ADVERTISEMENT

തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കൂടുതല്‍ കടമെടുക്കാനുള്ള അനുമതി നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.  

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് മുന്നില്‍ കേരളം സമര്‍പ്പിച്ചു. കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം പരിഗണിച്ചുവേണം ബജറ്റിലെ പ്രഖ്യാപനങ്ങളെന്നതാണ് പ്രധാന ആവശ്യം. 

കാര്‍ഷിക, ചെറുകിട വ്യവസായമേഖലകള്‍ക്കായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജ് വേണം. കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകാന്‍ കൂടി ഉദ്ദേശിച്ചുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ട അനുമതികള്‍ നല്‍കണം. വന്‍കിട അടിസ്ഥാനസൗകര്യപദ്ധതികള്‍ക്കായി വിപണിയില്‍നിന്ന് എടുക്കുന്ന വായ്പകളെ ധനകാര്യ ഉത്തരവാദിത്വനിയമത്തില്‍നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനെ നൂറുശതമാനം കേന്ദ്രം ഫണ്ട് ചെയ്യുന്ന പദ്ധതിയാക്കി മാറ്റണം. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം ഉയര്‍ത്തണം.  ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടണം. നികുതി വിഹിതം വെട്ടിക്കുറച്ചതുവഴി കേരളത്തിനുണ്ടായ നഷ്ടം നികത്തണം. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് പോലെയുള്ള സഹായങ്ങള്‍ തുടരുകയും വേണം.

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലുറപ്പ് ദിനങ്ങളുടെ എണ്ണവും കൂലിയും വര്‍ധിപ്പിക്കണം. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, മലബാര്‍ ക്യാന്‍സര്‍ സെന്‍ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇത്തവണയും കേരളം ഉന്നയിച്ചിട്ടുണ്ട്.

English Summary: Minister KN Balagopal seeks Centre's support for Silverline Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com