ADVERTISEMENT

ആംസ്റ്റർഡാം ∙ എച്ച്ഐവി വൈറസിന്റെ അതിമാരക വകഭേദം നെതർലൻഡ്സിൽ പതിറ്റാണ്ടുകളായി പകരുന്നുവെന്ന് കണ്ടെത്തി ഗവേഷകർ. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറൽ കണങ്ങളുടെ എണ്ണം കൂടുകയും അവരിൽനിന്ന് വൈറസ് പകരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദമെന്നാണ് കണ്ടെത്തൽ.

‘ബീഹൈവ്’ എന്ന പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. എച്ച്‌ഐവിയുടെ ജനിതകശാസ്ത്രവും രോഗ തീവ്രതയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതു ലക്ഷ്യമിട്ടായിരുന്നു പ്രോജക്റ്റ്. യുഗാണ്ടയിലെയും യൂറോപ്പിലെ എട്ടു രാജ്യങ്ങളിലെയും ആളുകളിൽനിന്നുള്ള എച്ച്ഐവി സീക്വൻസുകളുടെ ഡേറ്റാബേസുകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

വിബി വകഭേദം എന്നറിയപ്പെടുന്ന ‍പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. 1990 മുതൽ വകഭേദം പടരുന്നതായാണ് അനുമാനം. 2000 മുതൽ രോഗികൾ വർധിക്കുകയും 2008 മുതൽ കുറയുകയും ചെയ്തു.

എച്ച്‌ഐവി വൈറസിന്റെ മറ്റു വകഭേദങ്ങൾ ബാധിച്ചവരേക്കാൾ വളരെ വേഗത്തിൽ എയ്ഡ്‌സായി വികസിക്കാനുള്ള കഴിവ് വിബി വകഭേദത്തിനുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ഇതു കുറയ്ക്കുന്നു. ഈ വകഭേദത്തിന്റെ വൈറല്‍ ലോഡും കൂടുതലാണ്. 3.5 മുതൽ 5.5 വരെയാണ് ഇത്. വൈറസ് ബാധിച്ച വ്യക്തിക്ക് വളരെ വേഗം മറ്റൊരാളിലേക്ക് പകർത്താനാകും.

എന്നാൽ ചികിത്സ ആരംഭിച്ചാൽ പ്രതിരോധ ശേഷി വർധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മറ്റു വകഭേദത്തോട് സമാനമായിരിക്കുമെന്നും ഗവേഷകർ പറയുന്നു. നേരത്തേതന്നെ ഈ വൈറസിന്റെ ബാധ കണ്ടെത്തേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി.

പുതിയ ഇനം ബാധിച്ചുകഴിഞ്ഞാൽ വളരെ വേഗത്തിൽ അതു രോഗിയുടെ സ്വാഭാവിക പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകൾ പോലും പ്രതിരോധിക്കാൻ പിന്നീട് മനുഷ്യശരീരത്തിനു കഴിയില്ല. എയ്ഡ്സ് എന്ന രോഗാവസ്ഥയിലേക്ക് വളരെ വേഗം എത്തുമെന്നും പഠനത്തിൽ‌ പറയുന്നു.

English Summary: ‘VB’ is a new and more infectious variant of HIV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com