ADVERTISEMENT

കോഴിക്കോട് ∙ വിദേശയാത്രയ്ക്കു സ്വകാര്യ ലാബിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ യുവതിയും മക്കളും രണ്ടു തവണ കോവി‍ഡ് ആർടിപിസിആർ പരിശോധന നടത്തിയതിൽ രണ്ടും നെഗറ്റീവ്. ആശ്വാസത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി രാത്രി യാത്രതിരിക്കാൻ മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ നടത്തിയ റാപിഡ് പിസിആർ പരിശോധനയിൽൽ പോസിറ്റീവ്. യാത്ര മുടങ്ങി ദുരിതത്തിലായ കുടുംബം പുറത്തെത്തി വീണ്ടും റാപിഡ് പിസിആർ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്. കോവിഡ് പരിശോധന ഫലങ്ങളിലെ വ്യത്യാസം മൂലം ദുരിതത്തിലായ കുടുംബത്തെ യാത്രയും മുടങ്ങി യാത്രാ പണവും നഷ്ടപ്പെട്ട അവസ്ഥയിൽ അര്‍ധരാത്രി വിമാനത്താവളത്തിൽനിന്നും പുറത്താക്കി.

 

കോഴിക്കോട് അരീക്കാട് സ്വദേശിയായ വീട്ടമ്മ റുക്സാനയും മൂന്നു കുട്ടികളുമാണ് ദുബായിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അര്‍ധരാത്രിയോടെ മടങ്ങേണ്ടി വന്നത്. ദുബായിൽ ഐടി കമ്പനിയിൽ ജീവനക്കാരനായ ഭർത്താവിനടുത്തേക്കു പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര ബിസിനസ് ക്ലാസിലായതിനാൽ ഒന്നരലക്ഷത്തോളം രൂപ ടിക്കറ്റിനായി ഓൺലൈനിൽ നൽകി. ഫെബ്രുവരി രണ്ടിനു രാത്രി 11 മണിക്ക് കരിപ്പൂരിൽ നിന്നായിരുന്നു വിമാനം. 

 

ദുബായിലേക്ക് പുറപ്പെടും മുൻപ് റാപിഡ് പിസിആർ പരിശോധനാ ഫലം നിർബന്ധമായതിനാൽ കോവിഡ് ഇല്ലെന്ന് ഉറപ്പിക്കാൻ അരയിടത്തുപാലത്തെ സ്വകാര്യ ലാബിൽ നിന്നും യുവതിയും കുട്ടികളും ജനുവരി 31നു വൈകിട്ട് 7.30നും ഫെബ്രുവരി ഒന്നിനു രാത്രി 8.45 നും ആർടിപിസിആർ പരിശോധന നടത്തി. രണ്ടിലും നെഗറ്റീവ് എന്ന് ഫലം ലഭിച്ചു. യാത്രപുറപ്പെടേണ്ട ഫെബ്രുവരി രണ്ടിനു കരിപ്പൂർ വിമാനത്താവളത്തിൽ രാത്രി 7.11 ന് ഇതേ സ്ഥാപനത്തിന്റെ ലാബിൽ റാപിഡ് പിസിആർ ടെസ്റ്റ് നടത്തി. യാത്ര പുറപ്പെടാൻ മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ ലഭിച്ച ഫലം പോസിറ്റീവ്.

 

മണിക്കൂറുകൾക്കിടയിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലെ വൈരുധ്യം ചോദിച്ചപ്പോൾ ലാബ് അധികൃതർ കൈമലർത്തി. തുടർന്ന് വിമാനക്കമ്പനി പ്രതിനിധികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോണെടുത്തില്ലെന്നും യുവതി പറഞ്ഞു. ഒടുവിൽ വിമാനം പുറപ്പെട്ടതോടെ യുവതിയേയും കുട്ടികളേയും വിമാനത്താവളത്തിൽനിന്നും പുറത്താക്കി. 

 

അര്‍ധരാത്രിയോടെയാണ് എന്തുചെയ്യണമെന്നറിയാതെ ഇവർ വീട്ടിലേക്കു മടങ്ങിയത്. രാവിലെ വീണ്ടും വിമാനക്കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് സ്വകാര്യ ലാബിലെ പരിശോധനയിൽ സംശയം തോന്നി കോഴിക്കോട് നഗരത്തിലെ ലാബിൽ ഇവർ വീണ്ടും റാപിഡ് പിസിആർ ‍ടെസ്റ്റ് നടത്തി. വൈകീട്ട് ഫലം വന്നപ്പോൾ നെഗറ്റീവ്. 

 

സ്വകാര്യ ലാബുകളിലെ മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ നടത്തുന്ന പരിശോധനകളിൽ കോവിഡ് വൈറസ് റിപ്പോർട്ട് മാറിവരുന്ന സാഹചര്യം അന്വേഷിക്കണമെന്നും വിദേശ യാത്രയ്ക്ക് പോകുന്ന യുവതികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും കരിപ്പൂർ എയർപോർട്ട് ഡയറക്ടർക്കും പരാതി നൽകിയതായി റുക്സാന പറഞ്ഞു.

 

English Summary: Different Covid test results in Private Lab and Airport; Family can't Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com