ADVERTISEMENT

ലക്‌നൗ ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്‍.പി.എന്‍. സിങ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ യുപി തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ളയാളാണ് സിങ്. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്ത് സിങ് ട്വിറ്ററില്‍ പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ പുതിയ ആരംഭമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നമ്മുടെ മഹത്തായ റിപ്പബ്ലിക്ക് സ്ഥാപിച്ചതിന്റെ ആഘോഷവേളയില്‍ പുതിയൊരു രാഷ്ട്രീയയാത്രയ്ക്കു തുടക്കമിടുകയാണെന്നും സിങ് വ്യക്തമാക്കി. 

യുപിയിലെ കുശിനഗറില്‍നിന്നുള്ള നേതാവാണ് സിങ്. അടുത്തിടെ ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യക്കെതിരെ പഡ്രൗനയില്‍നിന്ന് സിങ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. മൂന്നു തവണ ഈ മണ്ഡലത്തില്‍നിന്ന് സിങ് ജയിച്ചിട്ടുണ്ട്. 2009ല്‍ കുശിനഗറില്‍നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ല്‍ പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് തവണ പഡ്രൗനയില്‍നിന്ന് ബിഎസ്പി ടിക്കറ്റിലും ബിജെപി ടിക്കറ്റിലും ജയിച്ചത് സ്വാമി പ്രസാദ് മൗര്യയാണ്. സ്വാമി പ്രസാദ് മൗര്യയ്ക്കു പകരം കിഴക്കന്‍ യുപിയില്‍ ബിജെപിയുടെ മുഖമായി സിങ് മാറുമെന്നാണു കരുതുന്നത്. 

യുപി തിരഞ്ഞെടുപ്പില്‍ തന്റെ അനുയായികള്‍ക്കു സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് ഒഴിവാക്കുന്നതില്‍ സിങ്ങിന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടശേഷം കോണ്‍ഗ്രസില്‍നിന്നു കൊഴിയുന്ന പ്രധാന നേതാവാണ് സിങ്. ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദ ഇപ്പോള്‍ യോഗി മന്ത്രിസഭയില്‍ അംഗമാണ്. 2020ല്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ആര്‍.പി.എന്‍. സിങ്ങും രാഹുലിന്റെ ഏറ്റവുമടുത്ത നേതാക്കളായിരുന്നു. കൊഴിയുന്നവരുടെ പട്ടികയിലേക്ക് സിങ്ങും എത്തിയതു നിരാശപ്പെടുത്തുന്നതാണെന്ന് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

English Summary: Ahead Of UP Polls, Congress's RPN Singh Moves To BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com