ADVERTISEMENT

യൂറോപ്പിൽ കോവിഡ് മഹാമാരി കലാശക്കൊട്ടിലേക്കു കടന്നെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ ലോക രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. നിലവിലെ ഒമിക്രോണിന്റെ കുതിച്ചുചാട്ടം കഴിഞ്ഞാൽ ശാന്തമായ കാലം പ്രതീക്ഷിക്കാമെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. സമാനസാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയും മഹാമാരി ഒഴിഞ്ഞ നല്ല ദിവസങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.

ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗിന്റെ റിപ്പോർട്ട് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിരോധ മാർഗങ്ങളെ മുറുകെപിടിച്ചു മുന്നോട്ടുപോകാനാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

വകഭേദങ്ങൾ വരുത്തുമോ റീ ഇൻഫെക്‌ഷൻ?

കോവിഡിന്റെ തുടക്കത്തിൽ കാണിച്ച ജാഗ്രത രണ്ടാം തരംഗമായപ്പോഴേക്കും അലംഭാവത്തിലേക്ക് കടന്നതാണ് ഒമിക്രോണിന്റെ തീവ്രതയ്ക്ക് ആക്കം കൂട്ടിയത്. ബി.എ–1, ബി.എ–2, ബി.എ–3 എന്നിങ്ങനെ ഉപവിഭാഗങ്ങളായി മാറിയ ഒമിക്രോൺ വകഭേദം അതിതീവ്രതയോടെ വ്യാപിക്കുന്ന സാഹചര്യത്തിൽ റീ ഇൻഫെക്‌ഷനും (ഒമിക്രോൺ ബാധിച്ചയാൾക്ക് വീണ്ടും അണുബാധ ഏൽക്കാനുള്ള സാധ്യത) തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്. കോവിഡ് ഉയർന്ന തലത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താൻ മാസ്കും വാക്സിനേഷനും അടക്കമുള്ള പ്രതിരോധമാർഗങ്ങൾ കർശനമായി തുടരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

പ്രതിരോധം ഉറപ്പിക്കുക മാസ്‌ക് തന്നെ

ഏതു വൈറസ് വകഭേദത്തിനെതിരെയും മാസ്‌ക് തന്നെയാണ് അടിസ്ഥാന ആയുധം. ഒമിക്രോണിനെ ചെറുക്കണമെങ്കിൽ മാസ്ക് ഉപയോഗിക്കുന്ന രീതികളിൽ മാറ്റംവരുത്തേണ്ടതുണ്ട്. വകഭേദം വന്ന വൈറസുകളെ ചെറുക്കാൻ ഡബിൾ/ ട്രിപ്പിൾ മാസ്കിങ് ആണ് ഉത്തമം. എന്നാൽ ഇതിനായി തുണി മാസ്കുകൾ ഉപയോഗിക്കരുത്.

തുണി മാസ്കിലെ നൂലിഴകള്‍ തമ്മിലുള്ള അകലം 80-500 മൈക്രോമീറ്ററാണ്. എന്നാല്‍ കൊറോണ വൈറസിന്റെ വലുപ്പം 0.12 മൈക്രോമീറ്ററും. ഇതിനര്‍ഥം, വലിയ കണികകളെ മാത്രമേ തുണിമാസ്‌ക് വഴി പ്രതിരോധിക്കാനാവൂ എന്നതാണ്. അതിനാൽ ശ്വസിക്കുന്നതിലൂടെ ചെറിയ കണികകള്‍ പഴുതുകള്‍ വഴി മൂക്കിലും മുഖത്തും എത്തിച്ചേരുന്നു.

സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ തുണി മാസ്‌ക്കുകളേക്കാള്‍ മികച്ചതാണെങ്കിലും അവയ്ക്കും ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കാനുള്ള കഴിവ് പോരെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, ഒരു സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിന് മുകളില്‍ തുണി മാസ്‌ക് ധരിക്കുന്നതു വഴി 91 ശതമാനം വരെ വായുവിലെ പൊടിയെയും കണങ്ങളെയും ചെറുക്കാനാകുമെന്ന് ഇവര്‍ പറയുന്നു. ഇനിയിപ്പോള്‍ സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കുന്നതിനോടാണ് താൽപര്യമെങ്കിൽ രണ്ട്/ മൂന്ന് മാസ്‌ക്കുകള്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. മാസ്‌ക് മുഖത്തിന് ശരിയായി ചേരുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഇവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ.

ഇടയ്ക്കിടെ മാസ്കും മാറ്റണം

ഒമിക്രോൺ തടയാൻ എന്‍ 95 മാസ്‌ക് ഉപയോഗിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. എന്‍ 95 മാസ്‌കിന് എയറോസോളുകളെ ഫില്‍ട്ടര്‍ ചെയ്യാനുള്ള കഴിവ് 95 ശതമാനത്തോളമാണ്. NIOSH സര്‍ട്ടിഫിക്കേഷനോ അതിന് തുല്യമായ സര്‍ട്ടിഫിക്കേഷനോ ഉള്ള എന്‍ 95 മാസ്‌ക് ആണ് ഉപയോഗിക്കേണ്ടത്. സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിനുമുകളില്‍ എന്‍ 95 മാസ്‌ക് ധരിക്കുന്നതും മികച്ച സംരക്ഷണം നല്‍കും. എട്ട് മണിക്കൂര്‍ ഉപയോഗത്തിന് ശേഷമോ അതിനു മുമ്പോ മാസ്‌ക് നനഞ്ഞതോ മലിനമായതോ ആയാല്‍ അവര്‍ മാസ്‌ക് മാറ്റണമെന്നും വിദഗ്ധര്‍ പറയുന്നു.

covid-mask

മാസ്‌ക് ഊരുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മാസ്‌കിന്റെ മുന്‍വശത്ത് തൊടരുത്. ചെവിയിലുള്ള ചരട് ഊരിമാറ്റിവേണം മാസ്‌ക് മാറ്റാൻ. മാസ്‌ക് ഒഴിവാക്കിയ ചെയ്തശേഷം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.

ഉറപ്പിക്കാം വീണ്ടും കരുതൽ ശീലങ്ങൾ

ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിൽ ലോക്ഡൗൺ പോലുള്ള  നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുക പ്രായോഗികമല്ല. സ്വയം സുരക്ഷിതരാകുക എന്നതാണ് ഏകമാർഗം. നിലവിൽ പലയിടത്തും ക്ലസ്റ്ററുകൾ രൂപപ്പെടുകയാണ്. ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ പൊതുയിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരണം.

അനാവശ്യ യാത്രകൾ ഒഴിവാക്കണം. കഴിവതും ഓൺലൈൻ സേവനങ്ങളെ ആശ്രയിക്കാം. സാനിറ്റൈസർ ഉപയോഗം തുടരേണ്ടതും അത്യാവശ്യമാണ്. ഒമിക്രോണ്‍ പ്രതിരോധത്തിൽ വാക്സിനേഷന് നിർണായപങ്കുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വാക്സീൻ സ്വീകരിക്കാത്തവർ നിർബന്ധമായും എടുക്കണമെന്നും കരുതൽ ഡോസിന് അർഹരായവർ കൃത്യസമയത്തു തന്നെ സ്വീകരിക്കണമെന്നും ഇവർ ഓർമപ്പെടുത്തുന്നു.

English Summary: All about the contagious Omicron, COVID-19 variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com