തോട്ടണ്ടി ഇറക്കുമതി കേസ്: എംഡിയെ മാറ്റാൻ പാർട്ടി അനുമതി തേടി പി.രാജീവ്

1248-p-rajeev
പി.രാജീവ്
SHARE

തിരുവനന്തപുരം∙ ഇറക്കുമതി ചെയ്ത ഗുണമേൻമയില്ലാത്ത തോട്ടണ്ടി വ്യാപാരികളിൽനിന്ന് വാങ്ങി കാപെക്സിനു (കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) വൻ സാമ്പത്തിക നഷ്ടം വരുത്തിയ എംഡി: ആർ.രാജേഷിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ നടപ്പിലാക്കാൻ പാർട്ടി അനുമതി തേടി മന്ത്രി പി.രാജീവ് കത്തു നൽകി. ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്നും നടപടികൾ വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ഉത്തരവിനെ അട്ടിമറിച്ച് 2018, 19 വർഷങ്ങളിൽ തോട്ടണ്ടി വാങ്ങിയതു സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കാപെസ്കിനുണ്ടായ കോടികളുടെ നഷ്ടം രാജേഷിൽനിന്ന് ഈടാക്കണമെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തത്. വയനാട്ടിലെ കർഷകനിൽനിന്നും തോട്ടണ്ടി വാങ്ങുകയാണെന്ന വ്യാജേന തമിഴ്നാട്ടിലെ കമ്പനിയിൽനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തു അഴിമതി നടത്തിയത് ഇ വേ ബില്ലുകൾ പരിശോധിച്ചാണ് ധനകാര്യപരിശോധനാ വിഭാഗം പുറത്തുകൊണ്ടുവന്നത്. 

കർഷകരിൽനിന്നും തോട്ടണ്ടി സംഭരിക്കുന്നതിനു പകരം പിഡബ്ലുഡി കരാറുകാരനിൽനിന്ന് തോട്ടണ്ടി സംഭരിച്ചതിനു 2019  മെയ് 29നാണ് അന്വേഷണം ആരംഭിച്ചത്. 2018ൽ കിലോയ്ക്ക് 138രൂപ നിരക്കിലാണ് തോട്ടണ്ടി ശേഖരിക്കാൻ തീരുമാനിച്ചിരുന്നത്. ഡയറക്ടർ ബോർഡ് യോഗം ചേരുന്ന ദിവസം മാനന്തവാടി സ്വദേശിയായ ഷിബു താൻ പാട്ടത്തിനെടുത്ത 10 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുകയാണെന്നും 400 മെട്രിക് ടൺ (175 കൗണ്ട്) പച്ച തോട്ടണ്ടി കിലോയ്ക്ക് 138രൂപ നിരക്കിൽ തരാമെന്നും അറിയിച്ചു. എന്നാൽ എംഡി ഇടപെട്ട് ഇത് 125 കൗണ്ടായി കുറയ്ക്കുകയും കിലോയ്ക്ക് 138 എന്നത് 138രൂപയും ജിഎസ്ടിയും എന്നാക്കുകയും ചെയ്തു. തോട്ടണ്ടി വാങ്ങുന്നതു സംബന്ധിച്ച് മാധ്യമങ്ങളിൽ അറിയിപ്പു നൽകാതെയാണ് ഷിബുവിനെ തിരഞ്ഞെടുത്തത്. കർഷകനു ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ലെന്നിരിക്കേ ജിഎസ്ടി നിരക്കിൽ നൽകാനും തയാറായി.

കൂത്തുപറമ്പ് പാലാപ്പറമ്പിലെ തോട്ടത്തിൽ വിളവെടുത്ത കശുവണ്ടി കാലാവസ്ഥ പ്രതികൂലമായതിനാൽ വെയിലിൽ ഉണക്കിയെടുക്കാൻ കഴിയാതെ സംഭരണ ശാലയിൽ വിതറിയിടുന്നു.

തോട്ടണ്ടി നൽകാനുള്ള തോട്ടം ഉണ്ടെന്ന് റവന്യൂവിൽനിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് 9.8169 ഹെക്ടർ പുരയിടത്തിൽ തോട്ടണ്ടി കൃഷി ഉണ്ടെന്നു ഷിബു സർട്ടിഫിക്കറ്റ് നൽകി. എന്നാൽ, പുരയിടത്തിൽനിന്ന് 400 മെട്രിക് ടൺ തോട്ടണ്ടി ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയില്ല. ഇക്കാര്യം എംഡിയായ രാജേഷ് ഡയറക്ടർ ബോർഡിൽനിന്ന് മറച്ചുവച്ചു. കശുമാവ് കൃഷിയുള്ളതായി ഷിബു പറഞ്ഞിരുന്ന സ്ഥലത്ത് ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയപ്പോൾ ആകെ 16 കശുമാവാണ് ഉണ്ടായിരുന്നത്. 5 വർഷമായി ഈ സ്ഥലത്ത് കശുമാവ് കൃഷി ഇല്ലെന്നു വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തി. ഒരു ടൺ തോട്ടണ്ടിപോലും നൽകാൻ കഴിയാത്ത ആളാണ് ഷിബുവെന്ന് ഇതിലൂടെ വ്യക്തമായി. 

kollam-cashew-nut

തോട്ടണ്ടി നൽകിയതിനു 5,51,23,761 രൂപയാണ് എംഡി ഷിബുവിനു നൽകിയത്. ഷിബുവിന് കരാർ നൽകിയതു മുതൽ എംഡി സ്ഥാപനത്തെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.  ഷിബു കർഷകനല്ലെന്ന് എംഡിക്ക് അറിയാമായിരുന്നു.  ബില്ലുകൾ പരിശോധിക്കാതെയും ഡയറക്ടർ ബോർഡിനെ അറിയിക്കാതെയുമാണ് എംഡി ഒത്തുകളി നടത്തിയത്. തോട്ടണ്ടി ഇടപാടിൽ നഷ്ടം ഉണ്ടായതായി തെളിഞ്ഞാൽ‌ ക്രിമിനൽ നടപടി അടക്കം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് രാജേഷിന്റെ സസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ, ഒരു അച്ചടക്ക നടപടിയും ഇതുവരെ ഉണ്ടായില്ല.

English Summary: KSCDC Corruption case follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS