ADVERTISEMENT

മുസഫര്‍നഗര്‍∙ ഇന്ത്യയുടെ ‘ഷുഗര്‍ ബൗള്‍’ എന്ന വിളിപ്പേരുണ്ട് ഉത്തര്‍പ്രദേശിന്. രാജ്യത്തെ ഏറ്റവും വലിയ കരിമ്പ് ഉത്പാദക സംസ്ഥാനമാണ് യുപി. 45 ലക്ഷത്തോളം കർഷകരുണ്ടെന്നാണ് കണക്ക്. പശ്ചിമ യുപിയിലാണ് ഏറ്റവുമധികം കരിമ്പ് ഉത്പാദിപ്പിക്കുന്നത്. യുപിയിൽ കർഷകർ നേരിടുന്ന പ്രതിസന്ധി യുപിയിലെ മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്.

വന്‍കിട മില്ലുകള്‍ കര്‍ഷകര്‍ക്കു 12,000 കോടി രൂപയാണ് നല്‍കാനുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കരിമ്പ് വിലയില്‍ കാര്യമായ വര്‍ധനയില്ലാത്തതിലും കര്‍ഷകര്‍ കടുത്ത അതൃപ്തിയിലാണ്. കരിമ്പ് കർഷകരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിയും കടലാസിൽ ഒതുങ്ങുന്നതും ജനരോഷം ഉയരാൻ കാരണമായി. 

ഷംലി, മുസഫര്‍നഗര്‍, സഹാറൻപുർ, മീററ്റ്  തുടങ്ങിയ പ്രദേശങ്ങളില്‍ പടര്‍ന്ന് നില്‍ക്കുന്നത് ഏക്കറുകണക്കിന് കരിമ്പ് പാടങ്ങളാണ്. വിളവെടുപ്പിന്‍റെ കാലമാണിപ്പോള്‍. കരിമ്പുകള്‍ നിറച്ച ട്രക്കുകളും ട്രാക്ടറുകളും റോഡുകളില്‍ നിറഞ്ഞിരിക്കുന്നു. വന്‍കിട മില്ലുകള്‍ക്ക് മുമ്പില്‍ കരിമ്പ് നിറച്ച വാഹനങ്ങളുടെ നീണ്ട നിരയും കാണാം. തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉള്ളില്‍ അടക്കിപ്പിടിച്ച രോഷം കര്‍ഷകര്‍ അഴിച്ചുവിട്ടു. പണം കൊടുത്തു തീർക്കാത്ത മില്ലുകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന യോഗിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും കർഷകർ വിമർശിക്കുന്നു. 

ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ പോലും കരിമ്പ് കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് തുറന്നു സമ്മതിക്കുന്നു. അതേസമയം, കുടിശ്ശിക ഏറ്റവും കൂടുതല്‍ കൊടുത്തത് തീര്‍ത്തത് യോഗി സര്‍ക്കാരാണെന്ന് കരിമ്പ് കൃഷിയുടെ ചുമതലയുള്ള മന്ത്രി സുരേഷ് റാണ അവകാശപ്പെടുന്നു.

English Summary: Sugarcane farmers are upset in Western UP, Dues May Influence Electoral Outcome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com