ADVERTISEMENT

കാസർകോട്∙ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ഉയർത്തിയ ദേശീയ പതാക തലകീഴായി ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീഴ്ച സംഭവിച്ചതു പൊലീസിനെന്നു റവന്യു വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ അഴിച്ചു കൊടുക്കുന്ന ആൾക്കു വീഴ്ച സംഭവിച്ചതായാണു വിലയിരുത്തൽ. രണ്ട് പൊലീസുകാർക്കു വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പ് റിപ്പോർട്ട് നൽകി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും മേലുദ്യോഗസ്ഥനു റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

പതാകയും കൊടിമരവുമെല്ലാം വൃത്തിയാക്കി പതാക ഉയർത്തൽ ദിവസത്തേക്കു സജ്ജമാക്കേണ്ട ചുമതല റവന്യു വകുപ്പിനാണ്. കാസർകോട് വില്ലേജ് ഓഫിസർക്കാണ് ഈ ഉത്തരവാദിത്തമുണ്ടായിരുന്നത്. പിന്നീടു പതാക കെട്ടുന്നതും ഉയർത്തുന്നതുമെല്ലാം പൊലീസിന്റെ മേൽനോട്ടത്തിലാണ്. ഉയർത്തലിനു മുൻപ് റിഹേഴ്സലും നടത്തണം. വെള്ളത്തുണി ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തി എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കണം. അതിനു ശേഷമേ പതാക ഉയർത്താനുള്ള അന്തിമ അനുമതി നൽകാറുള്ളു. മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തുമ്പോൾ ഏതു കയറാണു വലിക്കേണ്ടതെന്നു ചൂണ്ടിക്കാണിക്കേണ്ടതും പൊലീസിൽ നിന്നു ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന സമയത്തും പതാക തലകീഴായി പോയ കാര്യം മന്ത്രിയോ പൊലീസോ വകുപ്പ് ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചില്ല.

എഡിഎമ്മിനെ മാറ്റിയേക്കും

അതേസമയം ജില്ലാ ഭരണകൂടത്തിലെ വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഡിഎമ്മിനെ മാറ്റിയേക്കുമെന്നു സൂചനയുണ്ട്. ഇതിന‍ുള്ള നടപടികൾ സർക്കാർ തലത്തിൽ നടക്കുന്നതായാണു വിവരം. ആർഡിഒ അഥുൽ പി.നാഥ് പുതിയ എഡിഎം ആകാനാണു സാധ്യത. എഡിഎമ്മിനെ മാറ്റുന്ന കാര്യത്തിൽ ഉടനെ തീരുമാനം വന്നേക്കും. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഫെബ്രുവരി രണ്ടുവരെ അവധിയിലാണ്.

നേരത്തേ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ദിവസം ജില്ലയിൽ പൊതു പരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതടക്കം ജില്ലാ ഭരണകൂടത്തിന്റെ ചില നടപടികൾ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

ഗൂഡാലോചനയെന്ന് ഐഎൻഎൽ

വിഷയത്തിൽ ഗൂഡലോചനയടക്കം വല്ലതും സംഭവിച്ചോയെന്നു വിശദമായ അനേഷണം നടത്തി അതു വെളിച്ചത്തു കൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സീകരിക്കണമെന്നും ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ആവശ്യപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്ത നിർഭാഗ്യകരമായ കാര്യമാണിത്. ഉദ്യോഗസ്ഥന്മാരുടെ കൃത്യവിലോപം മൂലം ഉണ്ടായതിനു മന്ത്രിയെ പഴിക്കുന്നതിൽ ഒരു ന്യായികരണവുമില്ലെന്നും അതിനെ രാഷ്ട്രീയ പ്രശ്നമായി ചിലർ ഉയർത്തി കാണിക്കുന്നതു ദുരൂഹത നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

English Summary: National flag upside down, revenue department report against police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com