ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനെതിരെയുള്ള രണ്ട് കേസുകളാണ് ലോകായുക്തയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്, കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു ശുപാർശ നൽകിയ മന്ത്രി ആർ.ബിന്ദുവിനെതിരെയുള്ള കേസ് തുടങ്ങിയവയാണവ.

ആരോഗ്യവകുപ്പിൽ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ലോകായുക്തയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻമന്ത്രി കെ.ടി.ജലീൽ സർക്കാർ വാഹനത്തിൽ മതഗ്രന്ഥം കൊണ്ടുപോയെന്ന കേസ് തീർപ്പാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെ ലോകായുക്ത പരാമര്‍ശം ഉണ്ടായി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാട്ടി ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.

കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്. ഫെബ്രുവരി 4ന് കേസ് വീണ്ടും പരിഗണിക്കും.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനു ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഗവർണർക്കു കത്തുകൾ നൽകിയത് സ്വജനപക്ഷപാതവും അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്നും, ശുപാർശ ചെയ്ത മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ലെന്നും കാണിച്ചാണ് രമേശ് ചെന്നിത്തല ലോകായുക്തയിൽ കേസ് നൽകിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആർ.റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്.

സർവകലാശാല നിയമപ്രകാരം ചാൻസലർ കൂടിയായ ഗവർണർ വിസി നിയമനത്തിനു മുന്നോടിയായി മൂന്നംഗ സെർച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കണം. എന്നാൽ, മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെർച് കമ്മിറ്റി പിൻവലിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രനു ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.

ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയ കെ.ടി.ജലീലിനു അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നു 2021 ഏപ്രിൽ 9ന് ആണ് ലോകായുക്ത ഉത്തരവിട്ടത്. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം ആയിരുന്നു നടപടി. മേൽക്കോടതികളെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ജലീൽ രാജിവച്ചു. സംസ്ഥാന ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രനെ നിയമിച്ചതിനെതിരെ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ.മുഹമ്മദ് ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.

ഇതേ തിരിച്ചടി രണ്ടു കേസുകളിൽ ഉണ്ടാകുമെന്ന ആശങ്കയാണ് നിയമഭേദഗതിക്കു പിന്നിലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജലീലിനെതിരെ നടപടിയെടുത്തത്. സ്വജനപക്ഷപാതം കാണിച്ച മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ലോകായുക്ത വിധിച്ചാൽ ഉത്തരവ് നടപ്പിലാക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. അക്കാര്യം ചട്ടം 12(3) അനുസരിച്ച് മുഖ്യമന്ത്രിയെ അറിയിക്കും. കാവൽ മന്ത്രിസഭയാണെങ്കിലും വിധി നടപ്പിലാക്കണം. മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്തെങ്കിൽ ഗവർണറാണ് തീരുമാനം എടുക്കേണ്ടത്.

2006 ജനുവരിയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന കെ.കെ.രാമചന്ദ്രൻ എതിരായ ഉത്തരവുണ്ടാകുന്നതിന് മുൻപ് രാജിവച്ചിരുന്നു. 2 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും 14–ാം വകുപ്പ് അനുസരിച്ച് ലോകായുക്ത ഉത്തരവിട്ടിരുന്നു. എന്നാൽ, പുതിയ നിയമഭേദഗതിയിലൂടെ ഇതിനെയെല്ലാം മറികടക്കാൻ സർക്കാരിനാകും. സർക്കാരിന്റെ താൽപര്യം അനുസരിച്ച് വിധി നടപ്പിലാക്കാനോ തള്ളിക്കളയാനോ കഴിയും.

English Summary: Lokayukta considering two cases against Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com