ADVERTISEMENT

ചെന്നൈ ∙ കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ തമിഴ്നാട്ടിലെ ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി. നിലവിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്നു മുതൽ ഇൗ നിയന്ത്രണവും നീക്കി. ഫെബ്രുവരി 1 മുതൽ എല്ലാ ക്ലാസുകളും കോളജുകളും തുറക്കും. ഇന്നു മുതൽ രാത്രികാല കർഫ്യൂ ഇല്ല. ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗണും ഒഴിവാക്കി. എന്നാൽ, പൊതുയോഗങ്ങൾക്കും ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങൾ തുടരും. ഹോട്ടലുകളിലും തിയറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. നിലവിൽ ചെന്നൈ അടക്കമുള്ള ജില്ലകളിലെ കോവിഡ് കേസുകൾ കുറയുന്നുണ്ട്. 20% ആണ് ഇന്നലത്തെ ടിപിആർ. 

10, പ്ലസ്ടു വിദ്യാർഥികൾക്കുള്ള പൊതുപരീക്ഷ ഇത്തവണ ഒഴിവാക്കില്ലെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് മേയിൽ നടത്താനാണു തീരുമാനം. ആദ്യ റിവിഷൻ ടെസ്റ്റ് ഈ മാസം മൂന്നാം വാരത്തിലും രണ്ടാമത്തേത് മാർച്ചിലും നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപിച്ച് സ്കൂളുകൾ അടച്ചതോടെ ഈ പരീക്ഷകൾ മാറ്റി വച്ചിരിക്കുകയാണ്. സ്കൂൾ തുറക്കലിനു മുന്നോടിയായി പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി മന്ത്രി യോഗം ചേർന്നു. 

മറ്റു പ്രധാന നിർദേശങ്ങൾ 

∙ സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സമ്മേളനങ്ങൾ പോലുള്ള പൊതുയോഗങ്ങൾക്ക് നിരോധനം തുടരും. 

∙ കിന്റർഗാർട്ടനുകൾ (പ്ലേ സ്കൂളുകൾ), നഴ്സറി സ്കൂളുകൾ പ്രവർത്തിക്കാൻ അനുവാദമില്ല. 

∙ പ്രദർശനങ്ങൾക്കും കലാമേളകൾക്കും അനുമതിയില്ല 

∙ റസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ 50% പേർക്കു മാത്രം ഒരു സമയത്ത് പ്രവേശനം 

∙ വിവാഹവും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികൾക്കും പരമാവധി 100 പേർ മാത്രം. 

∙ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ അനുവദിക്കില്ല. 

∙ തിയറ്ററുകൾ, ജിംനേഷ്യം, സ്പോർട്സ് ക്ലബ്ബുകൾ, ഇൻഡോർ കായിക മൽസരങ്ങൾ എന്നിവയ്ക്കും 50 ശതമാനം കാണികൾ മാത്രം. 

∙ സലൂണുകളിലും ജ്വല്ലറി, വസ്ത്ര ശാലകളിലും 50 ശതമാനം പേർക്കു മാത്രം ഒരു സമയത്തു പ്രവേശനം. 

English Summary: Tamil Nadu lifts Covid restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com