ADVERTISEMENT

കൊച്ചി ∙ ചരിത്രത്തിലാദ്യമായി അർധരാത്രിയിൽ സിറ്റിങ് നടത്തിയ കേരള ഹൈക്കോടതി ദക്ഷിണ കൊറിയൻ കപ്പൽ എം.വി. ഓഷ്യൻ റോസ് കൊച്ചി തുറമുഖം വിടുന്നതു തടഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണു രാത്രി 11.40 ന് ആരംഭിച്ച് അർധരാത്രിയും പിന്നിട്ട് സ്പെഷൽ ഓൺലൈൻ സിറ്റിങ്ങിലൂടെ നടപടിയെടുത്തത്. കപ്പൽ അറസ്റ്റ് ചെയ്യാനാണു ഹൈക്കോടതി നിർദേശം നൽകിയത്.

ഹർജിക്കാരും എതിർകക്ഷികളും ദക്ഷിണ കൊറിയയിൽ നിന്നുള്ള കമ്പനികളാണെന്നുള്ള പ്രത്യേകതയും കേസിനുണ്ട്. കൂടാതെ, വിദേശരാജ്യങ്ങളിലെ തുറമുഖങ്ങളിൽവച്ച് ഇന്ധനം നിറച്ച (ബങ്കറിങ്) വകയിൽ ബാക്കി ലഭിക്കാനുള്ള തുകയ്ക്കാനാണു കേസ് ഫയൽ ചെയ്തതെന്നതും മറ്റൊരു പ്രത്യേകതയായി. കടലും കപ്പലുമായി ബന്ധപ്പെട്ട അഡ്മിറാലിറ്റി കേസായാണ് ഇത് പരിഗണിച്ചത്.

ഇന്ധനം നിറച്ച വകയിൽ രണ്ടരക്കോടിയോളം രൂപ (3,25000 ഡോളർ) ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊറിയൻ കമ്പനി ഗ്രേസ് യങ് ഇന്റർനാഷനലാണു ഹർജി നൽകിയത്. എഫ്എസിടിക്കായി സൾഫ്യൂറിക് ആസിഡുമായാണു തിങ്കളാഴ്ച വൈകുന്നേരം എംവി ഓഷ്യൻ റോസ് കൊച്ചിയിലെത്തിയത്. 

ഇന്നലെ പുലർച്ചെ അഞ്ചിനും ആറിനും ഇടയിൽ മടങ്ങാനിരിക്കുകയായിരുന്നു. തുടർന്നു ഗ്രേസ് യങ് ഇന്റർനാഷനൽ കമ്പനി തിങ്കളാഴ്ച വൈകിട്ട് രേഖകളുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അഡ്‌മിറാലിറ്റി കേസുകളിൽ വാദം കേൾക്കേണ്ട ചുമതലയുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണനയ്ക്ക് എത്തുകയായിരുന്നു. രാത്രിയിൽതന്നെ വാദം കേൾക്കാൻ അദ്ദേഹം തയാറായതോടെ, 11.40ന് വാദം ആരംഭിച്ചു. 12.30ന് ഇടക്കാല ഉത്തരവിറക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീട്ടിലിരുന്നു വാദം കേട്ടു. ഹൈക്കോടതി ജീവനക്കാരും വീടുകളിൽ നിന്ന് കോടതി നടപടികളിൽ പങ്കാളികളായപ്പോൾ അഭിഭാഷകർ ഓഫ‌ിസുകളിൽ നിന്നാണ് ഓൺലൈൻ കോടതിയിൽ ഹാജരായത്.

എന്നാൽ കോടതിയിൽ 2,43,75,000 രൂപയും പലിശയും ലീഗൽ ചെലവായി 25,000 രൂപയും കെട്ടിവയ്ക്കുകയോ തുല്യ തുകയ്ക്കുള്ള സെക്യൂരിറ്റി നൽകുകയോ ചെയ്താൽ അറസ്റ്റിനുള്ള വാറന്റ് പിൻവലിക്കാമെന്നും കോടതി അറിയിച്ചു.ഹർജി 27ന് പരിഗണിക്കാൻ മാറ്റി.

English Summary : Kerala High court conduct late night trial 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com