ADVERTISEMENT

കോഴിക്കോട്/ബെംഗളൂരു ∙ വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു ഒളിച്ചോടി ബെംഗളൂരുവിലെത്തിയ ആറു പെണ്‍കുട്ടികളിൽ ഒരാൾകൂടി പിടിയിലായതായി സൂചന.സ്വകാര്യബസില്‍ നാട്ടിലേക്കു വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെണ്‍കുട്ടിയെ പിടികൂടിയത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അമ്മയുടെ നമ്പരാണ് പെണ്‍കുട്ടി നല്‍കിയത്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ അമ്മ ഫോണെടുത്ത് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തന്റെ ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്കു പോയിട്ടുണ്ടാകാമെന്നാണ് പിടിയിലായ പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്.

ഇന്നലെ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന 2 യുവാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ യുവാക്കള്‍ കൊല്ലം, തൃശൂര്‍ സ്വദേശികളെന്നാണ്  സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ യുവാക്കളെത്തി അന്വേഷിച്ചതിനുശേഷമാണ് നാലരയോടെ പെണ്‍കുട്ടികളുമായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്യാനെത്തിയത്. 

സംശയം തോന്നി ഹോട്ടല്‍ അധികൃതര്‍ തടഞ്ഞു വച്ചതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇവരില്‍ ഒരാളെ മഡിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. മഡിവാള മാരുതിനഗറിലെ സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ മുറിയെടുക്കാന്‍ എത്തിയ ഇവരുടെ കൈയില്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞുവച്ച്  പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തും മുന്‍പേ 5 പെണ്‍കുട്ടികള്‍ ജീവനക്കാരെ വെട്ടിച്ച് ഓടിപ്പോയി. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘവും ബെംഗളൂരുവിലെത്തി.

26 നു വൈകിട്ട് 5 മണിയോടെയാണു 15 നും 17 നും ഇടയില്‍ പ്രായമുള്ള ആറു പെണ്‍കുട്ടികളെ കാണാതായ വിവരം ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ അറിയുന്നത്. പരിസരങ്ങളിലെല്ലാം തിരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നു 7 മണിയോടെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് രാത്രി മുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടാണു ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ഇവരില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരും ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരിയുമാണ്. രണ്ടു പേര്‍ സഹോദരിമാരുമാണ്. ബാലാവകാശ കമ്മിഷന്‍ കേസെടുക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

English Summary: Girls missing from Kozhikode found in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com