന്നെ തരാമെന്ന് ജീവനക്കാരനും തിരിച്ചുപറഞ്ഞു. ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ ജീവനക്കാരന്‍ ഞെട്ടി. ഉടന്‍ കാര്‍ കൊടുക്കാനുള്ള സാങ്കേതിക തടസ്സങ്ങളും ശനിയും ഞായറും അവധി ദിവസമായതിനാലുള്ള പ്രശ്‌നങ്ങളും കാര്‍ ഷോറൂമിനെ ആകെ കുടുക്കി. ഇതോടെ പന്ത് കര്‍ഷകന്റെ കാല്‍ച്ചുവട്ടിലായി.

കാര്‍ കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും സമരം തുടങ്ങി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രശ്‌നം അതിവേഗം കത്തിപ്പടര്‍ന്നു. ഒടുവില്‍ തിലക് പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍നിന്നും ഉദ്യോഗസ്ഥരെത്തിയാണ് സമരം അവസാനിപ്പിച്ചത്. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം മാപ്പ് ചോദിക്കണമെന്നും ഇനി തനിക്ക് ഈ ഷോറൂമില്‍ നിന്നും കാര്‍ വാങ്ങാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കിയാണ് കര്‍ഷകന്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ആളറിഞ്ഞ് കളിക്കെടാ..' എന്ന പിന്തുണയാണ് കര്‍ഷകനൊപ്പംനിന്ന് സൈബര്‍ ലോകം നല്‍കുന്നത്. ഒപ്പം വസ്ത്രം നോക്കി വിലയിരുത്തിയാല്‍ ഇങ്ങനെ ഇരിക്കുമെന്നു പലരും താക്കീത് ചെയ്യുകയും ചെയ്തു.

English Summary: Karnataka Farmer's Sweet Revenge After Car Showroom Turned Him Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com