ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാര സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അതു തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. 

അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെ പോകുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. കെ.ടി.ജലീലിന് ബന്ധുനിയമനത്തിൽ മന്ത്രിസ്ഥാനം പോയത് ലോകായുക്ത ഇടപെടൽ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. സർക്കാരിന്റെ വലിയ ചില അഴിമതികൾ ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് തിരക്കിട്ട ഈ നീക്കത്തിന് കാരണം. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം അനർഹർക്ക് നൽകിയെന്ന ആരോപണം ലോകായുക്ത ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് തിരക്കുപിടിച്ച ഈ തീരുമാനം സർക്കാർ എടുത്തത്. ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള ഇടതു സർക്കാരിന്റെ വ്യാമോഹത്തിന്റെ അവസാന ഉദാഹരണമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. 

പിണറായിയുടെ നടപടി കർണാടകയിലേതിനു സമാനം: സന്ദീപ് വാര്യർ

കർണാടകയിലെ കോൺഗ്രസ് സർക്കാർ 2016ൽ ലോകായുക്തയെ നിരായുധമാക്കി മുഖ്യമന്ത്രിയുടെ ഓഫിസിൽ റിപ്പോർട്ട് ചെയ്യേണ്ട ആന്റി കറപ്‌ഷൻ ബ്യുറോ സ്ഥാപിച്ചതിനോട് താരതമ്യം ചെയ്യാവുന്നതാണ് പിണറായി സർക്കാർ ലോകായുക്തക്കെതിരെ നടത്തുന്ന നീക്കമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. അഴിമതി നിരോധന നിയമം അനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന കർണാടകയിൽ കോൺഗ്രസ് കൊണ്ടു വന്ന മാറ്റം വള്ളിപുള്ളി തെറ്റാതെ അർധരാത്രി പിണറായി വിജയൻ ഇറക്കിയ ഓർഡിനൻസിലുമുണ്ട്.

ലോകായുക്തയുടെ മുകളിൽ സൂപ്പർ ജഡ്ജി ചമയാൻ പോവുകയാണ് പിണറായി വിജയൻ. ഇനി മുതൽ ലോകായുക്തയുടെ വിധികൾ പിണറായിക്ക് നേരിട്ട് ഹിയറിങ് നടത്തി തള്ളാം. അതായത് ഇനി സർക്കാരിനെതിരെ ലോകായുക്ത എന്തു വിധിച്ചാലും പിണറായി വിജയനാണ് അപ്പലെറ്റ് അതോറിട്ടി. അപ്പോൾ പിണറായി സർക്കാരിനെതിരെ ലോകായുക്തയെ സമീപിച്ചിട്ട് ഇനിയെന്ത് കാര്യം ?

അഴിമതിക്കെതിരെ പുരപ്പുറത്ത് കയറി ഗിരിപ്രഭാഷണം നടത്തുന്ന ഇടതുപക്ഷത്തിന്റെ കാപട്യം ബോധ്യപ്പെടുത്തുന്നതാണ് രാത്രിയുടെ മറവിൽ കൊണ്ട് വന്ന ഓർഡിനനൻസ്. കേരളത്തിൽ ലോകായുക്തയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബലപ്പെടുത്തുന്ന നിലപാട് അഴിമതിക്കാർക്ക് പ്രോത്സാഹനം നൽകുന്നതാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

English Summary : K Surendran against kerala government in Lok Ayukta ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com