ADVERTISEMENT

കൊച്ചി ∙ പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, നടൻ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. ദിലീപ് അടക്കം അഞ്ച് പ്രതികളെയാണ് മൂന്നാം ദിനവും ചോദ്യം ചെയ്യുന്നത്. കോടതി അനുവദിച്ചിരിക്കുന്ന അവസാന ദിവസമായതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ടും ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്പി വ്യക്തമാക്കി. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട്  വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകണം.  

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ഇന്നലെ ഒരുമിച്ചും ഒറ്റയ്ക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മറ്റു 2 പ്രതികളായ ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയും വിശദമായി ചോദ്യം ചെയ്തു. പ്രതികളുടെ സമീപകാലത്തെ ഫോൺ വിളികളുടെ വിശദാംശങ്ങൾ കാണിച്ചും മറ്റു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യൽ.  

കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിലീപും കൂട്ടുപ്രതികളും ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഇന്നു ഹാജരാകുന്ന ബാലചന്ദ്രകുമാറിനോടു തന്നെ ഈ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം തേടും. 

English Summary: Crime Branch continues interrogation of actor Dileep in actress assault case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com