ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത ഓര്‍ഡിനന്‍സിനെ ചൊല്ലി സിപിഎം–സിപിഐ തര്‍ക്കം മുറുകുന്നു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായി അവകാശമുണ്ടെന്ന് കാനം രാജന്ദ്രന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ലേഖനത്തിലൂടെ മറുപടി നല്‍കി. ഗവര്‍ണര്‍ വഴി ഇടപെട്ട് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചതിക്കുഴി നിലവിലെ നിയമത്തിലുണ്ടെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷത്തിന് പ്രത്യക്ഷത്തിലും കാനത്തിന് പരോക്ഷവുമായ മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനം. തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് പകരം നിയമസഭയില്‍ ബില്ലായി കൊണ്ടുവരാമായിരുന്നു എന്ന് കാനം കഴിഞ്ഞദിവസം നടത്തിയ പരസ്യപ്രതികരണം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായി അവകാശമുണ്ടെന്നാണ് കോടിയേരിയുടെ മറുപടി. ഓര്‍ഡിനന്‍സ് ഇറക്കേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടെന്നും കോടിയേരി വിശദീകരിച്ചു. 

ഗവര്‍ണര്‍ വഴി ഇടപെട്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചതിക്കുഴി നിലവിലെ ലോകായുക്തനിയമത്തിലുണ്ട്. കേന്ദ്രഭരണകക്ഷിയുടെ ഇടങ്കോലിടല്‍ രാഷ്ട്രീയത്തിന് വഴിതുറന്നിടുന്ന വ്യവസ്ഥ നിയമത്തിലുണ്ട്. എന്നാല്‍ തന്‍റെ ചോദ്യത്തിന് കോടിയേരി മറുപടി നല്‍കിയിട്ടില്ലെന്ന് കാനം തുറന്നടിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കോടിയേരി ചൂണ്ടിക്കാണിച്ച രാഷ്ട്രീയ കാരണവും കാനം രാജേന്ദ്രന്‍ തള്ളി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടണം. അതിന് നിയമം മാറ്റുകയല്ല വേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

kerala-lokayuktha

ഓര്‍ഡിനന്‍സിനെ എന്തുകൊണ്ട് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തില്ലെന്ന ചോദ്യത്തോട് അത് അവരോടു ചോദിക്കണമെന്നു പറഞ്ഞ് കാനം പാര്‍ട്ടി നേതൃത്വത്തിന്‍റെ അതൃപ്തി പരസ്യമാക്കി. പ്രശ്നത്തിന്‍റെ ഗൗരവം മന്ത്രിമാര്‍ ബോധ്യപ്പെടുത്തിയില്ലെന്ന പാര്‍ട്ടിനേതൃത്വത്തിന്‍റെ അതൃപ്തിയാണ് കാനത്തിന്‍റെ വാക്കുകളില്‍. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഇടതുമുന്നണി ചര്‍ച്ച ചെയ്യേണ്ട പ്രശ്നമായിരുന്നെന്നു പറഞ്ഞ് കെ.പ്രകാശ്ബാബുവും സിപിഐയുടെ കടുത്ത വിയോജിച്ച് പരസ്യപ്പെടുത്തി. പ്രതിപക്ഷത്തിനൊപ്പം ഭരണമുന്നണിയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും ഒരുപോലെ മറുപടി പറയേണ്ട സ്ഥിതിയിലായി സിപിഎം.

English Summary: CPM-CPI rift in Lokayukta Ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com