കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി കൂടി 'സി' കാറ്റഗറിയില്‍; കടുത്ത നിയന്ത്രണങ്ങള്‍

ഞായറാഴ്ച ലോക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ് താമരശ്ശേരിയിൽ വാഹന പരിശോധന നടത്തുന്നു. (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി  കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളെകൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉൾപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. 

ഇവിടെ പൊതുപരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ. ഡിഗ്രി– പിജി അവസാന സെമസ്റ്റർ, 10, പ്ലസ് ടു ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈനായി മാത്രമേ അനുവദിക്കൂ.  ഇതോടെ തിരുവനന്തപുരം ഉള്‍പ്പെടെ 5 ജില്ലകളാണ് സി കാറ്റഗറിയില്‍ ആയിരിക്കുന്നത്. നിലവിൽ കോട്ടയം ജില്ല എ കാറ്റഗറിയിലും മറ്റു ജില്ലകൾ ബി കാറ്റഗറിയിലും ആണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐസിയു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കരുതല്‍ വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുൻപു രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും  മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

അതേ സമയം മലപ്പുറത്തും കോഴിക്കോടും രോഗികളുടെ എണ്ണം ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുക. നിലവില്‍ തിരുവനന്തപുരം മാത്രമാണ് ‘സി’ വിഭാഗത്തിലുളളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു. ആശുപത്രി സൗകര്യങ്ങള്‍ കുറവായ ഇടുക്കിയില്‍ 377 പേരാണ് ചികിത്സയിലുളളത്. 17 ഐസിയു കിടക്കകളും 23 ഒാക്സിജന്‍ കിടക്കകളുമാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളില്‍ രോഗികളുണ്ട്.

കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികള്‍ ചികിത്സയിലുണ്ട്. ആകെ രോഗികള്‍ 21,249 ആയി ഉയര്‍ന്നു. 12,434 പേര്‍ പോസിറ്റീവായ പത്തനംതിട്ടയില്‍ 677 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കോവിഡ് കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു. കാറ്റഗറി ഒന്നിലുളള മലപ്പുറത്തും നിയന്ത്രണങ്ങളില്‍ ഇതുവരെപെടാത്ത കോഴിക്കോടും രോഗബാധിരുടെ എണ്ണമുയരുന്നുണ്ട്. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

English Summary: Covid restriction in more Districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA