ADVERTISEMENT

മണ്ണാർക്കാട് (പാലക്കാട്) ∙ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്. നീതി വൈകുന്നതിൽ കടുത്ത നിരാശയും വേദനയുമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. മകനെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. സർക്കാർ നീതി നടപ്പാക്കുമെന്ന പ്രതീക്ഷയും ഇവർക്കുണ്ടായിരുന്നു. 

മധു മരിച്ചു 4 വർഷം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയും വിചാരണ തുടങ്ങാൻ കഴിയാത്തത് ഗുരുതര വീഴ്ചയെന്നാണ് കുടുംബം പറയുന്നത്. നീതി അകലുന്നതിന്റെ ആശങ്കയിലാണ് സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുന്നത്. തുടക്കം മുതൽ കേസിലെ നിയമ നടപടികൾ വൈകിയിരുന്നു. സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞാണു പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്, അതും മധുവിന്റെ അമ്മ മല്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ. 

മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ ജില്ലാ കോടതിയില്‍ മധുവിനായി ഇതുവരെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ഇത് ഗൗരവമായി കാണുന്നുവെന്നും കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും നിയമ മന്ത്രി പി.രാജീവ് പ്രതികരിച്ചു. കേസിൽ കുടുംബത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്ത്  പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി.എ.ഷാജി പറ‌ഞ്ഞു.

ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഇതിനായി ചുമതലപ്പെടുത്തിയതായി ഡിജിപിയും അറിയിച്ചു. 2018 ഫെബ്രുവരി 22നാണ് 27കാരനായ ആദിവാസി യുവാവ് മധു അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഭക്ഷണ സാധനം മോഷ്ടിച്ചെന്ന കുറ്റം ആരോപിച്ചായിരുന്നു പരസ്യ വിചാരണയും കൊലപാതകവും. 

English Summary: Family moves HC demanding CBI probe in Attappadi Madhu murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com